ട്രെന്‍ഡായി ജോലി ചാട്ടം, ലക്ഷ്യം മെച്ചപ്പെട്ട ശമ്പളം, സ്ഥാനക്കയറ്റം

confident
SHARE

ഒരു സ്ഥാപനത്തില്‍ ജോലിക്കായി ചെറുപ്പത്തിലേ കയറുക. പെന്‍ഷനാകും വരെ അവിടെ തുടരുക. പറ്റുമെങ്കില്‍ മക്കളെ ആരെയെങ്കിലും അതേ കമ്പനിയില്‍ തന്നെ ജോലിക്കു കയറ്റുക. ഇതായിരുന്നു പണ്ടൊക്കെ ഇന്ത്യയിലെ തൊഴിലാളികളുടെ പതിവ്. എന്നാല്‍ ഇന്ന് എവിടെയും ഉറച്ചു നില്‍ക്കാതെ ഒരു തൊഴിലില്‍ നിന്ന് അടുത്തതിലേക്ക് എന്ന മട്ടില്‍  നിരന്തരം ചാടിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ തൊഴില്‍സേന. ഈ ജോലി ചാട്ടം ഇന്ത്യയിലെ ഒരു പൊതു ട്രെന്‍ഡാണെന്നു തൊഴില്‍ പോര്‍ട്ടലായ ഇന്‍ഡീഡ് നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 

സര്‍വേ അനുസരിച്ചു 60 ശതമാനം ഇന്ത്യന്‍ ജോലിക്കാരും ഈ വിധത്തില്‍ ചാട്ടം പതിവാക്കിയവരാണ്. ഈ നൂറ്റാണ്ടിന്റെ തലമുറയിലാണ്(മില്ലേനിയല്‍ വര്‍ക്ക്‌ഫോഴ്‌സ്) ഈ ചാട്ടം വ്യാപകമായി നടക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത മില്ലേനിയല്‍ തലമുറയില്‍ 56 ശതമാനവും ഈ വിധം ജോലി ചാടിയിട്ടുള്ളവരാണ്. 

നിലവിലെ ജോലി സാഹചര്യങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത്, സന്തോഷകരമല്ലാത്ത തൊഴില്‍ ചുറ്റുപാടുകള്‍, കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു ജോലി എന്നിവയാണു ചാട്ടത്തിനു പ്രേരകമാകുന്ന മുഖ്യ കാരണങ്ങളെന്നു സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം ജോലി ചാട്ടത്തെ കാണുന്നതു പുതിയ നൈപുണ്യങ്ങള്‍ നേടാനുള്ള അവസരമായാണ്. ഇടയ്ക്കിടെ ജോലി മാറുന്നതു റെസ്യൂമെയ്ക്ക് കരുത്തു പകരുമെന്നു 43 ശതമാനം പേര്‍ കരുതുന്നു. അതേ സമയം പുരുഷന്മാരേക്കാൾ സ്ത്രീകളില്‍ ഈ തൊഴില്‍ മാറ്റ പ്രവണത കുറവാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

200 മുതല്‍ 500 വരെ ജീവനക്കാര്‍ ജോലി ചെയ്യുന്ന ഇടത്തരം കമ്പനകളിലാണ് ഈ ജോലി ചാട്ട ട്രെന്‍ഡ് കൂടുതല്‍ ദൃശ്യമാകുന്നത്. നിര്‍മ്മാണം പോലുള്ള പരമ്പരാഗത വ്യവസായങ്ങളെ അപേക്ഷിച്ച് ഐടി, ടെലികോം മേഖലകളില്‍ ഇതു കൂടുതലാണ്. 

ജീവനക്കാരെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ട ശമ്പളം, സ്ഥാനക്കയറ്റം പോലുള്ള ഘടകങ്ങള്‍ ഈ ജോലി മാറ്റത്തിലുണ്ട്. എന്നാല്‍ തൊഴില്‍ദാതാക്കള്‍ ഇതിനെ അത്ര നല്ല രീതിയിലല്ല വീക്ഷിക്കുന്നത്. നിരന്തരമായ ജോലി മാറ്റം ജീവനക്കാരന്റെ വിശ്വാസ്യതയില്ലായ്മയുടെ ലക്ഷണമാണെന്നു ഭൂരിപക്ഷം തൊഴില്‍ദാതാക്കളും അഭിപ്രായപ്പെടുന്നു. 

ഒന്ന്-ഒന്നര വര്‍ഷത്തില്‍ കുറഞ്ഞുള്ള തൊഴില്‍പരിചയമൊക്കെ ഹ്രസ്വകാല തൊഴിലാളിയുടെ ലക്ഷണമായിട്ടാണു തൊഴില്‍ദാതാക്കളില്‍ പലരും കാണുന്നത്. ഈയൊരു പ്രതീതി മാറ്റാനായി മാത്രം വേറെ ജോലി കിട്ടിയിട്ടും ഒരു കമ്പനിയില്‍ തന്നെ കുറച്ചു കാലം കൂടി തുടരുന്നവരും ഉണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA