sections
MORE

ഇന്റേർണിൽ നിന്നു മേധാവിയായി ഉയരാൻ 5 മാർഗങ്ങൾ

Tips
SHARE

ഇന്റേർൺഷിപ്പിനായി ഒരു സ്ഥാപനത്തിൽ ചേർന്നു പിന്നീട് അതിന്റെ മേധാവിയായി ഉയരുക എന്നത് ചില്ലറ കാര്യമല്ല. എന്നാൽ അതു അസാധ്യവുമല്ല. ജനറൽ മോട്ടേഴ്സ് പ്രസിഡന്റ് മാർക്ക് റിയസ്സിനെ പോലെ ഈ സ്വപ്നതുല്യ നേട്ടം കൈവരിച്ചവർ നിരവധി പേരുണ്ട്. ഇന്റർണിൽ തുടങ്ങി എക്സിക്യൂട്ടീവായി ഉയരാൻ റിയസ്സിനെ പോലുള്ളവരെ സഹായിച്ച ഒരു പിടി ഘടകങ്ങളുണ്ട്.

ഞാനൊരു പാവം ഇന്റേർണല്ല
ഇന്റേർണായി ജോലി ചെയ്യുന്നവർ പലപ്പോഴും തങ്ങളെ സ്ഥാപനത്തിന്റെ ഭാഗമായി കരുതാറില്ല. അയ്യോ, ഞാനൊരു പാവം ഇന്റേർണാണേ എന്ന മട്ടാണ് പലർക്കും. സ്ഥാപനത്തിൽ ഉയരാൻ ആഗ്രഹിക്കുന്നവർ ആദ്യം ഉപേക്ഷിക്കേണ്ടതും ഈ ഇന്റേൺ ടാഗാണ്. നിങ്ങളുടെ ജോലി താത്ക്കാലികമായിരിക്കാം. പക്ഷേ, അതിന്റെ പരിമിതികളെ കുറിച്ച് ആലോചിക്കാതെ നിങ്ങളുടെ ആശയങ്ങളിലും, നിങ്ങൾക്ക് എന്ത് ചെയ്യാനാവും എന്നതിലും, എങ്ങനെ സഹായിക്കാമെന്നതിലും ശ്രദ്ധയൂന്നൂ.

സ്വയം പരിചയപ്പെടുത്തുമ്പോൾ ഇന്റേൺ എന്ന പദം ഒഴിവാക്കാൻ ബോധപൂർവം യത്നിക്കണം. പകരം നിങ്ങൾ ആ സ്ഥാപനത്തിൽ വഹിക്കുന്ന ഉത്തരവാദിത്തത്തെ കുറിച്ചോ ചെയ്യുന്ന ജോലിയെ കുറിച്ചോ പറയാം. ഇനി സ്ഥാനപ്പേരു പറയണമെന്ന് ആരെങ്കിലും നിർബന്ധം പിടിച്ചാൽ മാത്രം " നിലവിൽ ഇന്റർണായി ജോലി ചെയ്യുന്നു " എന്നു പറയാം. 'ഞാൻ വെറുമൊരു ഇന്റേൺ " എന്നു പറയുന്നതും ഇതും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്.

സ്ഥാനമാനങ്ങളല്ല, തൊഴിൽ പരിചയം നേടൂ
പ്രഫഷണൽ യാത്രയിൽ പലർക്കും തിടുക്കം പ്രമോഷനും സ്ഥാനമാനങ്ങളും ലഭിക്കാനാണ്. എന്നാൽ അതിനെ കുറിച്ചാവരുതു കൂടുതൽ തൊഴിൽ പരിചയം നേടുന്നതിലാകണം ശ്രദ്ധ. മറ്റുള്ളവർ ഏറ്റെടുക്കാൻ മടിക്കുന്ന ബുദ്ധിമുട്ടേറിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ ശ്രമിക്കുക. പൊതുവേ ഗ്ലാമർ കുറഞ്ഞ അത്തരം ജോലികളാകും തൊഴിൽ പരിചയത്തിൽ നമ്മുടെ സർവകലാശാലകളായി തീരുക. കമ്പനിയെ കുറിച്ചു കൂടുതൽ അറിയാനും നമ്മുടെ കംഫർട്ട് സോണുകളുടെ പുറത്തേക്കിറങ്ങി സ്വയം വളരാനും ഇതു സഹായിക്കും.

പ്രശംസകളല്ല, ഉത്തരവാദിത്തങ്ങൾക്കായി കാതോർക്കൂ
പുതിയ കമ്പനിയും കരിയറും ചുറ്റുപാടുകളുമൊക്കെ നമുക്ക് ഉത്കണ്ഠയുണ്ടാക്കാം. നാം നന്നായി ജോലി ചെയ്യുന്നുണ്ടോ എന്നതു സംബന്ധിച്ച പ്രതികരണങ്ങൾ അറിയാനുള്ള വാസന സ്വഭാവികമായും ഉണ്ടാകും. എന്നാൽ നിരന്തരം പ്രശംസകളേറ്റു വാങ്ങാനായി ജോലി ചെയ്യരുത്. ജോലിയിൽ പ്രശംസയ്ക്ക് വലിയ അർത്ഥമില്ല. മറ്റുള്ളവർ നിങ്ങളുടെ ഒപ്പം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നോ ഇല്ലയോ എന്നതു മാത്രമാണ് കാര്യം. പുതിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിച്ചു നൽകാൻ അവർ നിങ്ങളെ വിശ്വസിക്കുന്നുണ്ടോ എന്നാണു നോക്കേണ്ടത്. നിങ്ങളുടെ വിജയം നിങ്ങളിൽ മറ്റുള്ളവർ അർപ്പിക്കുന്ന വിശ്വാസം കൊണ്ട് അളക്കണം; അവർ പറയുന്ന പൊള്ളയായ പ്രശംസാ വചനങ്ങളിലൂടെയല്ല.

സ്വന്തം പാതയൊരുക്കൂ
പഠിക്കുന്ന കാലത്തു വിജയത്തിലേക്ക് എത്തുന്നതിനുള്ള ഒരു പാത നിങ്ങൾക്കു മുന്നിലുണ്ടാകും. അക്കാര്യങ്ങളൊക്കെ യഥാവിധി ചെയ്തു ആ പാതയിലൂടെ നടന്നാൽ മാത്രം മതി വിജയിക്കാൻ. പക്ഷേ ബിസിനസ്സിൽ നിങ്ങളുടെ കരിയറിനെ വഴി തെളിക്കാനുള്ള തീരുമാനം എടുക്കുന്നതു നിങ്ങൾ തന്നെയാണ്. നിങ്ങളുടെ വിജയത്തിലേക്കുള്ള പാത അറിവും അനുഭവസമ്പത്തും കൊണ്ടു നിങ്ങൾ തന്നെ വെട്ടി തെളിയിച്ചു എടുക്കണം.

വളരാനുള്ള മനസ്ഥിതി
വളരാനുള്ള മനസ്ഥിതി സ്വയം വികസിപ്പിച്ച് എടുക്കണം. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ഒരാൾക്കു പുതിയ കഴിവുകൾ നേടാനും തന്റെ നൈപുണ്യങ്ങൾ വളർത്താനും സാധിക്കുന്നതാണ്.പരാജയങ്ങളെയും തെറ്റുകളെയും നിങ്ങളുടെ മൂല്യം അളക്കുന്ന സന്ദർഭമായി കാണരുത്. പകരം അവ പഠനത്തിനും വളർച്ചയ്ക്കുമുള്ള അവസരമായി കാണണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA