ADVERTISEMENT

ബിടെക്ക് കഴിഞ്ഞാല്‍ എംടെക്ക് ചെയ്യണോ എംബിഎ ചെയ്യണോ? എഞ്ചിനിയീറങ് പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്നവര്‍ക്കു മുന്നില്‍ പലപ്പോഴും ഉയര്‍ന്നു വരുന്ന ചോദ്യം. ഇതിന് ഒറ്റ വാക്കില്‍ ഒരുത്തരം ഇല്ല എന്നതാണ് സത്യം. ശരിയായ തിരഞ്ഞെടുപ്പ് നടത്താന്‍ ഇതില്‍ ഓരോ കോഴ്‌സും മുന്നോട്ട് വയ്ക്കുന്ന സാധ്യതകളും അവ രൂപപ്പെടുത്താന്‍ പോകുന്ന കരിയര്‍ പാതയും മനസ്സിലാക്കാന്‍ സാധിക്കണം. 

എംടെക്കും എംബിഎയും മികച്ച തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തരബിരുദ കോഴ്‌സുകളാണ്. എന്നാല്‍ രണ്ടു കോഴ്‌സുകളും രണ്ട് വിധത്തിലാണ് ഭാവി രൂപപ്പെടുത്തുക. എംടെക് കോഴ്‌സ് എഞ്ചിനീയറിങ്ങിലെ ഒരു അള്‍ട്രാ സ്‌പെഷ്യലൈസേഷനിലേക്കാണ് നിങ്ങളെ നയിക്കുക. ബിടെക്കിന് ഇലക്ട്രിക്കല്‍ പഠിച്ചവര്‍ ചിലപ്പോള്‍ എംടെക്കിന് പഠിക്കാന്‍ പോകുന്നത് പവര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡ്രൈവ്‌സ് ആയിരിക്കും. പ്രസ്തുത വിഷയത്തിലെ വിദഗ്ധനായാണ് എംടെക്ക് നിങ്ങളെ മാറ്റുക. 

എന്നാല്‍ എംബിഎ പഠനം കഴിഞ്ഞാല്‍ സെയില്‍സ്, മാര്‍ക്കറ്റിങ്ങ്, പ്രോജക്ട് മാനേജ്‌മെന്റ്, ഐടി, എച്ച്ആര്‍, കണ്‍സല്‍ട്ടിങ്ങ്, കസ്റ്റമര്‍ സര്‍വീസ് മാനേജ്‌മെന്റ്, ബാങ്കിങ്ങ്, ഫിനാന്‍സ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളാകും നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരുക. ഒരു സ്‌പെഷ്യലിസ്റ്റ് എന്നതിലുപരി ജനറലിസ്റ്റ് മേഖലയാണ് എംബിഎ തുറന്നിടുന്നതെന്ന് ചുരുക്കം. 

നിങ്ങളുടെ കരിയര്‍ ഏതെങ്കിലും ടെക്‌നിക്കല്‍ മേഖലയിലാക്കാനാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ എംടെക്ക് തിരഞ്ഞെടുക്കാം. പിന്നീട് ഗവേഷണത്തിലേക്കോ അധ്യാപനത്തിലേക്കോ പോകാന്‍ പദ്ധതിയുള്ളവര്‍ക്കും എംടെക്ക് മികച്ച ഓപ്ഷനാണ്. അതേ സമയം കോര്‍പ്പറേറ്റ് ലോകമാണ് ഉന്നമെങ്കില്‍ കണ്ണുമടച്ച് എംബിഎ എടുക്കാം. നിങ്ങളുടെ നേതൃത്വശേഷിയും ആശയവിനിമയശേഷിയും നിര്‍വഹണ ശേഷിയുമെല്ലാം വളര്‍ത്തുന്ന മാനേജ്‌മെന്റ് കോഴ്‌സാണ് എംബിഎ. 

ഇനി സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്ന ഉത്പന്ന അധിഷ്ഠിതമായ വ്യവസായങ്ങളിലാണ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ എംടെക് തിരഞ്ഞെടുക്കാം. മറിച്ച് സേവനമേഖലയും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലേക്കാണ് പോകാന്‍ ആഗ്രഹമെങ്കില്‍ എംബിഎയ്ക്ക് ചേരാം. ബിടെക്ക് കഴിഞ്ഞവര്‍ രണ്ടോ മൂന്നോ വര്‍ഷത്തെ തൊഴില്‍ പരിചയത്തിന് ശേഷം എംബിഎയ്ക്ക് ചേരുന്നതാകും അഭികാമ്യം. 

രണ്ടിലൊന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ മുന്നോട്ടുള്ള മാര്‍ഗ്ഗവും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മികവിന്റെ പര്യായമായ എന്‍ജിനീയറിങ്ങ് സ്ഥാപനങ്ങളില്‍ എംടെക്ക് പഠിക്കണെങ്കില്‍ ഗേറ്റ് പരീക്ഷ പാസ്സാകണം. എംബിഎ ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നല്ല സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ ക്യാറ്റ്, മാറ്റ് പോലുള്ള പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com