sections
MORE

ക്വിസിലൂടെ സ്വന്തമാക്കാം മികച്ച 5 കരിയറുകൾ

snehaj
SHARE

എംപി, മുൻ കേന്ദ്രമന്ത്രി, യുഎൻ മുൻ അണ്ടർ സെക്രട്ടറി ജനറൽ, ഇരുപതോളം പുസ്തകങ്ങളുടെ രചയിതാവ്... ശശി തരൂരിന്റെ മേൽവിലാസങ്ങളങ്ങനെ നീളുന്നു. അദ്ദേഹത്തിന്റെ കോളജ് കാലഘട്ടത്തിലേക്കു പോയാൽ മറ്റൊരു വിശേഷണം കൂടി കിട്ടും– ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ക്വിസ് ക്ലബ് സ്ഥാപിച്ച വിദ്യാർഥി. ഇന്ത്യൻ രാഷ്ട്രീയത്തിലും സിവിൽ സർവീസിലും മിന്നി നിൽക്കുന്ന പലരും പണ്ട് ഒന്നാന്തരം ക്വിസർമാരും ക്വിസ് മാസ്റ്റർമാരുമായിരുന്നു. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ എംപി ഡെറക് ഒബ്രിയൻ മുതൽ കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് വരെ ആ പട്ടികയിൽ എത്രയോ പേർ.

ഫാക്ടും ട്രിവിയയും
പണ്ടത്തെ ഒറ്റവരി ചോദ്യങ്ങളിൽനിന്നും ഒറ്റവാക്ക് ഉത്തരങ്ങളിൽനിന്നും ക്വിസ് ഏറെ മാറിക്കഴിഞ്ഞു. ചോദ്യത്തിൽ തന്നെ ഉത്തരമൊളിപ്പിച്ചു വയ്ക്കുന്ന ‘ട്രിവിയ’കളാണ് ഇന്നു ട്രെൻഡ്. അതിൽ തന്നെ വിജ്ഞാനപ്രദമായ ‘ഫാക്ടു’കളുമുണ്ടാകും. ഉത്തരം അറിയുക എന്നതിനെക്കാളേറെ കണ്ടെത്തുക എന്നതാണു പ്രധാനം. ചെറുപ്പത്തിൽ തന്നെ ഈ കഴിവ് ക്വിസിലൂടെ തേച്ചുമിനുക്കിയെടുത്താൽ ഭാവിയിലെ വലിയ മത്സരപ്പരീക്ഷകളിൽ മുതൽക്കൂട്ടാകും. മെഡിക്കൽ പ്രവേശനപരീക്ഷകൾ, മാനേജ്മെന്റ് പഠനത്തിനുള്ള ക്യാറ്റ്, സിവിൽ സർവീസസ് പരീക്ഷ തുടങ്ങിയവയിലെല്ലാം അളക്കുന്നത് അറിവു മാത്രമല്ല, ചോദ്യത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സൂചനകൾ ബന്ധിപ്പിക്കാനും നിഗമനങ്ങളിലെത്താനുമുള്ള നൈപുണ്യം കൂടിയാണ്.

ഒരുദാഹരണം. 1992 ബാർസിലോന ഒളിംപിക്സ് വേളയിൽ കേരളത്തിൽനിന്നു സ്പെയിനിലേക്ക് ഒരു വസ്തു വൻതോതിൽ കയറ്റുമതി ചെയ്തു. ഐസ്ക്രീം നൽകാൻ പ്ലാസ്റ്റിക്കിനു പകരം ഈ പ്രകൃതിദത്ത വസ്തുവാണ് ഉപയോഗിച്ചത്. എന്താണിത് ?കേരളം, പ്രകൃതിദത്തം, ഐസ്ക്രീം കപ്പ് – ഈ സൂചനകളിൽനിന്ന് ഉത്തരം കിട്ടിയോ ? ചിരട്ട !

അഞ്ച് ക്വിസ് കരിയറുകൾ
ഒട്ടേറെ ക്വിസ് മൽസരങ്ങളും ക്വിസ് ഷോകളും നടക്കുന്ന ഇന്നു ക്വിസ് കരിയറാക്കാനും വഴിയുണ്ട്. ചില കരിയറുകളിങ്ങനെ:

1.ക്വിസ് മാസ്റ്റർ: എഴുത്തു രീതിയിലുള്ള ക്വിസ് മത്സരങ്ങളിലെ മാസ്റ്റർമാർ മുതൽ ചാനലുകളിലെ ക്വിസ് അവതാരകർ വരെയാകാം.

2.കണ്ടന്റ് ആൻഡ് റിസർച്: ക്വിസ് നടത്തുന്ന പ്രഫഷനൽ ഗ്രൂപ്പുകൾക്കു ചോദ്യങ്ങൾ തയാറാക്കി നൽകുകയാണു ജോലി. മറ്റു ജോലികൾക്കൊപ്പം പാർട് ടൈം ആയും ചെയ്യാം. പ്രശസ്ത ക്വിസ് മാസ്റ്റർ സിദ്ധാർഥ് ബസുവിന്റെ സിനർജി ഗ്രൂപ്പ്, കേരളത്തിൽ തന്നെയുള്ള ക്യു ഫാക്ടറി എന്നിവയെല്ലാം ഇങ്ങനെയുള്ളവർക്ക് അവസരങ്ങൾ നൽകുന്നു.

3.ക്വിസ് കോ–ഓർഡിനേറ്റർ: ക്വിസ് മത്സരങ്ങൾ ഏകോപിക്കുക എന്നതും ഒരു ജോലിയാണ്. ക്വിസ് മാസ്റ്ററെ കണ്ടെത്തുക, മത്സരാർഥികളെ അറിയിക്കുക, മൽസരത്തിനുപയോഗിക്കുന്ന ബസറുകൾ സജ്ജമാക്കുക തുടങ്ങിവയെല്ലാം കോ–ഓർഡിനേറ്ററുടെ ഉത്തരവാദിത്തം.

4.ക്വിസ് കോളമിസ്റ്റ്: തൊഴിൽ പ്രസിദ്ധീകരണങ്ങളിലും വി‍ജ്ഞാന മാസികകളിലും ക്വിസ് അധിഷ്ഠിത കോളങ്ങളെഴുതാം.

5.ഓൺലൈൻ ക്വിസ്: പുതിയ കാലത്തിന്റെ ട്രെൻഡാണിത്. ഇവ തയാറാക്കി നൽകുന്നവർക്കും ഒട്ടേറെ അവസരങ്ങളുണ്ട്.

ക്വിസ്സേഴ്സ് ക്വോട്ട
ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഏറ്റവും മികച്ച കോളജുകളിലൊന്നായ രാംജാസിൽ അഡ്മിഷൻ കിട്ടിയതു ക്വിസ് ക്വോട്ടയിലാണ്. പ്രിലിമിനറി, മെയിൻ മത്സരങ്ങളുണ്ടായിരുന്നു. ആയിരത്തി മൂന്നൂറോളം വിദ്യാർഥികൾക്കിടയിൽ രണ്ടാമതെത്തി. പ്രവേശനവും കിട്ടി.

mahadev

മഹാദേവ് നമ്പ്യാർ 
(ഒന്നാം വർഷ ബിഎ ഓണേഴ്സ് ഹിസ്റ്ററി, രാജാംസ് കോളജ്, ഡൽഹി. കോഴിക്കോട് സ്വദേശി)

ഗാന്ധിജിയുടെ വഴിയേ
ക്വിസിലൂടെ കിട്ടിയ വലിയ ഭാഗ്യങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കയിൽ മഹാത്മാ ഗാന്ധി പണ്ടു നടന്ന വഴികളിലൂടെയുള്ള സഞ്ചാരമാണ്. ഗാന്ധി പീസ് മിഷന്റെ ക്വിസിൽ ജയിച്ചതുവഴി ഞാനും കേരളത്തിൽനിന്നുള്ള മറ്റു 11 പേരും ജൊഹാനസ്ബർഗ്, ഡർബൻ, കേപ്ടൗൺ എന്നിവിടങ്ങളിലെല്ലാം പോയി.

അമൽ ദാമോദരൻ 
(എംബിബിഎസ് ഒന്നാം വർഷം, പാലക്കാട് ഗവ. മെഡി. കോളജ്. തേഞ്ഞിപ്പലം സ്വദേശി)

amal

(ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷനൽ ക്വിസിങ് അസോസിയേഷന്റെ ഡയറക്ടർമാരിലൊരാളും കേരളത്തിലെ ആദ്യ പ്രഫഷനൽ ക്വിസ് സൊസൈറ്റിയായ ക്വിസ് കേരളയുടെ സ്ഥാപകനുമാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA