sections
MORE

എങ്ങനെ സിവിൽ സർവീസ് നേടാം? രേണുരാജ് IAS പറയുന്നു

Renu_Raj
SHARE

ദേവികുളം സബ്കലക്ടർ ഡോ. രേണു രാജ് സിംപിളാണ്. പക്ഷേ നിലപാടുകളിൽ പവർഫുൾ. അതുകൊണ്ടാണു ദിവസങ്ങളായി ആ പേര് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. എംബിബിഎസ് നേടിയശേഷമാണു രേണു രാജ് രണ്ടാം റാങ്കോടെ സിവിൽ സർവീസിലെത്തിയത്. യുപിഎസ്‍സി കലണ്ടർ പ്രകാരം സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇന്നു വന്നേക്കും. ഈ വർഷം സിവിൽ സർവീസസ് പരീക്ഷയ്ക്കു തയാറെടുക്കുന്നവരോടു രേണു രാജിനു പറയാനുള്ളതെന്തെന്നു കേൾക്കാം.

ഏറെ വർഷങ്ങൾ മുൻപേ തയാറെടുപ്പ് തുടങ്ങിയിരുന്നുവെന്നു മിക്ക സിവിൽ സർവീസ് വിജയികളും പറയാറുണ്ട്. അങ്ങനെയല്ലാത്തവർക്കു സാധ്യതയില്ലേ ?
വളരെ ചെറുപ്പം മുതലേ പരിശ്രമം വേണമെന്നു നിർബന്ധമില്ല. പക്ഷേ ഇതിനെ ഗൗരവത്തോടെ കണ്ടുതുടങ്ങിയാൽ പിന്നെ ഉഴപ്പരുത്. സിവിൽ സർവീസസിന്റെ അടിസ്ഥാന കാര്യങ്ങൾ പോലും ഞാൻ മനസ്സിലാക്കിയത് എംബിബിഎസ് കഴിഞ്ഞ് ഇന്റേൺഷിപ് ചെയ്യുമ്പോഴാണ്. പത്രങ്ങളും മാസികകളും ഗൗരവത്തിൽ വായിക്കാൻ തുടങ്ങിയതും അപ്പോഴാണ്. പക്ഷേ അപ്പോൾ മുതൽ സിലബസ് നോക്കി ആഴത്തിൽ പഠിച്ചു.

എങ്ങനെയായിരുന്നു ഒരുക്കം ?
ദിവസം 7–8 മണിക്കൂർ പഠനം. മെയിൻ പരീക്ഷ കഴിഞ്ഞ് 3–4 മണിക്കൂറായി. എത്ര സമയം എന്നതിലല്ല, ഉള്ള സമയം എത്ര നന്നായി വിനിയോഗിക്കുന്നു എന്നതിലാണു കാര്യം. മെയിൻസ് കഴിഞ്ഞ് കുറച്ചുകാലം ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു. ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു പത്രവായന. ഇതിനൊപ്പം തന്നെ ഇന്റർവ്യൂ തയാറെടുപ്പും.

ഓപ്ഷനൽ പേപ്പർ തിരഞ്ഞെടുക്കുമ്പോൾ ?
ബിരുദതലത്തിലെ അതേ വിഷയമോ കൂടുതൽ പ്രിയപ്പെട്ട മറ്റൊരു വിഷയമോ ആകാം. ബിരുദതല വിഷയമാണെങ്കിൽ നല്ല അടിത്തറയുണ്ടാകും. എന്നാൽ ഏറ്റവും പ്രിയപ്പെട്ട വിഷയമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ പഠനം കൂടുതൽ സന്തോഷകരമായിരിക്കും. തലച്ചോറിലുള്ള വിഷയത്തേക്കാൾ ഹൃദയത്തിലുള്ള വിഷയം തിരഞ്ഞെടുക്കുന്നത് റിസ്കാണ്. ആത്മവിശ്വാസമുണ്ടെങ്കിൽ ആ റിസ്ക് എടുക്കുന്നതിൽ തെറ്റില്ല. (മലയാളമായിരുന്നു ഡോ. രേണുവിന്റെ ഓപ്ഷനൽ പേപ്പർ).

ഇന്റർവ്യൂവിനെ എങ്ങനെ നേരിടണം ?
പ്രിലിമിനറി, മെയിൻ പരീക്ഷകളോടെ തന്നെ നിങ്ങളുടെ അറിവ് അളന്നുകഴിഞ്ഞു. ഇന്റർവ്യൂ നിങ്ങൾ ആരാണെന്നറിയാനാണ്. സമകാലിക വിഷയങ്ങളിൽ നല്ല ധാരണ വേണം. ഏതു വിഷയത്തിലും സ്വന്തമായ അഭിപ്രായം ഉണ്ടാക്കുക, അത് വിനയത്തോടെ അവതരിപ്പിക്കുക. നിരന്തരമുള്ള മോക് ഇന്റർവ്യൂ ഗുണം ചെയ്യും. സത്യസന്ധരായി ഇരിക്കുക, അറിവില്ലായ്മ ഒളിച്ചുവച്ചു മിടുക്കരാകാൻ ശ്രമിക്കേണ്ട.

ഉയർന്ന ശമ്പളം കിട്ടുന്ന മറ്റു ജോലികൾ ധാരാളമുള്ളപ്പോൾ എന്തിനു സിവിൽ സർവീസ് ? വിവാദങ്ങളും സമ്മർദങ്ങളുമൊക്കെയായി സംഘർഷം നിറഞ്ഞ കരിയറല്ലേ ഇത് ?
വലിയ ശമ്പളവും സുഖശീതളിമയുള്ള ഓഫിസും ലഭിക്കുന്ന ജോലിയല്ല സിവിൽ സർവീസ് എന്ന് ആദ്യമേ മനസ്സിലാക്കുക. തിരിച്ചടികളും സംഘർഷവും ഉണ്ടായേക്കാം. പക്ഷേ അതിനൊക്കെ മുകളിലായി അവസരങ്ങളുടെ ആഘോഷം കൂടിയാണിത്. നിങ്ങൾ ഏറ്റവും നന്നായി ചെയ്ത കാര്യം ആരും അറിയാതെ പോയെന്നിരിക്കും. പക്ഷേ അതു ജീവിതത്തിൽ നിങ്ങൾക്കു തരുന്ന സന്തോഷം വളരെ വളരെ വലുതാണ്.

ഒറ്റവാക്കിൽ പറഞ്ഞാൽ ചിലതെല്ലാം ചെയ്യേണ്ടി വരും !!!
സമൂഹത്തിന് ഉപകാരമുള്ള കാര്യങ്ങൾ ചെയ്യണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ചില കാര്യങ്ങൾ മാറ്റിമറിക്കണമെന്ന് ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ജോലി പണത്തിനുള്ള ഉപാധി മാത്രമാണെന്നു കരുതുന്നില്ലെങ്കിൽ, ധൈര്യപൂർവം ഈ മേഖലയിലേക്കു കടന്നു വരാം.

രേണു രാജ്  ടിപ്സ്
1. പരീക്ഷയുടെ ട്രാക്കിലേക്കെത്താൻ സമയം എടുത്തേക്കും. ആദ്യം തീരെ മുന്നോട്ടുപോകാൻ കഴിയണമെന്നില്ല. നിരാശ വേണ്ട.

2. നിങ്ങൾക്കു പ്രായോഗികമായ പഠനരീതി കണ്ടെത്തുക.

3. ഏതു വിഷയം നന്നായറിയാം, ഏതിലാണു മോശം എന്നു നിങ്ങൾക്കേ അറിയൂ. അതറിഞ്ഞു പരിശീലനം നടത്തുക. സ്വയം കബളിപ്പിക്കരുത്.

4. പ്രാക്ടീസ്, പ്രാക്ടീസ്, പ്രാക്ടീസ്– ഇതാണ് ഏറ്റവും പ്രധാനം. മോക് ടെസ്റ്റും മോക് ഇന്റർവ്യൂവും ശീലിക്കുക.

5. കൃത്യമായ ലക്ഷ്യബോധം വേണം. സ്വയം പ്രചോദിപ്പിക്കുക, ജീവിതത്തിൽ പ്രതീക്ഷയുള്ളവരായി ഇരിക്കുക.

ഇന്റർവ്യൂവിൽ പരാജയപ്പെട്ടാലും...
മെയിൻസ് പാസായ ശേഷം ഇന്റർവ്യൂവിൽ പരാജയപ്പെടുന്ന ഉദ്യോഗാർഥികളെ പൂർണമായി ഒഴിവാക്കുന്നതിനു പകരം മറ്റു സർവീസുകളിലേക്കു പരിഗണിക്കണമെന്ന നിർണായക ശുപാർശ യുപിഎസ്‍സി ഇത്തവണ കേന്ദ്രസർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, കപ്പിനും ചുണ്ടിനുമിടയിൽ സിവിൽ സർവീസ് നഷ്ടപ്പെട്ടവർക്കു മറ്റു സർവീസുകളിലേക്കു വഴിതുറക്കും. 

വിജ്ഞാപന വിശദാംശങ്ങൾക്ക്: upsc.gov.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA