ADVERTISEMENT

ഇംഗ്ലിഷും വിദേശഭാഷകളും പഠിക്കാൻ ഗംഭീര തട്ടകം. ബിരുദതലത്തിൽ തന്നെ ഗവേഷണാധിഷ്ഠിത പഠനം. ബിഎഡ് പോലെയുള്ള പ്രഫഷനൽ കോഴ്സുകൾ. ഭാഷയും സാങ്കേതികവിദ്യയും കൈകോർക്കുന്ന കംപ്യൂട്ടേഷനൽ ലിങ്‌ഗ്വിസ്റ്റിക്സ് പോലെ പുതുതലമുറ കോഴ്സുകളും – ‘ഇഫ്ലു’ എന്ന ചുരുക്കപ്പേരിനുള്ളിൽ ഇതെല്ലാം ഒളിച്ചിരിക്കുന്നു. ബിരുദ, പിജി, പിഎച്ച്ഡി, ടീച്ചർ ട്രെയിനിങ് പ്രോഗ്രാമുകൾ. ഹൈദരാബാദിൽ പ്രധാന ക്യാംപസും ഷില്ലോങ്, ലക്നൗ എന്നിവിടങ്ങളിൽ ഉപ ക്യാംപസുകളുമുള്ള ദി ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വിജസ് യൂണിവേഴ്‌സിറ്റിയിൽ ഈ വർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കും മുൻപ് അറിഞ്ഞുവയ്ക്കേണ്ട പ്രത്യേകതകളേറെ.

ഇഷ്ടം നോക്കി പഠിക്കാം: ഇലക്ടീവുകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന കഫെറ്റീരിയ മോഡ് ആണ് എംഎ ഇംഗ്ലിഷിന്റെ പ്രത്യേകത. ഒരു സെമസ്റ്ററിൽ ചുരുങ്ങിയതു നാലു വിഷയങ്ങൾ ഇങ്ങനെ പഠിക്കാം. ഫലത്തിൽ എംഎ ഇംഗ്ലിഷ് കഴിഞ്ഞിറങ്ങുന്നവരെല്ലാം പഠിച്ചിരിക്കുക ഒരേ സിലബസ് ആവില്ല. ഇത്രത്തോളം വിപുലമല്ലെങ്കിലും മറ്റു പിജി പ്രോഗ്രാമുകളിലുമുണ്ട് ഇഷ്ടമുള്ള ഇലക്ടീവുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.

പഠിപ്പിക്കാനുള്ള പഠനം: ബിഎഡിൽ ഒതുങ്ങുന്നില്ല, അധ്യാപക പരിശീലന പ്രോഗ്രാമുകൾ. അറബിക്കിലും ഇംഗ്ലിഷിലും ഒരു വർഷ പിജി ഡിപ്ലോമയുണ്ട്. പഠനസാമഗ്രികൾ തയാറാക്കാനും ഭാഷാശേഷി കൃത്യമായി അധ്യാപനത്തിൽ ഉപയോഗിക്കാനും പഠിപ്പിക്കും.

വിദേശ സഹകരണവും: വിദേശ സർവകലാശാലകളുമായി സഹകരണമുള്ളതിനാൽ എക്സ്ചേഞ്ച് പ്രോഗ്രാം വഴി കോഴ്സിന്റെ ഒരു ഭാഗം വിദേശത്തു പഠിക്കാം. രാജ്യാന്തര സെമിനാറുകളും വർക് ഷോപ്പുകളും നൽകുന്ന എക്സ്പോഷർ വേറെ.

അതെ, പ്ലേസ്മെന്റും: ഭാഷ പഠിച്ചാൽ എന്തു ജോലി എന്നു ചോദിക്കുന്നവർക്കു ക്യാംപസ് പ്ലേസ്മെന്റിലൂടെയാണ് ഇഫ്ലു മറുപടി നൽകുന്നത്. ബഹുരാഷ്ട്ര കമ്പനികൾ, പ്രസാധക/ മാധ്യമ സ്ഥാപനങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവിടങ്ങളിലൊക്കെ അവസരമുണ്ട്. ഗവേഷണ തൽപരർക്കു പിജിക്കു ശേഷം നേരിട്ട് ഇഫ്ലുവിൽ തന്നെ പിഎച്ച്ഡിയും ചെയ്യാം.

കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടെസ്റ്റിലൂടെയാണു പ്രവേശനം. പൊതുവിജ്ഞാനം, ലോജിക്കൽ റീസണിങ്, പാസേജ് കോംപ്രിഹെൻഷൻ, ഇംഗ്ലിഷ് സാഹിത്യം എന്നിവ അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. മുൻവർഷ ചോദ്യങ്ങൾ ഇഫ്ലു വെബ്സൈറ്റിലുണ്ട്.

കോഴ്സിന് അപേക്ഷ: ഈ മാസം 26 വരെ

വെബ്സൈറ്റ്: www.efluniversity.ac.in

പ്രവേശനപരീക്ഷ: മാർച്ച് 9, 10 തീയതികളിൽ നാലു സെഷനുകളിലായി

rafeefa
റഫീഫ പർവീൺ

പരീക്ഷാകേന്ദ്രം: തിരുവനന്തപുരം, മംഗളൂരു, ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ 23 സ്ഥലങ്ങളിൽ; അപേക്ഷയിൽ താൽപര്യമുള്ള 3 കേന്ദ്രങ്ങൾ കാണിക്കണം.

മികച്ച ലൈബ്രറി, വിദഗ്ധ ഫാക്കൽറ്റി, നിലവാരമുള്ള സിലബസ്, ക്യാംപസ് പ്ലേസ്മെന്റ്, വിദേശികളുമായി സംവദിച്ച് ഭാഷ പഠിക്കാനുള്ള അവസരം എന്നിവയെല്ലാമാണ് ഇഫ്ലുവിന്റെ പ്ലസ്.

arya
ആര്യ രാജു

റഫീഫ പർവീൺ,
രണ്ടാം വർഷ ബിഎ സ്പാനിഷ്

നാലു മാസം വീതമുള്ള സെമസ്റ്റർ സമ്പ്രദായമാണ് ഇഫ്ലുവിലേത്. അതിനാൽ വർഷം 4 മാസം വെക്കേഷൻ കിട്ടും. പരീക്ഷയ്ക്കു തയാറെടുക്കാൻ സമയം ഫലപ്രദമായി വിനിയോഗിക്കാം.

ആര്യ രാജു,
രണ്ടാം വർഷ എംഎ ഇംഗ്ലിഷ്

കാണാതെ പഠിച്ച് പരീക്ഷയെഴുതാൻ കഴിയില്ല. രണ്ടു ലക്ഷത്തോളം പുസ്തകങ്ങൾ ഉള്ള വിശാല ലൈബ്രറി പ്രയോജനപ്പെടുത്താം. ചർച്ച ചെയ്യാനും പുതിയ മേഖലകൾ കണ്ടെത്താനും താൽപര്യമുള്ളവർക്ക് പറ്റിയ ഇടം.

എലിസബത്ത് ബേബി,
രണ്ടാം വർഷ എംഎ കംപാരറ്റീവ് ലിറ്ററേച്ചർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com