ADVERTISEMENT

ഗവണ്‍മെന്റ് ജോലിക്കു കാത്തിരിക്കുന്നവര്‍ക്കു റിക്രൂട്ട്‌മെന്റ് ലിസ്റ്റു പുറത്തിറക്കുന്ന ദിവസം ലോട്ടറിയുടെ നറുക്കെടുപ്പു ദിനം പോലെയാണ്. ആശിച്ചു മോഹിച്ച ജോലി കിട്ടിയോ ഇല്ലയോ എന്നറിയുന്ന ആകംഷ നിറഞ്ഞ ദിനം. ബീഹാറില്‍ കഴിഞ്ഞ ദിവസം ആകാംഷയോടെ തങ്ങളുടെ റിക്രൂട്ട്‌മെന്റ് മെറിറ്റ് ലിസ്റ്റ് നോക്കിയ ഒരു കൂട്ടം ഉദ്യോഗാർഥികളെ കാത്തിരുന്നതു പക്ഷേ മറ്റൊരു വമ്പന്‍ സര്‍പ്രൈസ് ആണ്. വെബ്‌സൈറ്റില്‍ മെറിറ്റ് ലിസ്റ്റ് എടുത്തു നോക്കിയപ്പോള്‍ ഒന്നാം റാങ്ക് സണ്ണി ലിയോണിന്..! 

സണ്ണി ലിയോണ്‍, ഡോട്ടര്‍ ഓഫ് ലിയോണ ലിയോണ്‍, 27 വയസ്സ്. മാര്‍ക്ക് 98.50. ബീഹാറിലെ പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് ജൂനിയര്‍ സിവില്‍ എന്‍ജിനീയര്‍ തസ്തികയിലേക്കു നടത്തിയ റിക്രൂട്ട്‌മെന്റിന്റെ പ്രൊവിഷണല്‍ മെറിറ്റ് ലിസ്റ്റാണ് ഒന്നാം സ്ഥാനം സണ്ണി ലിയോണിനു നല്‍കുന്നത്. 98.50 എന്ന സ്‌കോറിലെ 73.50 പോയിന്റ് അക്കാദമിക മികവിന്റെയും 25 പോയിന്റ് പ്രഫഷണല്‍ തൊഴില്‍ പരിചയത്തിന്റെയും അടിസ്ഥാനത്തിലാണെന്നു മെറിറ്റ് ലിസ്റ്റ് പുറത്തിറക്കിയ വെബ്‌സൈറ്റില്‍ പറയുന്നു. 

എന്നാല്‍ ഇത് ഉദ്യോഗാർഥികളില്‍ ആരോ ഒപ്പിച്ച വികൃതിയാകാനാണു സാധ്യതയെന്നു പബ്ലിക് ഹെല്‍ത്ത് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ കരുതുന്നു. ഇനി യഥാര്‍ത്ഥ സണ്ണി ലിയോണിന്റെ പേരുള്ള ഉദ്യോഗാർഥിയാകാനും സാധ്യതയുണ്ട്. ഉദ്യോഗാർഥികള്‍ നല്‍കുന്ന പേരില്‍ തങ്ങള്‍ മാറ്റം വരുത്താറില്ലെന്നു വകുപ്പ് ജോയിന്റ് സെക്രട്ടറി പറയുന്നു. 

പ്രശസ്ത താരത്തിന്റെ പേരില്‍ ഇത്ര മിടുക്കിയായ ഒരു സണ്ണി ലിയോണ്‍ ശരിക്കും ബീഹാറിലുണ്ടോ എന്നറിയാന്‍ ഡോക്യുമെന്റ് വേരിഫിക്കേഷന്‍ വരെ കാത്തിരിക്കേണ്ടി വരുമെന്നു ചുരുക്കം. ലിസ്റ്റില്‍ സണ്ണി ലിയോണിന്റേതു മാത്രമല്ല സംശയാസ്പദമായ പേര്. മൂന്നാം സ്ഥാനത്തുള്ളയാളുടെ പേരിന്റെ സ്ഥാനത്ത് കണ്ടത് 'bvcxzbnnb'. 

ആകെ അപേക്ഷിച്ച 17,911 പേരില്‍ നിന്നാണു 643 ഉദ്യോഗാർഥികളുടെ പ്രൊവിഷണല്‍ മെറിറ്റ് ലിസ്റ്റ് ഇട്ടിരിക്കുന്നത്. 214 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുത്ത ഉദ്യോഗാർഥികള്‍ ഇനി തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ വകുപ്പിനു സമര്‍പ്പിക്കണം. ലിസ്റ്റിലെ തെറ്റ് തിരുത്തുന്നതിന് ഫെബ്രുവരി 24 വരെ സമയം നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാനാവാത്തവരെ അയോഗ്യരാക്കി അവസാന ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com