ADVERTISEMENT

പഴയ ടിവിയും കംപ്യൂട്ടറും എടുക്കാൻ ഒരാൾ വരുമെന്നല്ലാതെ, പാന്റ്സും ഷർട്ടും ഇട്ടൊരാളാണു വരുന്നതെന്നു പറഞ്ഞില്ല. അതിനാൽത്തന്നെ ഫ്ലാറ്റിന്റെ സെക്യൂരിറ്റിക്കാരൻ വന്നയാളെ  തീരെ ഗൗനിച്ചില്ല. എടുത്താൽ പൊങ്ങാത്ത പഴയ ടിവിയുമായി  അയാൾ കാറിലേക്കു കയിയപ്പോൾ കാവൽക്കാരൻ തടഞ്ഞു. പേരു പറഞ്ഞു, തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ജെയ്മോൻ ജേക്കബ്. 

കഴിഞ്ഞ 3 വർഷത്തിനിടയിൽ  ഇത്തരം  ഒട്ടേറെ സന്ദർഭങ്ങളിലൂടെ ഇൗ അധ്യാപകൻ കടന്നുപോയിട്ടുണ്ട്.  അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇത്രയും കാലംകൊണ്ടു സംഭരിച്ചത് 30 ടൺ ഇലട്രോണിക് വേസ്റ്റ്. അതു വിറ്റുകിട്ടിയ പണം കൊണ്ടു തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ 9 ക്ലാസ്മുറികൾ സ്മാർട് ക്ലാസ് റൂമുകളാക്കി. കോളജിനു മുന്നിൽ മനോഹരമായ പുൽത്തകിടി പിടിപ്പിച്ചു. 

വിദ്യാർത്ഥികളുടെ സഹകരണത്തോടെ തുടങ്ങിയ ഇ മാലിന്യ ശേഖരണം  ഇന്നും ഇൗ അധ്യാപകൻ ഒറ്റയാൾ പട്ടാളമായി തുടരുന്നു.  ഏറണാകുളം നഗരത്തിൽ എവിടെയും ഇ വേസ്റ്റുണ്ടെങ്കിൽ  94974 32197 എന്ന നമ്പറിൽ വിളിക്കാം. ജെയ്മോൻ എത്തും. ചുമടിനും വണ്ടിയോടിക്കാനും വേറെയാരുമില്ല. ഒരു സർക്കാർ കോളജ് അധ്യാപകൻ ഇതിനു പോകേണ്ട വല്ല കാര്യവുമുണ്ടോ എന്നു ചോദിക്കുന്നവരോട്, ഇതു തന്റെ നിയോഗമാണെന്നു ജെയ്മോൻ പറയും. മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ കൊടുക്കും മുൻപ്, അതു പുനരുപയോഗിക്കാനും അദ്ദേഹം ശ്രമിക്കുന്നു. 

എൻജിനീയറിങ് കോളജിലെ എൻഎസ്എസ് ചുമതലക്കാർക്കു ക്ലീൻകേരള കമ്പനി നടത്തിയ ക്ലാസിൽ നിന്നാണ് ഇ മാലിന്യ ശേഖരണത്തിനു തുടക്കം. കുസാറ്റിൽ നിന്നു കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേക്കു കോളജ് മാറിയ സമയം. കുട്ടികൾക്ക് ആക്ടിവിറ്റി പോയിന്റ് വേണം. ഒാരോരുത്തകർക്കും 100 കിലോഗ്രാം  ഇ വേസ്റ്റ് ശേഖരിക്കാൻ നിർദേശംകൊടുത്തു. 400 കുട്ടികൾ ആകെ  ശേഖരിച്ചത് 22 ടൺ. അത്രയും ഇ മാലിന്യം വിറ്റപ്പോൾ 6 ലക്ഷം രൂപ കിട്ടി. അതാണു കോളജിന് ഉപയോഗിച്ചത്. 

കുട്ടികളെ ഉപയോഗിച്ചുള്ള ഇ വേസ്റ്റ് ശേഖരണം അതോടെ തീർന്നെങ്കിലും  ജെയ്മോൻ തുടർന്നു,  അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ അടച്ചുപൂട്ടാൻ നിർദേശിച്ച  രണ്ടു സ്ഥാപനങ്ങളാണ് ഐഎച്ച്ആർഡി ഇടപ്പള്ളി മേഖലാ കേന്ദ്രവും കലൂരിലെ  മോഡൽ ഫിനിഷിങ് സ്കൂളും. ഇതിന്റെ രണ്ടിന്റെയും ചുമതല ഐഎച്ച്ആർഡി ജെയ്മോനെ ഏൽപ്പിച്ചു. 

രണ്ടു സ്ഥാപനങ്ങളും ഇന്നു സ്വന്തം നിലയിൽ വരുമാനമുണ്ടാക്കുന്ന,  ഒട്ടേറെ പ്രോജക്ടുകൾ നടപ്പാക്കുന്ന സ്ഥാപനങ്ങളായി വളർന്നു. മോഡൽ ഫിനിഷിങ് സ്കൂളിനു 40 ലക്ഷം രൂപയായിരുന്നു വാടകക്കുടിശിക.  5 ജില്ലകളിലെ സർക്കാർ ജീവനക്കാരെ മലയാളം കംപ്യൂട്ടിങ് പഠിപ്പിക്കുന്ന സ്ഥാപനമാണ് ഇന്ന് ഇത്.  സ്വന്തം വരുമാനത്തിൽ നിന്നു വാടകക്കുടിശിക തീർത്തെന്നു മാത്രമല്ല, അതിനേക്കാൾ കൂടുതൽ തുക അക്കൗണ്ടിലുമുണ്ട്. ഇടപ്പള്ളിയിലെ ഐഎച്ച്ആർഡി സെന്റർ പ്രൊഡക്‌ഷൻ ആൻഡ് മെയിന്റനൻസ് സെന്ററാക്കി വളർത്തി. 

പ്രധാനമന്ത്രി കൗശൽ യോജന, നാഷനൽ അർബൻ ലൈവ്‌ലിഹുഡ് പ്രോഗ്രാം– രണ്ടു കേന്ദ്ര പദ്ധതികളുടെ നടത്തിപ്പു സെന്ററാണിത്. തനിയെ ശേഖരിക്കുന്ന ഇലട്രോണിക് സാധനങ്ങൾ ഇവിടെ കൊണ്ടിടും. പഠിതാക്കൾ അതെല്ലാം പഠിച്ചും നന്നാക്കിയും പരിചയപ്പെട്ട ശേഷം ബാക്കിയുള്ളതേ ക്ലീൻ കേരള കമ്പനിക്കു നൽകുന്നുള്ളു. 

കഴിഞ്ഞ ദിവസം ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ നിന്നു 110  പഴയ ലാപ്ടോപ് കിട്ടി. ഇടപ്പള്ളി സെന്ററിൽ വച്ച് അതിലെ 55 ഉം നന്നാക്കിയെടുത്തു. അതിലാണു സർക്കാർ ഉദ്യോഗസ്ഥരെ മലയാളം കംപ്യൂട്ടിങ് പഠിപ്പിക്കുന്നത്. ഇൗ ആവശ്യത്തിനു കംപ്യൂട്ടർ വാങ്ങിയാലോ? ഒന്നിന് 20000 രൂപ വീതം കൂട്ടിയാലും 11 ലക്ഷം രൂപ വരും. സാധാരണ സർക്കാർ ഉദ്യോഗസ്ഥർ അങ്ങനെയാണു ചിന്തിക്കുക. പക്ഷേ, ജെയ്മോന്റെ വഴി വേറെ. കുന്നുകര പഞ്ചായത്തിനെ പൂർണമായും തുരുത്തിക്കര പഞ്ചായത്തിന്റെ ഒരു വാർഡും ഇ മാലിന്യ വിമുക്തമാക്കാനുള്ള പദ്ധതിയിൽ ജെയ്മോൻ പങ്കാളിയായി. 

ഭാര്യ പ്രിയ റോസ് മേരി. വീടുകളിൽ നിന്ന് ഇ വേസ്റ്റ് ശേഖരിക്കാൻ പലപ്പോഴും മകൻ ജ്യോതിസുംപോകാറുണ്ട്. വീട്ടിൽ ഇ വേസ്റ്റുണ്ടെങ്കിൽ ഇദ്ദേഹത്തെ വിളിക്കാം. ട്യൂബ് ലൈറ്റും ബൾബും ഒഴികെ എന്തും ഇദ്ദേഹം ശേഖരിക്കും. ഇ വേസ്റ്റ് മറ്റു മാലിന്യങ്ങുമായി കലർന്നാൽ എന്താണു കുഴപ്പമെന്നു കൂടി അറിഞ്ഞാലേ ജെയ്മോൻ ചെയ്യുന്ന സേവനത്തിന്റെ വിലയറിയൂ.

ഇലട്രോണിക് ഉപകരണങ്ങളിൽ പലതിലും ലെഡ്, കാഡ്മിയം എന്നിവയുണ്ട്. ഇതു മണ്ണിലേക്കു കലർന്നാൽ പിന്നീടുണ്ടാവുന്ന തലമുറകളിൽ ജനിതക വൈകല്യങ്ങൾ ഉണ്ടാവാം. ലോകത്തിന്റെ പലഭാഗത്തും അതുണ്ടായി. കേരളത്തിൽ നിന്ന് അത്തരമൊരു സാഹചര്യം മാറ്റിനിറുത്തുകയാണ് ഇൗ അധ്യാപകന്റെ ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com