ജോലി- ഉറങ്ങാൻ സഹായിക്കുക; പ്രതിഫലം മാസം ലക്ഷങ്ങൾ!

Sleeping
SHARE

ജീവിതത്തില്‍ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പ്രത്യേകമൊരു വിശദീകരണത്തിന്റെ ആവശ്യമില്ല. നല്ലൊരു ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേ ദിവസം കുളമാകാന്‍ വേറെ കാരണമൊന്നും വേണ്ട. എന്നാല്‍ സുഖമായി, ശാന്തമായി കിടന്നുറങ്ങാന്‍ പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും കഴിയാറില്ല എന്നു മാത്രം. ഇവിടെയാണു നന്നായി കിടന്നുറങ്ങാന്‍ പരിശീലനം നല്‍കുന്നവരുടെ പ്രസക്തി. വിദേശ രാജ്യങ്ങളില്‍ സ്ലീപ്പ് കോച്ച്, സ്ലീപ്പ് കണ്‍സല്‍ട്ടന്റ് എന്ന പേരുകളില്‍ അറിയപ്പെടുന്ന ഈ ജോലിക്ക് ശരാശരി 19 ഡോളറൊക്കെയാണ്(1360 രൂപ) ഒരു മണിക്കൂറിനു പ്രതിഫലം.

നന്നായി ഒന്നുറങ്ങാന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ മടിയില്ലാത്തവരും ഉണ്ട്. സ്ലീപ്പ് കോച്ചിന് പ്രതിദിനം 10,000 ഡോളര്‍ (7,15,800 രൂപ) കൊടുക്കുന്ന കോടീശ്വരന്മാര്‍ മുതല്‍ മൂന്നു മാസത്തേക്ക് 5000 ഡോളര്‍(3,58,000 രൂപ) കൊടുക്കാന്‍ തയ്യാറുള്ള ഇടത്തരം പണക്കാര്‍ വരെ വിദേശരാജ്യങ്ങളിലുണ്ട്. വന്‍കിട ബിസിനസ്സുകാര്‍, ധനകാര്യ പ്രഫഷണലുകള്‍, വക്കീലന്മാര്‍, സര്‍ഗ്ഗാത്മക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ സ്ലീപ്പ് കോച്ചിന്റെ സേവനം തേടാറുണ്ട്. 

ലോകമെങ്ങും ആരാധകരുള്ള അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍(എന്‍ബിഎ) ടീമുകള്‍ അവരുടെ താരങ്ങള്‍ക്കായി സ്ലീപ്പ് കോച്ചുമാരെ നിയമിക്കാറുണ്ട്. യാത്രകളും പരിശീലനവും രാത്രിയിലും നീളുന്ന മത്സരങ്ങളുമൊക്കെയായി പല താരങ്ങള്‍ക്കും ഉറക്കത്തിന്റെ പ്രശ്‌നമുണ്ടാകാറുണ്ട്. ടീം ഫിസിയോയെ പോലെ താരങ്ങളുടെ ഒപ്പം സഞ്ചരിച്ച് അവര്‍ക്ക് ശരിരായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് സ്ലീപ്പ് കോച്ചുമാര്‍ ഉറപ്പാക്കുന്നു. മികച്ച ഉറക്കം താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് എന്‍ബിഎ ടീമുകളുടെ അഭിപ്രായം. 

നന്നായി ഉറങ്ങാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നാണു അടിസ്ഥാനപരമായി സ്ലീപ്പ് കോച്ചുമാര്‍ പറഞ്ഞു തരിക. നല്ല ഉറക്ക ശീലങ്ങള്‍, ഉറക്കത്തിനു മുന്‍പു കഴിക്കേണ്ട ഭക്ഷണം, റിലാക്‌സ് ചെയ്ത് ഗാഢ നിദ്രയിലേക്കു വഴുതി വീഴാനുള്ള ടെക്‌നിക്കുകള്‍ തുടങ്ങിയവയെല്ലാം സ്ലീപ്പ് കോച്ചുമാര്‍ പഠിപ്പിക്കും. ക്ലയന്റിന്റെ ഉറക്കം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരീക്ഷിച്ച് ഉറക്കത്തിലെ തകരാറുകള്‍ കണ്ടു പിടിക്കാനും സ്ലീപ്പ് കോച്ചുമാര്‍ സഹായിക്കും. നിദ്രാവിഹീനത, ഉറക്കത്തില്‍ ശ്വാസം നിലച്ചു പോകുന്ന സ്ലീപ്പ് അപ്നിയ, ഉറക്കത്തില്‍ കാലിട്ടടിക്കുന്ന പ്രവണത എന്നിങ്ങനെയുള്ള ഉറക്ക തകരാറുകള്‍ കണ്ടെത്തി വൈദ്യ സഹായം തേടാനും ഈ പരിശീലകര്‍ നിര്‍ദ്ദേശിക്കും. 

കുട്ടികളുടെ ഉറക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ചൈല്‍ഡ് സ്ലീപ്പ് കണ്‍സല്‍ട്ടന്റുമാര്‍ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം. ഡോ. അജിത സീതപ്പള്ളിയെ പോലുള്ള സര്‍ട്ടിഫൈഡ് സ്ലീപ്പ് കണ്‍സല്‍ട്ടന്റുമാര്‍ ഈ രംഗത്തെ പ്രമുഖ പരിശീലകരാണ്. കുട്ടികളെ നന്നായി  ഉറക്കാന്‍ മാതാപിതാക്കളെ പഠിപ്പിക്കുകായണു ചൈല്‍ഡ് സ്ലീപ്പ് കണ്‍സല്‍ട്ടന്റുമാര്‍ ചെയ്യുന്നത്. കുട്ടികളുണ്ടാകുന്നതോടെ ഉറക്കം നഷ്ടപ്പെടുന്ന പല മാതാപിതാക്കളും ഇത്തരം കണ്‍സല്‍ട്ടന്റുമാരുടെ സഹായം തേടാറുണ്ട്. ജീവിതശൈലിയും ആഹാരവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഉറക്കത്തെ ബാധിക്കുമെന്നതിനാല്‍ ആരോഗ്യ, സയന്‍സ്, ന്യൂട്രീഷന്‍ പശ്ചാത്തലമുള്ളവര്‍ക്കു തിരഞ്ഞെടുക്കാവുന്ന കരിയര്‍ മേഖലയാണ് ഇത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA