ADVERTISEMENT

ബ്ലോക്ചെയിനിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ  കേരള സ്റ്റേറ്റ് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തുന്ന പരിശീലന പദ്ധതി പൂർത്തിയാക്കിയ വിദ്യാർഥികളെത്തേടി പ്രമുഖ ഐടി കമ്പനികൾ. ആക്സിലറേറ്റഡ് ബ്ലോക്ചെയിൻ കോംപീറ്റൻസി ഡെവലപ്മെൻറ് (എബിസിഡി) എന്ന പേരിൽ ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയ കോഴ്സ് പൂർത്തിയാക്കിവർക്ക്  ഓഫറുകളുമായി  ഐബിഎസ്, സൺടെക്, യുഎസ്ടി ഗ്ലോബൽ, ഏണസ്റ്റ് ആൻഡ് യങ് തുടങ്ങിയ കമ്പനികളാണ് മുന്നോട്ടു വന്നിട്ടുള്ളത്. ഇതിനുപുറമെ ഫയ ഇന്നവേഷൻസ്, യുവിയോണിക്സ് ടെക്, മൊസാന്റാ ടെക്നോളജീസ്, ലോഗിഡോട്സ് ടെക്നോളജീസ്, ട്രിയാസിക് സൊലൂഷൻസ്, നെറ്റ് ഒബ്ജക്ട്സ്, ന്യുവെന്റോ ടെക്നോളജീസ്, എസ്എൻവൈഎം ടെക്നോളജീസ്, ഡയഗ്നൽ ടെക്നോളജീസ് എന്നിവയുമുണ്ട്.

കഴിഞ്ഞ വർഷം ജൂലൈയിലാണ് എബിസിഡി പ്രോഗ്രാം തുടങ്ങിയത്. കൂടുതൽ കമ്പനികൾ താല്പര്യം പ്രകടിപ്പിച്ചതിനാൽ ‌ വീണ്ടും അപേക്ഷ ക്ഷണിച്ചു.  എൻജിനീയറിങ് ഡിപ്ലോമക്കാർക്കും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ജോലിയുള്ളവർക്ക് വാരാന്ത്യ പരിശീലനം ലഭ്യം.

രണ്ടു ഭാഗമായുള്ള സർട്ടിഫിക്കേഷൻ, പരിശീലനത്തിലൂടെ നൽകുന്നു. ഫുൾ-സ്റ്റാക് ഫൗണ്ടേഷൻ സ്കിൽ സർട്ടിഫിക്കറ്റും ഇന്റർമീഡിയറ്റ് തലത്തിൽ ബ്ലോക്ചെയിൻ സാങ്കേതികവിദ്യാ സർട്ടിഫിക്കറ്റും. ഫുൾസ്റ്റാക്കിന് 124 മണിക്കൂറാണ് സമയം. സംസ്ഥാന സർക്കാരിനു കീഴിലുള്ള ഐസിടി അക്കാദമിയാണ് കോഴ്സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ബ്ലോക്ചെയിൻ പരീശീലനപരിപാടി മൂന്നു മൊഡ്യൂളുകളിലാണ് തയാറാക്കിയിരിക്കുന്നത്.

ഐഐഐടിഎം-കെയിലെ ഗവേഷണ, വികസന വിഭാഗമായ കേരള ബ്ലോക്ചെയിൻ അക്കാദമിയാണ് ഇതു വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്.ഫുൾ സ്റ്റാക് പൂർത്തിയായവർക്ക് ഇപ്പോൾ ലഭിക്കുന്ന ശരാശരി വേതനത്തേക്കാൾ 15 ശതമാനം വരെ അധികം തുകയുടെ വാഗ്ദാനമുണ്ടെന്ന് കെ ഡിസ്ക് സ്ട്രാറ്റജി അഡ്വൈസർ ഡോ.പി.വി.ഉണ്ണികൃഷ്ണൻ പറ​ഞ്ഞു. ബ്ലോക്ചെയിൻ സർട്ടിഫിക്കറ്റ് നേടുന്ന തുടക്കക്കാർക്ക് പ്രതിവർഷം 6 ലക്ഷം രൂപ മുതലാണ് വാഗ്ദാനം. മികച്ച അക്കാദമിക് യോഗ്യതയുള്ളവർക്ക് പ്രതിവർഷം 48 ലക്ഷം രൂപ വരെ നൽകാൻ വിദേശകമ്പനികൾ തയാറാണെന്നും അർഹരായവരെ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂമറിക്കൽ എബിലിറ്റി, ലോജിക്കൽ റീസണിങ്, കംപ്യൂട്ടർ സയൻസ് ബേസിക്സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷൻ സ്കിൽ ട്രെയിനിങ് പ്രോഗ്രാമിലേക്കു  വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. അടുത്ത പ്രവേശന പരീക്ഷ 16നാണ്. പ്രവേശനപരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് 70 ശതമാനം ഫീസിളവു ലഭിക്കും. 

ഒൻപതു വരെ അപേക്ഷ നൽകാം. വിവരങ്ങൾ: 04712700813, 8078102119. www.abcd.kdisc.kerala.gov.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com