ADVERTISEMENT

ആരെയെങ്കിലും കണ്ടാല്‍ നാം സംഭാഷണം ആരംഭിക്കുക എന്തെങ്കിലും കൊച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ടായിരിക്കും. പലപ്പോഴുമത് എന്താണ് വിശേഷമെന്നോ സുഖമാണോ എന്നൊക്കെയാകും. എന്നാല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത് ഈ ഒഴുക്കന്‍ മട്ടിലുള്ള എന്താണ് വിശേഷം ചോദ്യവുമായി സംഭാഷണം ഒരിക്കലും ആരംഭിക്കരുതെന്നാണ്. 

കാരണം ഈ ചോദ്യത്തിന് സുഖമാണ്, അല്ലെങ്കില്‍ കുഴപ്പമില്ല എന്ന മട്ടില്‍ ഒഴുക്കന്‍ മറുപടി മാത്രമേ മിക്കവാറും ലഭിക്കാറുള്ളൂ. കൂടുതല്‍ മെച്ചപ്പെട്ട സംഭാഷണത്തിലേക്ക് അത് നയിക്കാറില്ല. വ്യക്തിഗത സംഭാഷണങ്ങളിലും ചര്‍ച്ചകളിലുമൊക്കെ കൊച്ചു വര്‍ത്തമാനത്തിനു മഞ്ഞുരുക്കി ഫലപ്രദമായ സംഭാഷണ പാതയിലേക്ക് നമ്മെ നയിക്കാനുള്ള കഴിവുണ്ട്. ജീവിതത്തില്‍ വിജയം നേടിയ വ്യക്തികള്‍ സംഭാഷണത്തിന്റെ ആരംഭത്തിലുള്ള  കൊച്ചു വര്‍ത്തമാനത്തെ അതിവിദഗ്ധമായി ഉപയോഗിച്ചവരാണ്. 

300ലധികം ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ വിലയിരുത്തി കൊച്ചുവര്‍ത്തമാനം ഉത്പാദനക്ഷമമായ സംഭാഷണത്തിലേക്കു നയിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും ഗവേഷകര്‍ പറഞ്ഞു തരുന്നു.

1. ആധികാരികമാകട്ടെ ചോദ്യം
ആധികാരികത, മറ്റേ വ്യക്തിയുമായിട്ടുള്ള ബന്ധം, നിങ്ങളുടെ ടേസ്റ്റ് എന്നിവ ഈ കൊച്ചുവര്‍ത്തമാനത്തിലൂടെ വെളിവാക്കണമെന്നു ഗവേഷകര്‍ പറയുന്നു. ചോദ്യത്തിന് ആധികാരികതയുണ്ടാകണം. അവ മറ്റേയാളുമായി ഒരു തരത്തിലുള്ള ബന്ധമുണ്ടാക്കാന്‍ സാധിക്കുന്നതായിരിക്കണം. നിങ്ങളുടെ സംഭാഷണത്തിലെ ടേസ്റ്റ് എന്താണ് എന്നും ഈ ചോദ്യത്തിലൂടെ വെളിപ്പെടുത്തണം. ഉദാഹരണത്തിനു നിങ്ങളെ കാണുമ്പോള്‍ ഒരു സെലിബ്രിറ്റിയെ ഓര്‍മ്മ വരുന്നുണ്ട്. പക്ഷേ, ആരാണെന്നു പെട്ടെന്നു പറയാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് ആരോടെങ്കിലും സാമ്യമുള്ളതായി തോന്നിയിട്ടുണ്ടോ. 

2. ക്ലീഷേ ചോദ്യങ്ങള്‍ ഒഴിവാക്കാം
ട്രാഫിക്കിനെ കുറിച്ചും കാലാവസ്ഥയെ കുറിച്ചുമൊക്കെയുള്ള ക്ലീഷേ ചോദ്യങ്ങള്‍ ഒഴിവാക്കാം. 

3. നിരീക്ഷണം പ്രധാനം
വാ തുറക്കുന്നതിനു മുന്‍പു കണ്ണു തുറന്നു വയ്ക്കുക. ഒരു ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടുത്തെ ചുവരില്‍ തൂങ്ങുന്ന ഒരു ചിത്രമോ, ഒരു കുടുംബചിത്രമോ, പുതിയൊരു ഉപകരണമോ അങ്ങനെ കൗതുകം തോന്നുന്ന എന്തെങ്കിലുമൊക്കെ കണ്ടു വയ്ക്കുക. തുടര്‍ ചോദ്യങ്ങളുമായി ഒരു സംഭാഷണം കെട്ടിപ്പടുക്കാന്‍ ഈ നിരീക്ഷണം സഹായിക്കും. 

4. എന്തെങ്കിലും വാര്‍ത്തകള്‍ പങ്കുവയ്ക്കാം
നിങ്ങളെ സംബന്ധിച്ചു പുതുതായി എന്തെങ്കിലും പങ്കുവയ്ക്കുന്നതും മറ്റുള്ളവരുമായി പെട്ടെന്ന് ഒരു ഇഴയടുപ്പം ഉണ്ടാക്കും. ഉദാഹരണത്തിനു ഞാന്‍ കഴിഞ്ഞ മാസം ഒരു റേസിങ് ബൈക്ക് വാങ്ങി. അല്ലെങ്കില്‍ ഞാന്‍ കഴിഞ്ഞ മാസം മുതല്‍ പുകവലി നിര്‍ത്തി എന്നൊക്കെ പറയാം. ഒരു യോഗം ആരംഭിക്കുമ്പോള്‍ അടുത്തിടെ നിങ്ങളുടെ ജീവിതത്തില്‍ നടന്ന ഒരു കൗതുകകരമായ കാര്യം പങ്കുവച്ചു കൊണ്ട് ആരംഭിക്കാം എന്ന് പറഞ്ഞു നോക്കൂ. ഔദ്യോഗിക പിരിമുറക്കങ്ങള്‍ അയച്ച് സൗഹാര്‍ദ്ദപൂര്‍ണ്ണവും കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവുമായ ചര്‍ച്ചകള്‍ക്കു തിരി കൊളുത്താന്‍ ഇതുവഴി സാധിക്കും. 

5. തുടക്കത്തിലേ സംസാരിക്കൂ
ഒരു ചര്‍ച്ചയിലായാലും, കോണ്‍ഫറന്‍സ് കോളില്‍ ആണെങ്കിലും കിട്ടുന്ന അവസരത്തില്‍ ആദ്യം തന്നെ സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ കാത്തിരുന്നാല്‍ നിങ്ങള്‍ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ മറ്റു ചിലര്‍ പറഞ്ഞെന്നു വരാം. നിങ്ങളുടെ കൂടുതല്‍ സംഭാഷണപ്രിയരായ സഹപ്രവര്‍ത്തകര്‍ ചര്‍ച്ച മൊത്തത്തില്‍ ഏറ്റെടുത്തെന്നും വരാം. 

6. എങ്ങനെ പറഞ്ഞു എന്നതും പ്രധാനം
എന്തു പറയുന്നു എന്നതു മാത്രമല്ല, എങ്ങനെ പറഞ്ഞു എന്നതും പ്രധാനമാണ്. നിങ്ങളുടെ ശബ്ദം, മുഖഭാവം, കണ്ണില്‍ നോക്കിയുള്ള സംസാരം എന്നിവയെല്ലാം പ്രധാനമാണ്. ഒരാളോടു സംസാരിക്കുമ്പോള്‍ അവരുടെ മുഖത്തു നോക്കി സംസാരിക്കുക. ഫോണിലാണെങ്കില്‍ ഇടയ്ക്കു ഹൃദ്യമായി ചിരിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com