sections
MORE

ഒച്ചിനെ വെല്ലും ഒാൺലൈൻ പിഎസ്‌സി പരീക്ഷ

psc
SHARE

പരീക്ഷ നടത്തി ദിവസങ്ങൾക്കകം ഫലം പ്രസിദ്ധീകരിക്കുമെന്ന് വീരവാദം മുഴക്കി വകുപ്പുതല പരീക്ഷകൾ ഒാൺലൈൻ വഴി നടത്താൻ തീരുമാനിച്ച പിഎസ്‌സി ഇതുവരെ നടത്തിയ ഒാൺലൈൻ പരീക്ഷകളുടെ അവസ്ഥ കൂടി പരിശോധിക്കേണ്ടതാണ്. ഏറെ കൊട്ടിഘോഷിച്ച്  ന‌ടപ്പാക്കിയ ഒാൺലൈൻ പരീക്ഷകൾ അടിമുടി താളം തെറ്റുകയാണ്. ഒരു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ ഒാൺലൈൻ പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് ഒരു വർഷമാകാറായിട്ടും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല. 2018 ഏപ്രിൽ മുതൽ പിഎസ്‌സി നടത്തിയ പല പരീക്ഷകളുടെയും റാങ്ക് ലിസ്റ്റുകൾ ഇനിയും പ്രസിദ്ധീകരിക്കാൻ ബാക്കിയാണ്.  ചില തസ്തികകളിലാകട്ടെ ഷോർട്ട് ലിസ്റ്റുപോലും പ്രസിദ്ധീകരിക്കാൻ പിഎസ്‌സിക്ക് കഴിഞ്ഞിട്ടില്ല. കോടിക്കണക്കിന് രൂപ മുടക്കി തുടങ്ങിയ ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ കൊണ്ട് എന്തു പ്രയോജനമാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിനിടെയാണ് വകുപ്പുതല പരീക്ഷകളും  ഒാൺലൈനിലേക്ക് മാറ്റിയത്. 

പിഎസ്‌സിയുടെ തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിലെ  പരീക്ഷാ കേന്ദ്രങ്ങളിലാണ് ഇപ്പോൾ ഒാൺലൈൻ പരീക്ഷകൾ നടത്തുന്നത്. രണ്ടു ബാച്ചുകളായി 1700 പേർക്ക് ഇവിടെ പരീക്ഷ എഴുതാം. സംസ്ഥാനത്തെ സർക്കാർ/സർക്കാർ നിയന്ത്രിത എൻജിനീയറിങ് കോളജുകളും ഇപ്പോൾ ഒാൺലൈൻ പരീക്ഷ നടത്താനായി ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ രണ്ടു ബാച്ചായി 8500 പേർക്ക് പരീക്ഷ എഴുതാം. ഇതിന്റെ തുടക്കമായാണ് എൻജിനീയറിങ് വിദ്യാർഥികൾക്ക് മാർച്ച് ഒൻപതിന് ഒാൺലൈൻ പരീക്ഷ നടത്തിയത്.  ഇതിന്റെ ജയപരാജയങ്ങൾ വിലയിരുത്തിയാവും വിവിധ തസ്തികകളിലെ ഒാൺലൈൻ പരീക്ഷകൾ പിഎസ്‌സിക്കു പുറത്തുള്ള എൻജിനീയറിങ് കോളജുകളിലേക്ക് മാറ്റുക. വകുപ്പുതല പരീക്ഷകൾകൂടി ഒാൺലൈനിലേക്കു മാറ്റിയതിനാൽ കൂടുതൽപേർക്ക് പരീക്ഷയ്ക്കുള്ള സൗകര്യം ഒരുക്കാനാണ് പിഎസ്‌സിക്കു പുറത്ത് പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തിയിരിക്കുന്നത്.  

കോടിക്കണക്കിന് രൂപയാണ് ഒാരോ ഒാൺലൈൻ പരീക്ഷാ കേന്ദ്രം തയാറാക്കുന്നതിനും പിഎസ്‌സി മുടക്കിയിരിക്കുന്നത്. എന്നാൽ അതിന്റെ പ്രയോജനമൊന്നും  ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരീക്ഷ നടത്തി ഒരു മാസം അല്ലെങ്കിൽ 45 ദിവസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയുമെന്നായിരുന്നു ഇതിന്റെ മേന്മയായി പിഎസ്‌സി അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ അവകാശ വാദം തുടക്കത്തിലേ പൊളിഞ്ഞു. പരീക്ഷ നടത്തി 10 മാസമായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത തസ്തികയുണ്ട്. 

ഒഎംആർ പരീക്ഷയെ അപേക്ഷിച്ച് വളരെ കുറച്ച് ഉദ്യോഗാർഥികൾ മാത്രമാണ് ഒാൺലൈൻ പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തുന്ന അന്നുതന്നെ വിജയികളുടെ ലിസ്റ്റ് തയാറാക്കാൻ കഴിയും. എന്നാൽ ഉത്തരസൂചിക പ്രസിദ്ധീകരണം, തിരുത്തൽ തുടങ്ങിയ കടമ്പകളുള്ളതിനാൽ ഇതിനു ശേഷമേ ഷോർട്ട്/സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. ഉദ്യോഗാർഥികളുടെ എണ്ണം കുറവായതിനാൽ പരമാവധി രണ്ടു മാസത്തിനുള്ളിൽ ഇന്റർവ്യൂ/സർട്ടിഫിക്കറ്റ് പരിശോധന എന്നിവകൂടി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാം.  എന്നാൽ ഇതൊന്നും നടപ്പാക്കാൻ പിഎസ്‌സിക്ക് സാധിച്ചിട്ടില്ല. 

അപേക്ഷാ ഫീസ് ഏർപ്പെടുത്താനും പ്രായപരിധി കുറയ്ക്കാനും ആലോചന
ഭരണപരിഷ്കാര കമ്മിഷൻ പിഎസ്‌സിയുമായി  നടത്തിയ ചർച്ചയിൽ സുപ്രധാനനിയമനങ്ങൾ പിഎസ്‌സിക്കു പുറത്തേക്ക് കൈമാറുന്നതിനു പുറമേ തൊഴിലന്വേഷകരെ പ്രതികൂലമായി  ബാധിക്കുന്ന വേറെയും നിർദേശങ്ങൾ ഉണ്ടായിരുന്നതിന്റെ രേഖകൾ പുറത്ത്. ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് ഏർപ്പെടുത്തൽ, സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി കുറയ്ക്കൽ, പിഎസ്‌സി പരീക്ഷ എഴുതുന്നതിനുള്ള അവസരങ്ങളുടെ എണ്ണം പരിമിതപ്പെടുത്തൽ തുടങ്ങി 10 വിഷയങ്ങളാണ് ഫെബ്രുവരി 27നു നടത്തിയ ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നത്. ഔദ്യോഗിക വൃത്തങ്ങൾ നിഷേധിക്കുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയിലെ നിയമനം പിഎ‌സ്‌സിയിൽ നിന്നു മാറ്റുന്നതും, വകുപ്പുതലപരീക്ഷകൾ, ഡിപിസി എന്നിവ ഒഴിവാക്കുന്നതും ചർച്ചയിലെ അഞ്ചും ആറും ഇനങ്ങളായി  ഉൾപ്പെടുത്തിയത് അജണ്ടയിൽ വ്യക്തമാണ്. 

ചർച്ചാവിഷയങ്ങളിലെ അഞ്ചാം ഇനം പിഎസ്‌സിയുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഡിപ്പാർട്മെന്റൽ ടെസ്റ്റുകൾ, ഡിപിസി (ഡിപ്പാർട്മെന്റൽ പ്രമോഷൻ കമ്മിറ്റി) തുടങ്ങി നിലവിൽ പിഎസ്‌സി നിർവഹിക്കുന്ന ചുമതലകൾ ഒഴിവാക്കൽ എന്നതായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ തുടങ്ങിയവയുടെ റിക്രൂട്മെന്റിനായി  ‘നോട്ടിഫൈഡ് സെക്ടേഴ്സ് റിക്രൂട്മെന്റ് കമ്മിഷൻ’ രൂപീകരിക്കണം എന്നതായിരുന്നു ആറാം ഇനം. ഇതോടൊപ്പം  പൊതുവായ സ്ക്രീനിങ് ടെസ്റ്റുകൾ നടത്തി ഇതിൽ വിജയിക്കുന്നവർക്കു മാത്രം വിജ്ഞാപനപ്രകാരമുള്ള തസ്തികയിൽ അപേക്ഷ നൽകാൻ അനുവദിക്കുക, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഎംആർ പരീക്ഷയ്ക്കൊപ്പം  ഭാഷാപ്രാവീണ്യം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ പരിശോധിക്കുന്ന പരീക്ഷകൾകൂടി നടത്തുക എന്നിവയും ഭരണപരിഷ്കാര കമ്മിഷന്റെ ചർച്ചയിൽ ഉൾപ്പെട്ടിരുന്നു. സുപ്രധാന തസ്തികകളിലേക്കുള്ള നിയമനച്ചുമതല ബാഹ്യ ഏജൻസിയെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നതായി  മാർച്ച് നാലിന് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചെങ്കിലും  പിഎസ്‌സി ചെയർമാനും ഭരണപരിഷ്കാര കമ്മിഷനും ഇത് നിഷേധിക്കുകയായിരുന്നു. 

ഏജൻസിക്ക് വിടില്ല:  മെംബർ സെക്രട്ടറി
പിഎസ്‌സി പരീക്ഷകൾ ബാഹ്യ ഏജൻസികൾക്കു കൈമാറാൻ ഭരണപരിഷ്കാര കമ്മിഷൻ ഒരു നിർദേശവും വച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും കമ്മിഷൻ മെംബർ സെക്രട്ടറി ഷീലാ തോമസ് പ്രതികരിച്ചു. ‘ഉദ്യോഗസ്ഥ പരിഷ്കരണം’ എന്ന വിഷയത്തിൽ കമ്മിഷൻ നടത്തുന്ന പഠനത്തിന്റെ ഭാഗമായാണു പിഎസ്‌സിയുമായി ചർച്ച നടത്തിയത്. പിഎസ്‌സി നടപടികൾ വേഗത്തിലാക്കുന്നതിനും ജോലിഭാരം കുറയ്ക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായി ‘സ്വയംഭരണ വിഭാഗങ്ങൾക്കായുള്ള റിക്രൂട്മെന്റ് കമ്മിഷൻ’ രൂപീകരിക്കുന്നത് ഉചിതമാകും എന്ന നിർദേശം മൂന്നാം ഭരണപരിഷ്കാര കമ്മിറ്റി മുന്നോട്ടു വച്ചിരുന്നു. ചർച്ചയിൽ ഈ നിർദേശത്തിന്മേലുള്ള അഭിപ്രായം തേടി. 

ഈ പരീക്ഷകൾ പിഎസ്‌സി സമയബന്ധിതമായും കാര്യക്ഷമമായും നടത്തുന്നതിനാൽ പുതിയ റിക്രൂട്മെന്റ് കമ്മിഷന്റെ ആവശ്യമില്ലെന്നും പിഎസ്‌സിയെ ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നും ചെയർമാൻ അറിയിച്ചു. ജോലിഭാരം കുറയ്ക്കുന്നതിനു വകുപ്പുതല പരീക്ഷകൾ, ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ കമ്മിറ്റി (ഡിപിസി) തുടങ്ങിയവ പിഎസ്‌സിയിൽ നിന്ന് ഒഴിവാക്കാൻ കഴിയുമോ എന്നതും ചർച്ച ചെയ്തിരുന്നു. നിലവിലുള്ള രീതികളിൽ മാറ്റം ആവശ്യമില്ലെന്നാണു ചെയർമാൻ അഭിപ്രായപ്പെട്ടതെന്നും ഷീല തോമസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA