ADVERTISEMENT

സ്മാര്‍ട്ട് ആണെന്നു സ്വയം കരുതുന്ന, എല്ലാ യോഗങ്ങളിലും നിങ്ങളെ പുച്ഛത്തോടെ നോക്കുന്ന ഒരു സഹപ്രവര്‍ത്തകന്‍ നിങ്ങള്‍ക്കുണ്ടോ?  ജോലിസ്ഥലത്ത് മറ്റുള്ളവര്‍ക്കു ലഭിക്കുന്ന വിജയത്തിലും അംഗീകാരത്തിലും അപ്രൈസല്‍ സ്‌കോറിലും വിദേശയാത്രയിലുമൊക്കെ നിങ്ങള്‍ അസൂയാലുവാണോ? ചിലര്‍ നിങ്ങളെക്കുറിച്ചു ഗോസിപ്പ് പരത്തുന്നുണ്ടെന്ന് തോന്നാറുണ്ടോ? നിങ്ങളുടെ ടീമിലെ സ്മാര്‍ട്ടായ, സുന്ദരികളും സുന്ദരന്മാരുമായ വ്യക്തികളുടെ സാന്നിധ്യത്തില്‍ അപകര്‍ഷതാ ബോധം തോന്നിയിട്ടുണ്ടോ? നിങ്ങള്‍ക്കുതന്നെ അറിയാത്ത കാരണങ്ങള്‍ കൊണ്ട്, മറ്റുള്ളവരുമായി ബന്ധപ്പെട്ട് നിങ്ങള്‍ ജോലിസ്ഥലത്ത് സമ്മര്‍ദം അനുഭവിക്കാറുണ്ടോ ? 

ഈ ചോദ്യങ്ങളില്‍ എന്തിനെങ്കിലുമൊക്കെ ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളെ കാത്ത് ഒരു സന്തോഷ വാര്‍ത്തയും ദുഃഖ വാര്‍ത്തയുമുണ്ട്. ദുഃഖവാര്‍ത്ത, നിങ്ങള്‍ ജോലിസ്ഥലത്ത് നെഗറ്റീവ് ചിന്തകളാലും വികാരങ്ങളാലുമാണ് ചുറ്റപ്പെട്ടിരിക്കുന്നത്. അവ വൈകാതെ നിങ്ങളെ ഒരു നെഗറ്റീവ് വ്യക്തിയാക്കി കരിയര്‍ തന്നെ നശിപ്പിച്ചേക്കാം. സന്തോഷ വാര്‍ത്ത‍, ഈ നെഗറ്റീവ് ചിന്തകള്‍ നിങ്ങള്‍ക്കുണ്ട് എന്നു തിരിച്ചറിഞ്ഞ സ്ഥിതിക്ക് അവയെ നിങ്ങള്‍ക്കു മറികടക്കാന്‍ സാധിക്കും. 

തൊഴിലടങ്ങളിലെ അസൂയ, അപകർഷത, വര്‍ക്ക് പൊളിറ്റിക്‌സ്, സമ്മര്‍ദം പോലെയുള്ള നെഗറ്റീവ് ചിന്തകളെ മറികടക്കാന്‍ 10 മാര്‍ഗങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇന്‍ ഇന്ത്യ ടോപ്പ് വോയ്സ് 2018 ആയി തിരഞ്ഞെടുത്ത സ്വാതി അഗര്‍വാളാണ്. സ്വന്തം അനുഭവത്തില്‍ നിന്നാണ് സ്വാതി നെഗറ്റീവ് ചിന്തകളെ നേരിടാനുള്ള വഴി കണ്ടുപിടിച്ചത്. 

കാരണക്കാരെ കണ്ടു പിടിക്കുക

തുടക്കത്തിലെ ചോദ്യങ്ങള്‍ വായിച്ചപ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയ വ്യക്തികള്‍ ആരെല്ലാമാണ്? അവരെ കേന്ദ്രമാക്കിയാവും നിങ്ങളുടെ നെഗറ്റീവ് ചിന്തകള്‍ രൂപം കൊള്ളുന്നത്. അവര്‍ മോശം ആളുകളായതു കൊണ്ടു മാത്രമാവില്ല നിങ്ങള്‍ക്കു നെഗറ്റീവ് ചിന്തയുണ്ടായതെന്ന് ആദ്യം തന്നെ മനസ്സിലാക്കുക. എല്ലാത്തിന്റെയും ആണിക്കല്ല് നിങ്ങളുടെ മനസ്സാണ്. 

ചിന്തിക്കാന്‍ മാത്രം മൂല്യമുള്ളവരാണോ അവര്‍?

അവർ ഒന്നും അറിയാത്ത, അവഗണിക്കത്തക്ക വിധം കഴിവു കെട്ടവരാണോ എന്ന് പരിശോധിക്കണം. അതോ അവര്‍ ശരിക്കും മിടുക്കരാണോ? അവരുടെ വ്യക്തിത്വവും കഴിവുകളും പ്രശസ്തിയുമൊക്കെയാണോ അവരെ നിങ്ങള്‍ക്ക് അപ്രിയരാക്കുന്നത് ? ഇതിനെക്കുറിച്ച് വസ്തുനിഷ്ഠമായി പരിശോധിക്കുക. 

ജോലിയില്‍ നിങ്ങള്‍ക്കവരെ ആവശ്യമുണ്ടോ ?

നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയില്‍ അവരെ നിങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട് അവരുമായി ഇടപെടേണ്ടത് ആവശ്യമാണെങ്കില്‍ അവരെ കൈകാര്യം ചെയ്യാനുള്ള വഴികള്‍ കണ്ടെത്തിയേ മതിയാകൂ. നമ്മുടെ ജോലിയുമായി അവര്‍ക്ക് നേരിട്ടു ബന്ധമില്ലെങ്കില്‍ അവരെ പൂര്‍ണമായും ഒഴിവാക്കുക. അവര്‍ അവിടെയുണ്ടെന്നു പോലും കണക്കാക്കേണ്ട.

മേല്‍പറഞ്ഞ ചോദ്യങ്ങള്‍ക്ക് രണ്ടിനും അല്ല എന്നാണ് ഉത്തരമെങ്കില്‍ നെഗറ്റീവിറ്റിയുടെ കാരണക്കാരെ പൂര്‍ണമായും മറന്നു കളയുക. അതെ എന്നാണ് ഉത്തരമെങ്കില്‍, ഒന്നു ചിന്തിക്കുക. അവരുടെ പ്രശസ്തിക്കും ജനപ്രിയതയ്ക്കും കാരണമായ പോസിറ്റീവ് കാര്യങ്ങളും സ്വഭാവ സവിശേഷതകളും എന്തെന്ന് ആലോചിക്കുക. അവരെ മനസ്സിലാക്കാനും അവരുടെ കഥകളറിയാനും ശ്രമിക്കുക.

 സൂപ്പര്‍ സ്റ്റാറുകളെ ബഹുമാനിക്കാന്‍ പഠിക്കെടോ

മേല്‍പറഞ്ഞ വ്യക്തികളെ നേരിട്ടും നാലാള്‍ കൂടുന്നിടത്തുമൊക്കെ വച്ച് ബഹുമാനിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുക. എല്ലാവര്‍ക്കും അഭിനന്ദനം ഇഷ്ടമാണെന്ന് ഓര്‍ക്കുക. അവരോടു നന്നായി പെരുമാറിയാല്‍ അത് മറ്റൊരു തരത്തില്‍ നിങ്ങള്‍ക്കു പോസിറ്റീവായി ഭവിക്കും.

ഇനി അല്‍പം ആത്മപരിശോധന

ഇനി നമ്മുടെ ഉള്ളിലേക്ക് ഒന്നു നോക്കാം. ചില വ്യക്തികളെ നമുക്ക് ഇഷ്ടമില്ലാത്തത് നമുക്കില്ലാത്ത എന്തെങ്കിലും ഗുണം അവര്‍ക്ക് ഉള്ളതു കൊണ്ടായിരിക്കാം. ആ ഗുണം വളര്‍ത്താന്‍ എന്തുകൊണ്ട് നമുക്കും ശ്രമിച്ചു കൂടാ. അങ്ങനെ തീരുമാനിച്ചാല്‍, അതിനായി ഈ വ്യക്തികളെത്തന്നെ സമീപിക്കാം. ഉദാഹരണത്തിന്, പ്രസംഗിക്കാനുള്ള കഴിവ്. നമ്മള്‍ ഇഷ്ടപ്പെടാത്ത ആ വ്യക്തി പ്രസംഗത്തില്‍ കിടിലനാണെങ്കില്‍ അയാളെപ്പോലെ നന്നായി പ്രസംഗിക്കാന്‍ എന്തു ചെയ്യണമെന്നു ചോദിച്ച് അയാളെ സമീപിക്കുക. ഇനി നേരിട്ട് ചോദിക്കാന്‍ വയ്യെങ്കില്‍ അവരുടെ വളര്‍ച്ചാപാത വിശലകനം ചെയ്യുക. അവര്‍ എടുത്ത തീരുമാനങ്ങള്‍, പങ്കെടുത്ത പരിശീലന ക്ലാസ് എന്നിങ്ങനെ, ആ പ്രത്യേക വൈഭവം വളര്‍ത്താന്‍ അവര്‍ ചെയ്ത കാര്യങ്ങള്‍ കണ്ടെത്തി നമ്മുടെ ജീവിതത്തിലും അവ പരീക്ഷിച്ചു നോക്കൂ. 

നിങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുക

അടുത്തിരിക്കുന്നവന്‍ പ്രസംഗത്തിലും പ്രസന്റേഷനിലുമൊക്കെയാകും മിടുക്കന്‍. പക്ഷേ, നിങ്ങളെപ്പോലെ മനോഹരമായി എഴുതാനോ കോഡ് ചെയ്യാനോ അയാൾ‌ക്ക് അറിയില്ലായിരിക്കും. അതുകൊണ്ട് മറ്റൊരാളെ അനുകരിക്കും മുന്‍പ് സ്വന്തം വ്യക്തിത്വത്തെ അങ്ങനെതന്നെ അംഗീകാരിക്കാന്‍ പഠിക്കുക. സ്വന്തം ശക്തിയും ദൗര്‍ബല്യങ്ങളും കണ്ടെത്തുക. അപ്പോള്‍ മാത്രമേ നമ്മള്‍ വികസിപ്പിക്കേണ്ട മേഖലകള്‍ കണ്ടെത്തി അതിനുവേണ്ട കാര്യങ്ങള്‍ ആരംഭിക്കാന്‍ കഴിയൂ. നിങ്ങളെ പൂര്‍ണമായും മാറ്റിമറിക്കാനൊന്നും ശ്രമിക്കരുത്. ഒരു സമയം രണ്ടോ മൂന്നോ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാം. പതിയെപ്പതിയെ നിങ്ങള്‍ ആ മത്സരാത്മക നെഗറ്റീവ് വിചാരത്തില്‍നിന്നു പുറത്തു വരും. കഴിവുള്ള ഒരാളെ കാണുമ്പോള്‍ പ്രതിയോഗി എന്നതിനു പകരം പാഠപുസ്തകം എന്നു നാം ചിന്തിക്കാന്‍ തുടങ്ങും. 

വലുതായി ചിന്തിക്കൂ

ചെറിയ ലക്ഷ്യങ്ങള്‍ കുറിക്കുന്നത് ഒരു പ്രശ്‌നമാണ്. നിങ്ങള്‍ക്ക് അസൂയ തോന്നുന്നുവെങ്കില്‍ അത് അടുത്ത സീറ്റിലെ സുരേഷിനെ ഓര്‍ത്താകരുത്. വളരെ വലിയ ഒരാളെ ഓര്‍ത്ത് അസൂയപ്പെടൂ. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അസൂയപ്പെടുമ്പോള്‍ അത് ടീം ലീഡര്‍ ലക്ഷ്മിയെ ഓര്‍ത്താകരുത്. മറിച്ച് മിസ് വേള്‍ഡ് മാനുഷി ചില്ലറെ ഓര്‍ത്തായിരിക്കണം.   

എപ്പോൾ പുറത്തുപോകണമെന്ന് അറിയുക

പാരവയ്പ്പ് വീരന്മാരായ ടീം ലീഡർമാർ, അർഹതയില്ലാതെ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്ന മാനേജർമാർ, സ്വാർഥമതികളായ സഹപ്രവർത്തകർ എന്നിങ്ങനെ ഒട്ടും ചേർന്നു പോകാൻ പറ്റാത്ത ഓഫിസ് അന്തരീക്ഷമാണ് ഉള്ളതെങ്കിൽ അവിടെനിന്ന് എപ്പോൾ ഗുഡ്ബൈ പറഞ്ഞു പോരണം എന്നുകൂടി അറിഞ്ഞിരിക്കണം.

മനസ്സിൽ പക സൂക്ഷിക്കേണ്ട

ആത്യന്തികമായി എല്ലാവരും വെറും മനുഷ്യർ മാത്രമാണ്. നമ്മളെപ്പോലെ ജീവിച്ച് ഒരു നാൾ മരിച്ചു പോകുന്ന മനുഷ്യർ. ഓഫിസിലെ സ്ഥാനമാനങ്ങളും മറ്റും ഇതിനിടെ വെറും ക്ഷണികമായ കാര്യങ്ങൾ മാത്രം. അതുകൊണ്ട് ആരോടും മനസ്സിൽ വിദ്വേഷമോ പകയോ സൂക്ഷിക്കേണ്ട കാര്യമില്ല. ചിലപ്പോൾ വലിയ ശത്രുക്കൾ പിൽക്കാലത്ത് ഏറ്റവുമടുത്ത മിത്രങ്ങളായെന്നും വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com