sections
MORE

ശ്രദ്ധ പതറാതെ ഇരിക്കാൻ അഞ്ചു വഴികൾ

Attention
SHARE

എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധിച്ച് ഏകാഗ്രതയോടെ ഇരിക്കുക എന്നത് ഇന്നത്തെ കാലത്തു വലിയ ബുദ്ധിമുട്ടാണ്. ഒരു 10 മിനിറ്റു തികച്ച് ഏകാഗ്രതയോടെ ഇരിക്കാൻ പലർക്കും കഴിയാറില്ല. ഫലമോ, നമ്മുടെ പല ജോലികളും പലപ്പോഴും പാതിവഴിയിൽ കിടക്കും. ഇതിലെ പ്രധാന വില്ലൻ മൊബൈൽ ഫോണുകളാണ്. എന്തെങ്കിലും കാര്യത്തിൽ ശ്രദ്ധിച്ചിരിക്കാം എന്നു കരുതിയാൽ ഉടനെ എത്തും മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ. ഒന്നുകിൽ വാട്സ്ആപ്പ്, അല്ലെങ്കിൽ ഫെയ്സ്ബുക്ക്, അതുമല്ലെങ്കിൽ ഇൻസ്റ്റാഗ്രാമോ, ജിമെയിൽ മെസേജോ. പിന്നെ അരമണിക്കൂർ അതിന്റെ പിന്നാലെയാകും.

ഇനി മൊബൈൽ ഫോൺ പോലെ കണ്ണിനും കാതിനും മുമ്പിൽ നടക്കുന്ന സെൻസറി ശ്രദ്ധ തിരിക്കൽ ഘടകങ്ങളില്ലെന്നു വയ്ക്കുക. അപ്പോഴെത്തും മാനസികമായ ശ്രദ്ധാ വ്യതിയാന സാധ്യതകൾ. ഉണർന്നിരിക്കുന്ന സമയത്തിന്റെ പാതി സമയവും മനോരാജ്യങ്ങളിൽ മുഴുകി ഇരിക്കുന്നവരാണ് മനുഷ്യരിൽ ബഹുഭൂരിപക്ഷവും. ക്ലാസിൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ അടുത്ത ദിവസം നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മാച്ചിൽ കോഹ്ലി സെഞ്ച്വറി അടിക്കുമോ എന്നതാകും ചിലപ്പോൾ ഒരു വിദ്യാർഥിയുടെ ചിന്ത. ചിന്തകൾക്കു കടിഞ്ഞാണിട്ട്, മറ്റു ശല്യങ്ങൾ എല്ലാം ഒഴിവാക്കി ശ്രദ്ധയോടും ഏകാഗ്രതയോടും ഇരുന്നാൽ മാത്രമേ പഠിത്തമായാലും ജോലിയായാലും മികച്ച ഫലമുണ്ടാകൂ. നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് ആവശ്യമാണ്. ഈ നൂറ്റാണ്ടിൽ മനുഷ്യന് ഏറ്റവും ആവശ്യമായ സവിശേഷ ശേഷിയായി പലരും ഏകാഗ്രതയെ വിലയിരുത്തുന്നു. ഏകാഗ്രതയോടെ ഇരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:

1. നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാം
മൊബൈൽ നോട്ടിഫിക്കേഷനുകൾ നമ്മുടെ ശ്രദ്ധ തിരിക്കുമെന്ന് അറിയാമെങ്കിലും നാം പലപ്പോഴും തിരക്കിട്ട പണികൾക്കിടയിൽ പോലും മൊബൈൽ എടുക്കാൻ കൈ നീട്ടാറുണ്ട്.  ഇതിനു കാരണം പുതുമകളോടുള്ള നമ്മുടെ തലച്ചോറിന്റെ ആകർഷണമാണ്. എന്തെങ്കിലും അറിയണമെന്നും അതു തൽസമയം തന്നെ അറിയണമെന്നും തലച്ചോർ  ആഗ്രഹിക്കുന്നു. തൽസമയം എല്ലാം അറിയണമെന്ന തലച്ചോറിന്റെ ഈ കടുംപിടുത്തം നിയന്ത്രിച്ചാൽ മാത്രമേ നമുക്കു ശ്രദ്ധയോടെ ഇരിക്കാൻ സാധിക്കയുള്ളൂ. അതിനാൽ ഫോണിലെയും കംപ്യൂട്ടറിലെയും ഒക്കെ നോട്ടിഫിക്കേഷനുകൾ ഓഫാക്കി വയ്ക്കുക. പ്രധാനപ്പെട്ട സന്ദേശങ്ങൾ നഷ്ടപ്പെടാതിരിക്കാൻ രാവിലെയോ ഉച്ചയ്ക്കോ രാത്രിയിലോ ഒരു നിശ്ചിത സമയം മാത്രം മെയിലുകളും സോഷ്യൽ മീഡിയ സന്ദേശങ്ങളും നോക്കാനായി മാറ്റി വയ്ക്കുക. എന്തൊക്കെ വന്നാലും ഈ ശീലം തെറ്റിക്കാതിരിക്കുക. അത്യാവശ്യക്കാർ നിങ്ങളെ ഫോണിൽ വിളിച്ചു കൊള്ളും എന്ന് സമാധാനിക്കുക.

2. ശ്രദ്ധ മസിൽ പോലെ
ജിമ്മിലൊക്കെ പോയും ഡംബെൽ വ്യായാമം ചെയ്തും നാം മസിലു പെരുപ്പിക്കാറുണ്ടല്ലോ. അതേപോലെ ദിവസവും പരിശീലനത്തിലൂടെ വികസിപ്പിച്ചെടുക്കേണ്ട സംഗതിയാണ് ശ്രദ്ധയും ഏകാഗ്രതയും ഒക്കെ. ഡയറി എഴുത്ത്, വ്യായാമം, മെഡിറ്റേഷൻ, ജോലിക്കിടയിലെ ഇടവേളകൾ തുടങ്ങിയവയിലൂടെ ശ്രദ്ധ പതറിക്കുന്ന കാര്യങ്ങൾ ഒഴിവാക്കി ഏകാഗ്രത വർധിപ്പിക്കേണ്ടതാണ്. ടു ഡൂ ലിസ്റ്റുകൾ, ടൈം ടേബിളുകൾ, കലണ്ടർ റിമൈൻഡറുകൾ തുടങ്ങിയവ ഒരു ജോലിയിൽ ഉറച്ചു നിൽക്കാൻ സഹായിക്കും.

3. മൾട്ടിടാസ്കിങ് ഒഴിവാക്കുക
പറയുമ്പോൾ കേൾക്കാൻ സുഖമുള്ള ഒരു വാക്ക് ആണെങ്കിലും മൾട്ടിടാസ്കിങ് ഏകാഗ്രതയെ നശിപ്പിക്കുന്ന ഒരു ശീലമാണ്. നമ്മുടെ തലച്ചോർ ഒരിക്കലും മൾട്ടിടാസ്കിങ്ങിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ളതല്ല. വലിയ ബൗദ്ധിക ശേഷി വേണ്ടാത്ത അപ്രധാനമായ കാര്യങ്ങൾ ഒരുമിച്ചു ചെയ്യാൻ സാധിച്ചേക്കുമെങ്കിലും അർഥപൂർണമായ പ്രവർത്തികൾക്കു മൾട്ടിടാസ്കിങ് സഹായകമാവില്ല. മൾട്ടിടാസ്കിങ് പ്രവർത്തിയിലെ ഉല്പാദനക്ഷമതയെയും ബാധിക്കുന്നതാണ്.

4. സമയം നിക്ഷേപ പോർട്ട് ഫോളിയോ പോലെ
നമ്മുടെ സമയത്തെ ഒരു നിക്ഷേപ പോർട്ട് ഫോളിയോ പോലെ സസൂക്ഷ്മം കൈകാര്യം ചെയ്യുക. നിക്ഷേപത്തിന് എല്ലാ ഓഹരികളും നമ്മൾ തിരഞ്ഞെടുക്കാറില്ലല്ലോ. അതേ പോലെ എല്ലാ കാര്യങ്ങൾക്കും കയറി തല വച്ചു കൊടുക്കാതിരിക്കുക. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുന്നതു പോലെ അനാവശ്യമായി സമയം കളയുന്ന പരിപാടികൾ ഒഴിവാക്കുക. അതു കൊണ്ടു ചിലപ്പോൾ ചിലരെ നിരാശപ്പെടുത്തേണ്ടി വന്നേക്കാം. പക്ഷേ സമയം നമ്മുടേതാണ്. അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നത് നമ്മുടെ മാത്രം തീരുമാനമാണ്. രാത്രി കിടക്കുന്നതിനു മുൻപു പിറ്റേന്നു ചെയ്തുതീർക്കേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ലിസ്റ്റ് ചെയ്യുക അതിലേറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾക്കു തന്നെ പിറ്റേദിവസത്തെ ആദ്യമണിക്കൂറുകൾ മാറ്റിവയ്ക്കുമെന്നും ഉറപ്പാക്കുക.

5. സ്വയം ചലഞ്ചു ചെയ്യുക
എന്നും രാവിലെ ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ മറ്റൊരു ശ്രദ്ധ പതറലും കൂടാതെ ഒരു ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കും വിധം സ്വയം ചലഞ്ച് ചെയ്യുക. ഇടയ്ക്ക് ആവശ്യമായ ഇടവേളകൾ എടുക്കുക. ഇതു ദിവസവും തുടരണം. പതിയെ പതിയെ നിരവധി മണിക്കൂറുകൾ ശ്രദ്ധയോടെ ഇരുന്നു ജോലികൾ വേഗത്തിൽ തീർക്കുന്ന ഒരാളായി നിങ്ങൾ മാറും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA