sections
MORE

35 കൊല്ലം, 27കലക്ടർമാർ, തൃശൂരിന്റെ വികസന ചരിത്രത്തിനൊപ്പം നിന്ന ജനസേവകൻ

sathyan
SHARE

പ്രളയം നാടിനെ മുക്കിയ ദുരന്തകാലത്തെ 5 ദിവസങ്ങൾ... വിശ്രമമില്ലാത്ത ജോലിയിൽ കലക്ടർ ടി.വി. അനുപമ... ഊണില്ല, ഉറക്കമില്ലാതെ രാവും പകലും കലക്ടറേറ്റിൽ..അപ്പോഴെല്ലാം ഉറങ്ങാതെ ഉണ്ണാതെ അരികിലുണ്ടായിരുന്നു സത്യൻ. ഡഫേദാർ സത്യൻ. കുറച്ചുനേരം പോയിക്കിടന്നുറങ്ങിക്കൂടായിരുന്നോ എന്ന് അനുപമ ചോദിക്കും.എന്നാലും സത്യൻ  അവിടെത്തന്നെ കാണും.

‘കലക്ടർ  വരും മുൻപേ ഓഫിസിലെത്തണം. കലക്ടർ പോയിക്കഴിഞ്ഞാലേ ഇറങ്ങാവൂ..’ – അതാണു ഡഫേദാറുടെ കർത്തവ്യമെന്നു സത്യൻ  പറയുന്നു. 35 കൊല്ലം, 27കലക്ടർമാർക്കൊപ്പം ജോലി ചെയ്ത എൽത്തുരുത്ത് കോഴിപ്പറമ്പിൽ  കെ.പി. സത്യൻ തൃശൂരിന്റെ ചരിത്രത്തിനൊപ്പം യൂണിഫോമണിഞ്ഞു നിന്ന സർക്കാർ ഉദ്യോഗസ്ഥനാണ്. മേയ് 31നു വിരമിക്കുന്നതിനാൽ ഇപ്പോൾ അവധിയിൽ.

മൂന്നരപ്പതിറ്റാണ്ടു സത്യന്റെ കൺമുന്നിലൂടെ കടന്നുപോയ കലക്ടർമാരിൽ പലരും ഇപ്പോൾ ഇന്ത്യയുടെ തന്നെ ഗതി നിയന്ത്രിക്കുന്നവർ. ചീഫ് ഇലക്‌ഷൻ കമ്മിഷണർ ടിക്കാറാം മീണ, അൽകേഷ് കുമാർ ശർമ, രാജീവ് സദാനന്ദൻ, വിനോദ് റായ്, രാജു നാരായണസ്വാമി, വി.കെ. ബേബി, കെ.എം. ബീന, എംഎസ് ജയ…തുടങ്ങിയവർ…

കലക്ടർമാരുടെ വാൽസല്യവും സൗഹൃദവും ഏറ്റുവാങ്ങാനുള്ള ഭാഗ്യം സത്യനു ലഭിച്ചിട്ടുണ്ട്. കലക്ടർ രാജീവ് സദാനന്ദൻ മിക്കപ്പോഴും വീട്ടിൽനിന്ന് ഊണു കൊണ്ടുവരും. ഒപ്പം സത്യനു നൽകാൻ പ്രത്യേകം കറികളും പൊതിഞ്ഞെടുത്തിട്ടുണ്ടാവും. ചാരായം നിർത്തലാക്കിയ സമയത്തെ ഓഫിസ് പ്രവർത്തനങ്ങളിൽ  ടിക്കാറാം മീണ കാട്ടിയ ജാഗ്രതയും മറ്റും ഇപ്പോഴും സത്യന്റെ ഓർമയിലുണ്ട്. വിനോദ് റായിയുടെ കാലത്ത് ശക്തൻ സ്റ്റാൻഡ് അടക്കം നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ, രാജു നാരായണ സ്വാമിയുടെ കാലത്ത് പട്ടാളം മാർക്കറ്റ് അടക്കമുള്ള പൊളിച്ചടക്കലുകൾ… ഇവയൊക്കെ ഡഫേദാർ സത്യന്റെ കയ്യിലൂടെ കടന്നുപോയ ഫയലുകളിൽ കുറിക്കപ്പെട്ട ചരിത്രങ്ങളാണ്.

ഇപ്പോഴും ഇടയ്ക്കിടെ വിളിച്ചു സംസാരിക്കുന്നൊരു മുൻ കലക്ടറുണ്ട്. എം.എസ്. ജയ. കഴിഞ്ഞമാസവും വിളിച്ചു വീട്ടിലെ വിവരങ്ങൾ  തിരക്കി.  സത്യന്റെ  വീട്ടിൽ സൗഹൃദത്തിന്റെ പേരിൽ നേരിട്ടെത്തിയ 3 കലക്ടർമാരുണ്ട്. എൽ. രാധാകൃഷ്ണൻ, വി. രതീശൻ, എ. കൗശികൻ.തന്റെ കാലത്തുണ്ടായിരുന്ന എല്ലാ കലക്ടർമാരും സ്നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്നു സത്യൻ പറയുന്നു. 

മറ്റൊരു പ്രത്യേകത കൂടിയുണ്ട് സത്യന്. സത്യന്റെ പിറന്നാൾദിനം തൃശൂരിലെ ജനം മുഴുവൻ ആഘോഷത്തിലായിരിക്കും. തൃശൂർ  പൂരത്തിന്റെ അതേ ദിവസമാണ് ജനനം. ഡഫേദാർ ആയശേഷം ഒരിക്കൽപോലും ജന്മദിനം വീട്ടിൽ  ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. കലക്ടറോടൊപ്പം പൂരപ്പറമ്പിലാണ് പിറന്നാൾ  ദിനം.

ഡഫേദാറിന്റെ വേഷം കണ്ട് പലരും പലരീതിയിൽ  പ്രതികരിച്ചിട്ടുണ്ടെന്നു സത്യൻ. ഒന്നു രണ്ടുപേർ  ഇന്ത്യൻ  കോഫി ഹൗസിലാണോ പണിയെന്നു ചോദിച്ചു.മറുപടിയൊന്നും പറഞ്ഞില്ല. – ഇന്ത്യൻ  കോഫി ഹൗസിലെ ജോലിക്കെന്താ കുറച്ചിൽ? അതും നല്ല ജോലിയാണെന്നു സത്യൻ.കടുത്ത ചൂടുള്ള സമയത്ത് യൂണിഫോമിട്ടു ദിവസം മുഴുവൻ  നിൽക്കുമ്പോൾ  ബുദ്ധിമുട്ടുണ്ടാകാറുണ്ട്. പൊരിവെയിലത്തു നിൽക്കുന്ന ട്രാഫിക് പൊലീസിനെയും മറ്റും ഓർക്കുമ്പോൾ ആ ബുദ്ധിമുട്ടും കുറയുമെന്നു സത്യൻ.

മുൻപ് ചൗക്കീദാർ; ഇന്നു  ഡഫേദാർ സി.കെ.ജോഷി
ഡഫേദാറായിരുന്ന എൽത്തുരുത്ത് സ്വദേശി സത്യൻ വിരമിക്കുന്ന ഒഴിവിലേക്ക് കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിൽനിന്നു ഈയിടെയാണ് ജോലിയിൽ പ്രവേശിച്ചത്. 1996ൽ കലക്ടറേറ്റിൽ ചൗക്കീദാർ കം പ്യൂൺ തസ്തികയിൽ റവന്യു വകുപ്പിൽ 23–ാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചു. വരുന്ന സെപ്റ്റംബറിൽ സർവീസിൽ 23 വർഷം പൂർത്തിയാക്കും. 10 വർഷത്തെ സർവീസ് ബാക്കി. ചെന്ത്രാപ്പിന്നി ചിറ്റിലപ്പിള്ളി വീട്ടിൽ കൊച്ചപ്പന്റെയും അന്നമ്മയുടെയും മകൻ. ഭാര്യ: ജറീന. മക്കൾ: ആഞ്ജലീന, ആഷ്‌വിൻ (ഇരുവരും വിദ്യാർഥികൾ)

joshy

(കലക്ടറേറ്റിൽ കലക്ടറുടെ പ്രധാന ഓഫിസ് അറ്റൻഡന്റ് ചുമതലക്കാരൻ. റവന്യു വകുപ്പിലെ ഏറ്റവും സീനിയറായ ഓഫിസ് അസിസ്റ്റന്റ് ആണ് ഡഫേദാർ ചുമതലയേൽക്കുന്നത്. കലക്ടറേറ്റിലെ ഏത് ഓഫിസിലേക്കും കലക്ടർ‌ കൈമാറുന്ന ഫയലുകൾ എത്തിക്കണം. റവന്യു വകുപ്പിലെ ഓഫിസ് അസിസ്റ്റന്റുമാർ ഡഫേദാറിനു കീഴിൽ വരും.) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA