sections
MORE

പേടിക്കേണ്ട, അനാവശ്യ വിമർശനങ്ങൾ നടത്തുന്നവർ കഴിവില്ലാത്തവർ

criticism
SHARE

വിഖ്യാത ഗ്രീക്ക് ശിൽപി പോളിക്ലൈറ്റസ് ഒരിക്കൽ ഒരേപോലുള്ള രണ്ടു ശിൽപങ്ങൾ നിർമിച്ചു. അവയിൽ ഒന്ന് രഹസ്യമായി തന്റെ ഭാവനയ്ക്കനുസരിച്ചും മറ്റൊന്ന് നാട്ടുകാരുടെ അഭിപ്രായ നിർദേശങ്ങൾക്കനുസരിച്ചുമാണ് നിർമിച്ചത്. ശിൽപങ്ങളെക്കുറിച്ചു വിമർശനം നടത്തുന്ന വിദഗ്ധരുടെയെല്ലാം അഭിപ്രായങ്ങൾ അദ്ദേഹം സ്വീകരിച്ചു. ഒടുവിൽ പണി പൂർത്തീകരിച്ചതിനുശേഷം രണ്ടു ശിൽപങ്ങളും നഗരത്തിൽ പ്രദർശനത്തിനു വച്ചു. ഒരാളുടെയും അഭിപ്രായം കേൾക്കാതെ പോളിക്ലൈറ്റസ് നിർമിച്ച ശിൽപത്തെ ജനങ്ങൾ വാനോളം പുകഴ്ത്തി. അടുത്ത ശിൽപത്തെ ജനങ്ങൾ വിമർശനങ്ങൾകൊണ്ടു മൂടി. ‘പ്രിയ ജനങ്ങളെ, നിങ്ങൾ വിമർശിക്കുന്ന ‍ശിൽപം നിങ്ങളുടെ സ്വന്തമാണ്. പുകഴ്ത്തിയത് എന്റെയും’– പോളിക്ലൈറ്റസ് അവരോടു പറഞ്ഞു.

ഒരാളുടെ പ്രവർത്തനത്തെക്കുറിച്ച് അഭിപ്രായങ്ങൾ പറയാനും നിർദേശങ്ങൾ കൊടുക്കാനും വിമർശിക്കാനും സമൂഹത്തിൽ ഒട്ടേറെ ആളുകളുണ്ടാകും. എന്നാൽ അവരിൽ ബഹുഭൂരിപക്ഷത്തിനും സ്വന്തമായി ഒന്നും നിർമിക്കാൻ കഴിയില്ല എന്നതാണു വാസ്തവം. മറ്റുള്ളവരുടെ വിമർശനങ്ങളാൽ നിഷ്ക്രിയരായ പലരുമുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസത്തെക്കാളേറെ മറ്റുള്ളവരുടെ അനാവശ്യ അഭിപ്രായങ്ങൾക്കു വിലകൊടുക്കുന്നവർക്കാണ് ആത്മവിശ്വാസം നഷ്ടമാകുന്നത്. ആരോഗ്യപരമല്ലാത്ത വിമർശനങ്ങൾ മനുഷ്യരുടെ കർമശേഷിയെ തളർത്താനേ ഉപകരിക്കൂ. എന്നാൽ ക്രിയാത്മകമായ നിർദേശങ്ങളും അഭിപ്രായങ്ങളും ഒരാളുടെ പ്രവർത്തനശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുകതന്നെ ചെയ്യും. അഭിപ്രായപ്രകടനങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയണമെന്നു മാത്രം. സോഷ്യൽ മീഡിയയിലൂടെയും മറ്റും അനാവശ്യ വിമർശനങ്ങൾ നടത്തുന്നതു ചിലരുടെയൊക്കെ ഹോബിയായി മാറിയിരിക്കുകയാണ്.

അടുത്തിടെ പെൻസിൽവാനിയ സർവകലാശാലയിലെ സൈക്കോളജിസ്റ്റായ മെലീസ ജി. ഹണ്ടിന്റെ പഠനം വെളിപ്പെടുത്തുന്നത് സോഷ്യൽ മീഡിയയിൽ കൂടുതൽ സമയം ചെലവഴിക്കുന്നവർക്കു മാനസിക സംഘർഷവും വിഷാദരോഗവും ഉണ്ടാകുന്നു എന്നാണ്. സ്വന്തം ഫോട്ടോയ്ക്കു ലൈക്ക് കുറയുന്നതും മറ്റുള്ളവരുടെ വിമർശനങ്ങളുമൊക്കെ ചിലരിൽ മാനസികാസ്വാസ്ഥ്യമുണ്ടാക്കുന്നു. മാനസിക സമ്മർദം കുറയ്ക്കാൻ സൈബർലോകം വിട്ടു സാമൂഹിക ചുറ്റുപാടുകളുമായി അടുത്ത് ഇടപഴകാൻ ഈ റിപ്പോർട്ടിൽ നിർദേശിക്കുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളോ വിമർശനങ്ങളോ കേട്ട് സ്വയം ചെറുതാകാതെ അവനവന് ആത്മാഭിമാനം തോന്നുന്ന തരത്തിൽ ചിന്തിക്കുകയും പോസിറ്റീവായ സ്വയവിമർശനം നടത്തുകയുമാണു വേണ്ടത്.

എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനു തടസ്സമായി നിൽക്കുന്നത് വിമർശനങ്ങളോടുള്ള ഭയമാണെന്ന് പ്രശസ്ത ഗ്രന്ഥമായ ‘തിങ്ക് ആൻഡ് ഗ്രോ റിച്ച്’ ലൂടെ നെപ്പോളിയൻ ഹിൽ ചൂണ്ടിക്കാണിക്കുന്നു. ഞാൻ ചെയ്യുന്നതു ശരിയായില്ലെങ്കിൽ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ഭയത്തെ അകറ്റിയെങ്കിൽ മാത്രമേ ക്രിയാത്മകമായ പലതും ചെയ്യാൻ കഴിയൂ. ഏവരെയും തൃ‍പ്തിപ്പെടുത്തിക്കൊണ്ട് ഒരു കാര്യവും ചെയ്യാനാവില്ല. ‘നിങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് പലർക്കും മോശം അഭിപ്രായമാണുള്ളത്’ എന്നൊരിക്കൽ വിൻസ്റ്റൻ ചർച്ചിലിനോട് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ‘എന്നെക്കുറിച്ചു മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്നത് എന്റെ ജോലിയല്ല, ഞാൻ എന്റെ പണി എടുക്കുന്നു’ എന്നാണു ചർച്ചിൽ മറുപടി കൊടുത്തത്. ഒരാളുടെ പ്രവർത്തനങ്ങളെയോ ആശയങ്ങളെയോ വിമർശിക്കേണ്ടതിനു പകരം വ്യക്തികളെ വൈകാരികമായി കീഴ്പ്പെടുത്തുന്ന രീതിയിൽ കടന്നാക്രമിക്കുമ്പോഴാണു വിമർശനങ്ങൾ അനാരോഗ്യകരമാകുന്നത്. ഇനി നിങ്ങളെ ആരെങ്കിലും വിമർശിക്കുമ്പോൾ ഒന്നു വിശകലനം ചെയ്തുനോക്കുക. ആ വിമർശനം നിങ്ങളുടെ പ്രവർത്തനത്തെയോ പ്രകടനങ്ങളെയോ മെച്ചപ്പെടുത്താനുള്ളതോ അതോ നിരുൽസാഹപ്പെടുത്താനുള്ളതോ എന്ന്. ഗുണപ്രദമായ വിമർശനങ്ങളെ സ്വീകരിക്കുക. അല്ലാത്തവയെക്കുറിച്ചോർത്തു വിഷമിക്കാതെ അതു വിട്ടുകളയുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA