ADVERTISEMENT

വകുപ്പുതല പരീക്ഷകൾ ഒാൺലൈനിലേക്ക് മാറ്റിയതിന്റെ ഭാഗമായി പിഎസ്‌സി വാങ്ങിയത് 72 ലാപ്‌ടോപ്പുകളും 10 ലേസർ പ്രിന്ററും. 55 ലക്ഷത്തിലധികം രൂപയാണ് ഇതിനായി പൊടിപൊടിച്ചത്. വർഷത്തിൽ രണ്ടു തവണ ഒഎംആർ പരീക്ഷ നടത്തി കൃത്യമായി ഫലം പ്രസിദ്ധീകരിക്കുന്ന വകുപ്പുതല പരീക്ഷകൾ ഒാൺലൈനിലേക്ക് മാറ്റുമ്പോഴുണ്ടാകുന്ന അധികച്ചെലവാണിതെല്ലാം. പിഎസ്‌സി ജീവനക്കാർ ഇതിനെതിരാണെങ്കിലും ഒരു പിഎസ്‌സി അംഗത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ലാപ്ടോപ്പുകൾ വാങ്ങിക്കൂട്ടിയത്. വകുപ്പുതല പരീക്ഷകൾ എൻജിനീയറിങ് കോളജിൽ നടത്തുമ്പോൾ പിഎസ്‌സി ഉദ്യോഗസ്ഥർ ഈ ലാപ്ടോപ്പ് വഴിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം ഇതുവഴിയാണ് നടക്കുക. 

സ്കാനർ വാങ്ങി, തിരിച്ചു കൊടുത്തു
ഒഎംആർ പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി പത്തിലധികം ഒഎംആർ സ്കാനറുകളാണ് പിഎസ്‌സിയിലുള്ളത്. ഇതിൽ രണ്ടെണ്ണം കാലപ്പഴക്കം കാരണം മാറ്റി പുതിയത് വാങ്ങാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി  28 ലക്ഷം രൂപയുടെ സ്കാനർ ഡൽഹിയിൽ നിന്നു വരുത്തി. മണിക്കൂറിൽ 6000  ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയുന്ന മെഷീനാണെന്ന ഉറപ്പിൻമേലാണ് വാങ്ങിയത്. എന്നാൽ പിഎസ്‌സിയിൽ എത്തിച്ച മെഷീൻ ഒന്നര മാസത്തോളം പ്രവർത്തിപ്പിച്ച് നോക്കിയിട്ടും ആയിരം ഉത്തരക്കടലാസ്പോലും മണിക്കൂറിൽ മൂല്യനിർണയം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കി മാർക്ക് രേഖപ്പെടുത്തി പ്രിന്റൗട്ട് ലഭിക്കുമെന്ന ഉറപ്പിലായിരുന്നു പുതിയ സ്കാനർ  വാങ്ങിയത്. എന്നാൽ മൂല്യനിർണയം പൂർത്തിയാക്കുമെങ്കിലും മാർക്ക് രേഖപ്പെടുത്തുകയും പ്രിന്റൗട്ട് ലഭിക്കുകയും ചെയ്യുന്ന സംവിധാനം  മെഷിനിലുണ്ടായിരുന്നില്ല. ഒടുവിൽ മെഷീൻ ഡൽഹിയിലെ കമ്പനിക്കു തിരികെ നൽകി.  മാറ്റാൻ തീരുമാനിച്ച രണ്ട് പഴയ ഒഎംആർ സ്കാനറുകൾ തിരികെ വാങ്ങുകയും ചെയ്തു. വാങ്ങിയ സ്കാനർ തിരികെ നൽകിയതിനാൽ വില ഇതുവരെ സെറ്റിൽ ചെയ്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

താളം തെറ്റി വകുപ്പുതല പരീക്ഷകൾ 
ലക്ഷങ്ങൾ പൊടിപൊടിച്ച് വകുപ്പുതല പരീക്ഷകൾ ഒാൺലൈനിലേക്ക് മാറ്റിയതോടെ പിഎസ്‌സിയുടെ മറ്റു നടപടിക്രമങ്ങളെല്ലാം താളം തെറ്റി. അണ്ടർ സെക്രട്ടറി, സെക്ഷൻ ഒാഫിസർ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ എൻജിനീയറിങ് കോളജുകളിലേക്ക് നിയോഗിക്കുന്നതോടെ മറ്റു തസ്തികകളുടെ തിരഞ്ഞെടുപ്പു നടപടികളെല്ലാം ഇപ്പോഴുള്ളതിലും ദയനീയമാകും. എൻജിനീയറിങ് കോളജ് വിദ്യാർഥികൾക്കു വേണ്ടി മാർച്ച് ഒൻപതിനു നടത്തിയ പരീക്ഷയിൽ കൂട്ടത്തോടെ ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഇനി നടക്കാൻ പോകുന്ന വകുപ്പുതല ഒാൺലൈൻ പരീക്ഷകളിലും ഇതുപോലെ ജീവനക്കാരെ നിയോഗിക്കേണ്ടിവരും. യാതൊരു തടസവുമില്ലാതെ ഒഎംആർ രീതിയിൽ നടത്തിയിരുന്ന പരീക്ഷകളാണ് ചിലരുടെ നിർബന്ധബുദ്ധിക്ക് വഴങ്ങി അവതാളത്തിലാക്കിയത്. 

പിഎസ്‌സിക്കു മാത്രമല്ല വകുപ്പുതല പരീക്ഷ എഴുതുന്ന സർക്കാർ ജീവനക്കാർക്കും ഒാൺലൈൻ പരീക്ഷ വിനയായി. മുൻപ് സംസ്ഥാന വ്യാപകമായി 80ൽ അധികം കേന്ദ്രങ്ങളിലായിരുന്നു വകുപ്പുതല പരീക്ഷകൾ നടത്തിയിരുന്നത്. ഒാരോ താലൂക്കിലും രണ്ടു േകന്ദ്രങ്ങളെങ്കിലുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജീവനക്കാർക്ക് അവധിയെടുക്കാതെ തന്നെ പരീക്ഷ എഴുതി തീർക്കാം. എന്നാൽ ഇത്തവണ പിഎസ്‌സിയുടെയും എൻജിനീയറിങ് കോളജുകളുടെയും ഒാൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിലെത്തണം. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുൻപ് സ്വന്തം താലൂക്കിൽ പരീക്ഷാ കേന്ദ്രം ലഭിച്ചിരുന്നെങ്കിൽ ഒാൺലൈൻ പരീക്ഷയിൽ അതിനും അവസരമില്ല. ഒരു ദിവസം പരീക്ഷ എഴുതണമെങ്കിൽ രണ്ടു ദിവസത്തെ അവധിയെടുക്കേണ്ടിവരും. ഇതിന്റെ ടിഎ, ഡിഎ എന്നിവ സർക്കാർ വഹിക്കേണ്ടിവരും. സർക്കാർ ജീവനക്കാർ വകുപ്പുതല പരീക്ഷ എഴുതാൻ തുടർച്ചയായി അവധിയെടുക്കുന്നത് വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പല പരീക്ഷാ തീയതികളും മാറ്റിയാണ് ഇപ്പോൾ തീയതി നിശ്ചയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായേ വകുപ്പുതല പരീക്ഷകൾ പൂർത്തിയാകൂ എന്നതിനാൽ പരീക്ഷാഫലവും ഈ രീതിയിലേ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. അങ്ങനെ വന്നാൽ ജീവനക്കാരുടെ സീനിയോറിറ്റി സംബന്ധിച്ച തർക്കങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ചിലരുടെ പ്രൊബേഷനിലും വ്യത്യാസം വന്നേക്കും. 

വകുപ്പുതല പരീക്ഷകൾ ഞായറാഴ്ച
പിഎസ്‌സി പരീക്ഷകൾ പിഎസ്‌സിയുടെ പൂർണ നിയന്ത്രണത്തിലാണ് നടക്കേണ്ടത്. എന്നാൽ എൻജിനീയറിങ് കോളജുകളിലേക്ക് പരീക്ഷ മാറുമ്പോൾ ഇതിനു കഴിയില്ലെന്നു പിഎസ്‌സി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രവൃത്തി ദിവസങ്ങളിൽ പരീക്ഷ നടത്താൻ കഴിയില്ല. ശനിയും ഞായറും നടത്തണം. ശനിയാഴ്ച പരീക്ഷ നടത്തണമെങ്കിൽ വെള്ളിയാഴ്ച മുതലേ പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല പിഎസ്‌സിക്ക് ലഭിക്കണം. ഇത് പ്രായോഗികമല്ലാത്തതിനാൽ ഞായറാഴ്ചകളിൽ മാത്രമേ പരീക്ഷ നടക്കൂ. 

ഇത്തവണത്തെ പരീക്ഷ ആറ് ഞായറാഴ്ചകളിൽ നടത്താനാണ് പിഎസ്‌സി തീരുമാനം. രാവിലെ 9 മുതൽ 5 വരെ മൂന്നു സമയത്തായാണു പരീക്ഷ നടത്തുന്നത്. ഹർത്താൽ ഉൾപ്പെടെയുള്ള കാരണങ്ങളാൽ  മാറ്റിവയ്ക്കുന്ന സർവകലാശാലാ പരീക്ഷകൾ ഞായറാഴ്ചകളിൽ നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നുവെങ്കിലും ക്രിസ്ത്യൻ സഭകളും സംഘടനകളും ശക്തമായി എതിർത്തതിനെ തുടർന്ന് തീരുമാനം ഉപേക്ഷിച്ചു. സമാനമായ സാഹചര്യമാണ് പിഎസ്‌സിയുടെ വകുപ്പുതല പരീക്ഷ എഴുതുന്ന ഉദ്യോഗസ്ഥർക്കും ഉണ്ടാകുന്നത്. ഫലത്തിൽ എൻജിനിയറിങ് കോളജുകാർ അനുവദിക്കുന്ന ദിവസങ്ങളിൽ മാത്രം പരീക്ഷ നടത്തേണ്ട സാഹചര്യമാണ് പിഎസ്‌സിക്കുണ്ടായിരിക്കുന്നത്. 

ഒഎസ്എമ്മും അവതാളത്തിൽ 
വിവരണാത്മക പരീക്ഷകൾ മൂല്യനിർണയം നടത്തുന്നതിന് ഒഎസ്എം (ഒാൺസ്ക്രീൻ മാർക്കിങ്) ഏർപ്പെടുത്താൻ പിഎസ്‌സി തീരുമാനിച്ചിരുന്നു. ഉത്തരക്കടലാസും ചോദ്യപേപ്പറും കംപ്യൂട്ടർ സ്ക്രീനിൽ ലഭ്യമാക്കി മൂല്യനിർണയം നടത്തുന്ന രീതിയായിരുന്നു ഇത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരീക്ഷകൾ വിവരണാത്മക രീതിയിൽ നടത്താനും പിഎസ്‌സി തീരുമാനിച്ചു. പ്ലാനിങ് ബോർഡിൽ ചീഫ് തസ്തികയ്ക്ക് വിവരണാത്മക പരീക്ഷയായിരുന്നു പിഎസ്‌സി നടത്തിയിരുന്നത്. 2018 നവംബർ 23, 24  തീയതികളിൽ നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ്  ഒാൺസ്ക്രീൻ മാർക്കിങ് വഴി മൂല്യനിർണയം പൂർത്തിയാക്കാനും തീരുമാനിച്ചു. അപേക്ഷകർ കുറവായതിനാൽ ഒരു മാസത്തിനകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആലോചിച്ചിരുന്നെങ്കിലും പരീക്ഷ നടത്തി മൂന്നര മാസം കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരണം എങ്ങുമെത്തിയിട്ടില്ല. മറ്റ് ഏജൻസികൾ വിജയകരമായി പൂർത്തിയാക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ പിഎസ്‌സിയിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com