ADVERTISEMENT

എൻജിനീയറിങ്, മെഡിക്കൽ എൻട്രൻസ് തയാറെടുപ്പുകൾ അവസാന റൗണ്ടിലേക്ക്. ക്രിക്കറ്റിലും ഫുട്ബോളിലും കണ്ടിട്ടില്ലേ, മികച്ച ഫിനിഷിങ്ങിലാണു കാര്യം. എൻട്രൻസിലും അങ്ങനെ തന്നെ. പഠിച്ചുറപ്പിച്ചവ ഓർത്തെടുക്കാനും മോക് ടെസ്റ്റുകൾ ഊർജിതമാക്കാനുമുള്ള സമയം. സ്പോർട്സിൽ ഓരോ ടീമിനെയും ഓരോ താരത്തിനെതിരെയും വ്യക്തമായ ഗെയിംപ്ലാൻ ഉണ്ടെങ്കിലേ വിജയം ഉറപ്പിക്കാനാകൂ. എൻട്രൻസിലും വേണം, ഓരോ വിഷയത്തിലും കൃത്യമായ ഗെയിംപ്ലാൻ.

മാത്‌സ്: വേഗം പ്രധാനം 
1. എൻജിനീയറിങ് എൻട്രൻസിലെ ‘ഡിസൈഡിങ് ഫാക്ടർ’. കേരള എൻട്രൻസിൽ ഫിസിക്സിനും കെമിസ്ട്രിക്കും ചേർത്തുള്ള അത്രയും മാർക്ക് കണക്കിനുണ്ട്. സിലബസിൽ ഓരോ ഭാഗത്തിനുമുള്ള വെയ്റ്റേജ് അനുസരിച്ചാകാം പഠനം. 

2. വേഗത്തിൽ, തെറ്റാതെ ഉത്തരമെഴുതാൻ പരിശീലിക്കണം. കൂടുതൽ ന്യൂമെറിക്കൽസ് ചെയ്തു ശീലിക്കണം; ഒപ്പം അതിനു പിന്നിലുള്ള തിയറിയും മനസ്സിലാക്കുക. 

3. പഠിക്കുമ്പോഴും പരീക്ഷയെഴുതുമ്പോഴും എളുപ്പമുള്ളവയിൽനിന്നു വേണം കാഠിന്യമേറിയവയിലേക്കു കടക്കാൻ. ആദ്യാവസാന ക്രമത്തിൽ ഉത്തരമെഴുതണമെന്നു നിർബന്ധമില്ല. 

4. മിക്കപ്പോഴും ഒന്നിലധികം ഭാഗങ്ങൾ കൂട്ടിയിണക്കിയാകും ചോദ്യങ്ങൾ. പ്രധാന പാഠഭാഗങ്ങളായ കാൽക്കുലസും ട്രിഗണോമെട്രിയും നന്നായി പഠിക്കുന്നത് ഫിസിക്സിലും ഗുണം ചെയ്യും. 

5. കാൽക്കുലസിലെ പ്രധാന ഡെറിവേറ്റീവുകൾ, ഡിഫറൻസ്യേഷൻ/ ഇന്റഗ്രേഷൻ നിയമങ്ങൾ, ട്രിഗണോമെട്രിയിലെ പ്രധാന വിവരങ്ങൾ എന്നിവ ചാർട്ട്പേപ്പറിൽ തയാറാക്കി മുറിയിൽ സൂക്ഷിക്കാം. 

കെമിസ്ട്രി: താരതമ്യേന എളുപ്പം
|1. കണക്കുകൂട്ടലുകൾ വേണ്ടിവരുന്ന ഫിസിക്കൽ കെമിസ്ട്രി ചോദ്യങ്ങൾക്കു വേഗത്തിൽ ഉത്തരമെഴുതാൻ പരിശീലിക്കണം. 

2. ഓർഗാനിക് കെമിസ്ട്രി ബുദ്ധിമുട്ടായി തോന്നുമെങ്കിലും അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കിയാൽ എളുപ്പമാണ്; വലിയ അധ്വാനമില്ലാതെ മാർക്കും നേടാം. കാണാതെ പഠിക്കുന്നതിനു പകരം കെമിക്കൽ മെക്കാനിസങ്ങൾ മനസ്സിലാക്കി പഠിക്കാം. അതിന്റെ ഭാഗമായി രാസപ്രവർത്തനങ്ങളൊക്കെ മനസ്സിലേക്കു വന്നുകൊള്ളും. പഠിച്ച കാര്യങ്ങൾ ഓരോ ആഴ്ചയും ആവർത്തിച്ച് വായിച്ചു മനസ്സിലുറപ്പിക്കണം. 

3. പ്രോബ്ലങ്ങളില്ലാത്തതിനാൽ ഇനോർഗാനിക് കെമിസ്ട്രിയിൽ സമയം ലാഭിക്കാം. ഒറ്റ വായനയിൽ ഉത്തരമെഴുതാം. 

4. പീരിയോഡിക് ടേബിൾ ഹൃദിസ്ഥമാക്കണമെന്നു പറയേണ്ടല്ലോ. ഡി–ബ്ലോക്, എഫ്–ബ്ലോക് മൂലകങ്ങൾ, കോ–ഓർഡിനേഷൻ കോംപൗണ്ടുകൾ തുടങ്ങിയവ പഠിക്കാൻ കൂടുതൽ സമയം മാറ്റിവയ്ക്കണം 

5. മുൻവർഷങ്ങളിൽ ന്യൂക്ലിയർ കെമിസ്ട്രി, പോളിമറുകൾ, കാർബണിൽസ്, ആൽക്കീൻസ്, മെറ്റലർജി തുടങ്ങിയ മേഖലകളിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ വന്നിരുന്നു. ഇവ ശ്രദ്ധിക്കണം

ബയോളജി: ആഴത്തിൽ പഠിക്കണം
1. മെഡിക്കൽ എൻട്രൻസുകളിൽ എളുപ്പം മാർക്ക് നേടാവുന്ന വിഷയം. എന്നാൽ, ആഴത്തിലുള്ള പഠനം വേണം. ബോട്ടണിക്കും സുവോളജിക്കും തുല്യ പ്രാധാന്യം നൽകണം. 

2. ചോദ്യങ്ങൾ കൂടുതലും നേരിട്ടുള്ളതാകും. അതുകൊണ്ടു തന്നെ എൻസിഇആർടി പുസ്തകങ്ങളിലെ ചോദ്യങ്ങളെല്ലാം പരിശീലിക്കണം. 

3. ഹ്യൂമൻ ഫിസിയോളജി, പ്ലാന്റ് ഫിസിയോളജി, ജൈവ വൈവിധ്യം, ജനറ്റിക്സ്, ബയോടെക്നോളജി, സെൽ ബയോളജി തുടങ്ങിയവയിൽനിന്നു മുൻ വർഷങ്ങളിൽ ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. 

4. ചിത്രങ്ങൾ വരച്ചുപഠിക്കുന്നത് കാര്യങ്ങൾ മനസ്സിലുറയ്ക്കാൻ സഹായിക്കും. 

5. തിയറിയായതിനാൽ പരീക്ഷയോടടുത്ത ദിവസങ്ങളിൽ ബയോളജിക്കു കൂടുതൽ പ്രാധാന്യം കൊടുക്കണം. ഇല്ലെങ്കിൽ പഠിച്ച കാര്യങ്ങൾ മറക്കാൻ സാധ്യതയുണ്ട്.

ഫിസിക്സ്: അടിത്തറ പ്രധാനം 
1. ജെഇഇയ്ക്ക് 20 % ചോദ്യങ്ങൾ ലാബിൽ ചെയ്ത പ്രാക്ടിക്കലുകളിൽ നിന്നുണ്ടാകും. മറ്റു പരീക്ഷകളിലും ഇതു ചോദിക്കുമെങ്കിലും സിലബസിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടില്ല. 

2. അടിസ്ഥാന പാഠങ്ങൾ ശക്തിപ്പെടുത്തിയാലേ നല്ല മാർക്ക് കിട്ടൂ. പാഠപുസ്തക ആശയങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കാമെന്നു ചിന്തിക്കണം. 

‌3. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ യൂട്യൂബിലും മറ്റുമുള്ള വിഡിയോ പ്രസന്റേഷൻ കണ്ടാൽ പെട്ടെന്നു പഠിക്കാനാകും. 

4. സൂത്രവാക്യങ്ങൾ കാണാതെ പഠിക്കുന്നതിനോടൊപ്പം അവ എങ്ങനെ വന്നെന്നും മനസ്സിലാക്കണം. എല്ലാ ഫോർമുലകളും ഉൾപ്പെടുത്തി പട്ടിക തയാറാക്കി വയ്ക്കണം. ഇത് ആഴ്ചയിലൊരിക്കലെങ്കിലും ആവർത്തിച്ചു പഠിക്കണം. 

5. സിലബസിൽ പറഞ്ഞിരിക്കുന്ന എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടവയാണ്. എല്ലായിടത്തുനിന്നും ചോദ്യങ്ങൾ വരാം. 

എൻട്രൻസ് കലണ്ടർ

ഏപ്രിൽ 7–12: ജെഇഇ മെയിൻ രണ്ടാം ഘട്ടം

ഏപ്രിൽ 27, 28:  കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ്

മേയ് 5 നീറ്റ്: യുജി

മേയ് 25, 26: എയിംസ് യുജി

മേയ് 27: ജെഇഇ അഡ്വാൻസ്‌ഡ് 

ജൂൺ 2: ജിപ്മെർ എൻട്രൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com