sections
MORE

ജീവിത വിജയം നേടിയവരുടെ പൊതുവായ ശീലങ്ങൾ

career-growth
SHARE

ജീവിതത്തില്‍ വിജയം കൈവരിക്കുന്നവര്‍ ചക്കയിട്ടപ്പോള്‍ മുയല്‍ ചത്ത പോലെ ഭാഗ്യം കൊണ്ട് മാത്രം അത് നേടുന്നവരല്ല. ഒരാളുടെ കഴിവുകളും കഠിനാധ്വാനവും സമയവും ഭാഗ്യവും എല്ലാം സമാസമം ചേര്‍ക്കുമ്പോള്‍ ലഭിക്കുന്നതാണ് വിജയം. ജീവിത വിജയം നേടുന്നവര്‍ക്ക് പൊതുവായി ചില ശീലങ്ങളും കാണാം. ആ ശീലങ്ങളാണ് വിജയവഴിയില്‍ അവര്‍ക്കുള്ള ഇന്ധനമാകുന്നത്. അതേ പോലെ ജീവിതത്തില്‍ പരാജയപ്പെട്ടു പോകുന്നവര്‍ക്കും കാണും ചില ശീലക്കേടുകള്‍. വിജയത്തെ തടഞ്ഞ് നിര്‍ത്തുന്ന പ്രതിബന്ധമായി അവ പ്രവര്‍ത്തിക്കും. 

വിജയ ശീലങ്ങള്‍

ദീര്‍ഘകാല ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കുക, തെറ്റുകളില്‍ നിന്ന് പഠിക്കുക, പുരോഗതി വിലയിരുത്തുക, വിനയമുണ്ടായിരിക്കുക, ജീവിതത്തിന്റെ ബാലന്‍സ് നിലനിര്‍ത്തിക്കൊണ്ട് റിസ്‌കുകള്‍ എടുക്കുക, ചിട്ടയുള്ളവരാകുക, മാറ്റങ്ങളെ പുണരുക, പ്രശ്‌നങ്ങളെ നന്നായി കൈകാര്യം ചെയ്യുക എന്നിങ്ങനെ നീളുന്നു വിജയിക്കുന്നവരുടെ ശീലങ്ങള്‍. ലക്ഷ്യങ്ങള്‍ എഴുതി സൂക്ഷിക്കുന്നവരാകും ഇവര്‍. തങ്ങളുടെ ദിവസം ഉത്പാദനക്ഷമമാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എപ്പോഴും കൈയിലുണ്ടാകും. വിജയം സ്വപ്നം കാണുന്നവര്‍ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും വിജയം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് വിവരങ്ങളും ഡേറ്റയും മറ്റും പങ്കുവയ്ക്കുന്നതില്‍ പ്രശ്‌നമില്ല. മറ്റുള്ളവരോട് അസൂയയില്ലാത്തതു കൊണ്ടുതന്നെ മനസ്സ് തുറന്ന് അഭിനന്ദിക്കാനും സന്തോഷം പ്രസരിപ്പിക്കാനും ഇവര്‍ക്ക് സാധിക്കും. 

വിജയികളുടെ മറ്റൊരു പ്രധാന ശീലം അവര്‍ ദിവസവും വായിക്കുന്നവരാകും എന്നതാണ്. വായനയില്‍ നിന്നും ജീവിതത്തില്‍ നിന്നുമെല്ലാം അവര്‍ നിരന്തരം പാഠം പഠിക്കുകയും സ്വയം പുതുക്കുകയും ചെയ്തു കൊണ്ടിരിക്കും. പുതിയ ആശയങ്ങള്‍ കൊണ്ടു വരാനും അവ നടപ്പാക്കാനും അവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. അതേ സമയം എന്തെങ്കിലും പരാജയം നേരിട്ടാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവര്‍ക്ക് മടിയുണ്ടാകില്ല. 

പരാജയ കാരണമാകുന്ന ശീലങ്ങള്‍

ഇതിന്റെയെല്ലാം നേര്‍വിപരീതമാകും പരാജയപ്പെട്ട വ്യക്തികളുടെ ശീലങ്ങള്‍. സമയം പാഴാക്കി കളയുക, എളുപ്പത്തില്‍ ശ്രദ്ധ വ്യതിചലിക്കുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക, ലക്ഷ്യങ്ങള്‍ ഇല്ലാതെ അലസമായി ജീവിക്കുക, മാറ്റങ്ങളെ ഭയപ്പെടുക, പക മനസ്സില്‍ സൂക്ഷിക്കുക, മറ്റുള്ളവരുടെ വീഴ്ച കാണാന്‍ ആഗ്രഹിക്കുക, നെഗറ്റീവ് ചിന്താഗതി പുലര്‍ത്തുക, തങ്ങള്‍ക്ക് എല്ലാം അറിയാം എന്നു കരുതുക തുടങ്ങി വിജയവഴിയില്‍ തടസ്സമായ നിരവധി ശീലക്കേടുകളുണ്ട്. 

ഇത്തരക്കാര്‍ കേള്‍ക്കുന്നതിലും കൂടുതല്‍ സംസാരിച്ചു കൊണ്ടിരിക്കുന്നവരാകും. ഇവര്‍ പൊതുവേ എടുത്ത് ചാട്ടക്കരാകും. ചിന്തിച്ച് പ്രവര്‍ത്തിക്കുക എന്നത് ഇവര്‍ക്ക് അന്യമായിരിക്കും. എല്ലാത്തിലും എളുപ്പവഴി കാണാന്‍ ശ്രമിക്കുന്നതും മറ്റുള്ളവരെ എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതും ഇവരുടെ സ്വഭാവസവിശേഷതയാണ്. നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്നതാണ് വിജയികളുടെ ശീലമെങ്കില്‍ പഠനത്തോടും പുതിയ കാര്യങ്ങള്‍ അറിയുന്നതിനോടും വിമുഖതയുള്ളവരാണ് പരാജിതര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA