ADVERTISEMENT

തൊഴിൽത്തട്ടിപ്പുകൾ പുതിയ കാര്യമല്ല. പണ്ടു വ്യാജ ഏജൻസികളും ഫോൺവിളികളും വഴിയായിരുന്നു തട്ടിപ്പെങ്കിൽ ഇന്നു സൈബർ ലോകത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചാണെന്നു മാത്രം. തട്ടിപ്പിന്റെ രീതികൾ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ രക്ഷപ്പെടാം.

ഓഫർ ലെറ്റർ ആരും വെറുതെ അയയ്ക്കില്ല
‘നിങ്ങളുടെ റെസ്യൂമെ / വിവരങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനു ക്ഷണിക്കുന്നു. യാത്രച്ചെലവ് കമ്പനി വഹിക്കും. എങ്കിലും ഉറപ്പിനു വേണ്ടി കോഷൻ ഡിപ്പോസിറ്റ് ആയി നിശ്ചിത തുക താഴെപ്പറയുന്ന ബാങ്ക് അക്കൗണ്ടിൽ അടയ്ക്കുക. ഇത് ഇന്റർവ്യൂവിനു ശേഷം തിരികെ തരുന്നതായിരിക്കും.’

പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. പ്രശസ്തമായ പൊതുമേഖല- സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ ലെറ്റർപാഡിലായിരിക്കും അയയ്ക്കുക.

വർഷങ്ങളായി നിലവിലുള്ള തട്ടിപ്പുരീതിയാണെങ്കിലും ഇപ്പോഴും പലരും ഇതിന് ഇരയാകാറുണ്ട്. ഇത്തരത്തിൽ വരുന്ന ഇമെയിലുകൾ വിശദമായി പരിശോധിച്ചാൽ തന്നെ തട്ടിപ്പു വ്യക്തമാകും. പലതിലും നിലവാരമില്ലാത്ത ഇംഗ്ലിഷും മോശം ലേഔട്ടുമായിരിക്കും. ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജൻമാരെ പേടിച്ചു ക്യൂആർ കോഡ് പോലെയുള്ള സുരക്ഷാ മുൻകരുതലുകൾ ഓഫർ ലെറ്ററിൽ ഉൾപ്പെടുത്തിയ കമ്പനികളുമുണ്ട്. ഓഫർ ലെറ്ററിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി അധികൃതരുമായി സംസാരിക്കുക.

ലിങ്ക്ഡ്ഇന്നിലെ വ്യാജ ഇടനിലക്കാർ
സൈന്യത്തിലും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാർ പണ്ടേ രംഗത്തുണ്ട്. എന്നാൽ ഇന്നു സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രവർത്തനം വിപുലപ്പെടുത്തുന്ന കാഴ്ചയാണ്. തൊഴിലന്വേഷകരുടെ പ്രിയ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നാണ് ഇത്തരം ഓൺലൈൻ വ്യാജന്മാടെ പ്രധാന താവളം. തൊഴിൽ നേടിത്തരാം എന്ന വാഗ്ദാനവുമായി ഉദ്യോഗാർഥികളെ സമീപിച്ചു പണം തട്ടുന്നു.

സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാർ വഴി ജോലി കിട്ടാൻ പോകുന്നില്ലെന്നു മാത്രം ഓർത്തുവച്ചാൽ മതി.

സ്കാം ക്യാംപെയ്‌നിൽ കണ്ണ് മഞ്ഞളിക്കരുത്
രണ്ടുവർഷം മുൻപ് എൻബിപിടി എന്ന എൻജിഒ ‘സർവേപ്പള്ളി രാധാകൃഷ്ണൻ ടീച്ചിങ് പ്രോഗ്രാം’ എന്ന പേരിൽ തൊഴിൽ ക്യാംപെയ്ൻ തുടങ്ങി. ഈ സ്ഥാനത്തിനു കീഴിൽ ഇന്ത്യയിലെമ്പാടും അധ്യാപകരെ നിയമിക്കുന്നുവെന്നായിരുന്നു അറിയിപ്പ്. അധ്യാപകർക്കു പൊതുവേയുള്ളതിലും കൂടുതൽ ശമ്പളമാണു വാഗ്ദാനം ചെയ്തിരുന്നത്. ബിഎഡ് നിർബന്ധമില്ല, ബിടെക്, എംബിഎ തുടങ്ങിയ ഇതര ബിരുദങ്ങളുള്ളവർക്കും അപേക്ഷിക്കാം തുടങ്ങിയ വാഗ്ദാനങ്ങളും. ഒട്ടേറെ പേർ അപേക്ഷാഫീസടച്ച് റജിസ്റ്റർ ചെയ്തു. പ്രവേശനപ്പരീക്ഷ നടക്കാതെ വന്നതോടെയാണു തട്ടിപ്പു പുറത്തായത്. തുടർന്ന് നിയമനടപടികളായി.

ഇതു പോലെ പല ക്യാംപെയ്നുകളും ഓൺലൈനിലുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് കൃത്യമായി നിരീക്ഷിച്ചാൽ തന്നെ തട്ടിപ്പു കണ്ടെത്താം. കൃത്യമായ ഓഫിസ് വിലാസമോ മറ്റു വിശദാംശങ്ങളോ ഉണ്ടാകില്ല. ഇത്തരം പരസ്യങ്ങൾ കണ്ടാൽ കൃത്യമായി വിലയിരുത്തിയ ശേഷമേ ഫീസ് അടയ്ക്കാനും മറ്റും തയാറാകാവൂ. ബാങ്ക് വിവരങ്ങൾ പോലെ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈമാറാനും പാടില്ല.

ഫെയ്ക് ജേണലുകളിൽ കുടുങ്ങരുത്, ഗവേഷകർ
ഗവേഷകരുടെ, പ്രത്യേകിച്ച് ഗവേഷകവിദ്യാർഥികളുടെ, മികവിന്റെ അടയാളമാണു ജേണൽ പ്രബന്ധങ്ങൾ. മികച്ച ജേണലിൽ (ഇംപാക്ട് ഫാക്ടർ എന്ന മാനദണ്ഡം ജേണലിന്റെ മികവ് അടയാളപ്പെടുത്തുന്നു) ഗവേഷണഫലം പ്രസിദ്ധീകരിക്കുന്നതു കരിയറിൽ ഗുണം ചെയ്യും. എന്നാൽ ഇതു താമസമെടുക്കുന്ന പ്രക്രിയയാണ്. മാത്രമല്ല, ഗവേഷണത്തിന്റെ മൂല്യവും കൃത്യതയും ആധികാരികതയും പരിശോധിച്ച ശേഷമേ പ്രസിദ്ധീകരിക്കൂ. 

പെയ്ഡ് ജേണലുകളുമുണ്ട്. വിദ്യാർഥികൾക്കു പണം നൽകി പ്രസിദ്ധീകരിക്കാൻ ഇതു വഴിയൊരുക്കും. നിലവാരമുള്ള ഒട്ടേറെ പെയ്ഡ് ജേണലുകൾ ഉണ്ടെന്നുള്ളതു സത്യം.

എന്നാൽ ഗവേഷകവിദ്യാർഥികളെ ചൂഷണം ചെയ്യുന്ന ഫെയ്ക് ജേണലുകളും വളരെ വ്യാപകം. ഇന്ത്യയിൽ ഇത്തരം ജേണലുകളിൽ ഫലം പ്രസിദ്ധീകരിക്കാൻ നൽകുന്ന ഒട്ടേറെ വിദ്യാർഥികളുണ്ടെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ വെറുതെ പ്രസിദ്ധീകരിക്കാമെന്നല്ലാതെ ഇതുകൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ല.

പണം തരാതെ ‘പണി’ തന്നാലോ ?
ഇന്റർനെറ്റിന്റെ പ്രചാരത്തോടെ ശക്തി പ്രാപിച്ച മേഖലയാണ് ഓൺലൈൻ തൊഴിൽ രംഗം. വീട്ടിലിരുന്നും ജോലി ചെയ്തു പണം നേടാനുള്ള സാധ്യത തുറന്നുകിട്ടി. എന്നാൽ ഈ മേഖലയിലും തട്ടിപ്പുകാരുണ്ട്. ജോലി ചെയ്യിപ്പിച്ചു ശമ്പളം നൽകാതിരിക്കുന്നതും ശമ്പളം നൽകാനെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ചോർത്തുന്നതുമെല്ലാം ഇവരുടെ രീതിയാണ്.

ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടിയിൽ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓൺലൈൻ ജോലികൾക്ക് ആശ്രയിക്കാൻ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.

വ്യാജ സൈറ്റുകൾ തിരിച്ചറിയണം
പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയിൽ തൊഴിൽ വിജ്ഞാപനങ്ങൾ പോസ്റ്റ് ചെയ്യും. വാട്‌സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോൾ ധാരാളം ഉദ്യോഗാർഥികൾ വലയിൽ വീഴും.

വ്യക്തിവിവരങ്ങൾ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കയ്യിലെത്തുമെന്നതാണ് അപകടം. ഈ സൈറ്റുകൾ ഉപയോഗിച്ചു തന്നെ വ്യാജ റിക്രൂട്മെന്റ് പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു പണം തട്ടുന്ന വിരുതന്മാരും ഏറെ.

ഇത്തരം പരസ്യം കണ്ടാൽ ആദ്യം വെബ്‌സൈറ്റ് പരിശോധിക്കണം. വെബ്‌സൈറ്റ് വിലാസത്തിന്റെ തുടക്കത്തിൽ http എന്നാണോ അതോ https എന്നാണോ എന്നു നോക്കണം. https ആണെങ്കിൽ കൂടുതൽ സുരക്ഷിതമെന്നർഥം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്‌സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിൾ സെർച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com