sections
MORE

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്: നിയമനം കാത്ത് 2745 േപർ

Study
SHARE

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ റാങ്ക് ലിസ്റ്റിൽ  നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് 2745 പേർ. ഏപ്രിൽ എട്ടിന് മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി അവസാനിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്നത് 18% നിയമനശുപാർശ മാത്രം. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി മൂവായിരത്തിലധികം പേരെയാണ് ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. ഇവരിൽ 588 പേർക്കു മാത്രമേ ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂ. എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് ഇത്രയും പേർക്കെങ്കിലും നിയമനം ലഭിച്ചത്. അല്ലെങ്കിൽ ഇതിലും ദയനീയമാകുമായിരുന്നു അവസ്ഥ. 

സെക്രട്ടേറിയറ്റ്, നിയമസഭ, ലോക്കൽ ഫണ്ട് ഒാഡിറ്റ്, പിഎസ്‌സി, അഡ്വക്കറ്റ് ജനറലിന്റെ ഒാഫിസ്, എൻക്വയറി കമ്മിഷൻ, വിജിലൻസ് ട്രൈബ്യൂണൽ എന്നിവിടങ്ങളിലേക്ക് അസിസ്റ്റന്റുമാരെ നിയമിക്കുന്നത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നാണ്. എന്നാൽ മുൻ റാങ്ക് ലിസ്റ്റുകളെ അപേക്ഷിച്ച് ഇത്തവണത്തെ ലിസ്റ്റിൽ നിന്നു നിയമനം തീരെ കുറഞ്ഞു. ഒഴിവുകൾ നിലവിലില്ലാത്തതുകൊണ്ടല്ല ഈ കുറവ്.  പിഎസ്‌സി വഴിയുള്ള നേരിട്ടുള്ള നിയമനത്തെ അട്ടിമറിച്ച്  ഒഴിവുകൾ വകമാറ്റുന്നതുകൊണ്ടാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

മേയ് മാസത്തിലാണ് സർക്കാർ സർവീസിൽ ഏറ്റവും കൂടുതൽ വിരമിക്കൽ ഒഴിവുണ്ടാകുന്നത്. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് ഏപ്രിൽ എട്ടിന് അവസാനിക്കുന്നതിനാൽ ഈ ഒഴിവുകൾ നിലവിലുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു ലഭിക്കില്ല. ഈ സാഹചര്യത്തിൽ ലിസ്റ്റിന്റെ കാലാവധി മൂന്നുമാസമെങ്കിലും നീട്ടിനൽകുകയോ ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾ സൂപ്പർന്യൂമററിയായി റിപ്പോർട്ട് ചെയ്യുകയോ വേണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. അല്ലെങ്കിൽ നൂറുകണക്കിന് ഉദ്യോഗാർഥികൾ നിരാശരാകേണ്ടിവരും. 

മെയിൻ ലിസ്റ്റിൽ 2031, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 1140, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 162, ഉൾപ്പെടെ 3333 പേരെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്  റാങ്ക് ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 588 പേർക്കേ ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂ. റാങ്ക് ലിസ്റ്റിലെ പൂർണമായ നിയമനശുപാർശാ വിവരങ്ങൾ ഇനി പറയുന്നു. ഒാപ്പൺ മെറിറ്റ്– 438 വരെ, ഈഴവ– 444 വരെ, എസ്‌സി– സപ്ലിമെന്ററി 12 വരെ, എസ്‌ടി– സപ്ലിമെന്ററി 16 വരെ, മുസ്ലിം– 716 വരെ, ലത്തീൻ കത്തോലിക്കർ– 535 വരെ, ഒബിസി– 459 വരെ, വിശ്വകർമ– 730 വരെ, എസ്‌ഐയുസി നാടാർ– 1072 വരെ, ഹിന്ദു നാടാർ– 606 വരെ, ഒഎക്സ്– സപ്ലിമെന്ററി ഒന്നു വരെ, ധീവര– 527 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– എട്ടു വരെ, ഡഫ്– 12 വരെ, ഒാർത്തോ– ആറു വരെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA