ADVERTISEMENT

ആയിരക്കണക്കിനു വിദ്യാർഥികള്‍ വലിയ സ്വപ്നങ്ങളുമായി എല്ലാ വര്‍ഷവും വന്നിറങ്ങുന്ന ചെറു പട്ടണമാണു രാജസ്ഥാനിലെ കോട്ട. ഇന്ത്യയിലെ കോച്ചിങ് വ്യവസായത്തിന്റെ തലസ്ഥാനം. ഐഐടികളിലും മുന്തിയ മെഡിക്കല്‍ കോളജുകളിലുമൊക്കെ പ്രവേശനം മോഹിച്ച് വിദ്യാർഥികള്‍ ഇവിടെ രാവും പകലുമില്ലാതെ കഷ്ടപ്പെട്ടു പഠിക്കുന്നു. ദിവസവും 14-16 മണിക്കൂര്‍ നീളുന്ന തീവ്ര പരിശീലനം. ഇതിനിടെ ചില വിദ്യാർഥികളെങ്കിലും കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെടുന്നു. ഈ സമ്മർദ്ദം വിദ്യാർഥികളുടെ ആത്മഹത്യകളിലേക്കു നയിച്ചതോടെ കോട്ടയ്ക്ക് ആത്മഹത്യ ഹബ്ബ് എന്ന ചീത്തപേരു കൂടി ലഭിക്കാന്‍ തുടങ്ങി. ഈ അവസ്ഥ മാറ്റുന്നതിനും വിദ്യാർഥികളുടെ ആത്മഹത്യകള്‍ നിയന്ത്രിക്കുന്നതിനുമായി 'ഹാപ്പിനെസ്സ് ഹോസ്റ്റലുകള്‍' എന്ന ആശയവുമായി രംഗത്തെത്തുകയാണ് ഐഐടി പൂര്‍വവിദ്യാർഥികളായ ഒരു സംഘം യുവാക്കള്‍. 

ഇന്റര്‍നെറ്റ്, പുസ്തകങ്ങള്‍, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗെയിമുകള്‍, സാംസ്‌കാരിക പരിപാടികള്‍, കൗണ്‍സിലിങ് തുടങ്ങി വിവിധ സൗകര്യങ്ങള്‍ വിദ്യാർഥികള്‍ക്ക് ഒരുക്കുന്നവയാണ് ഹാപ്പിനെസ്സ് ഹോസ്റ്റലുകള്‍. വിദ്യാർഥികള്‍ക്ക് ഒത്തു കൂടിയിരിക്കാനും ഇടവേളകളില്‍ സംസാരിക്കാനുമുള്ള ഹാളും ഇവിടെയുണ്ടാകും. തങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രണ്ടു കെയര്‍ ടേക്കര്‍മാരും അടിയന്തിര ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ സംഘവും 24 മണിക്കൂറും ഈ ഹോസ്റ്റലുകളില്‍ ഉണ്ടാകും. ഗുണനിലവാരമുള്ള ആഹാരം, വൃത്തിയുള്ള ചുറ്റുപാടുകള്‍ തുടങ്ങിയവും ഹാപ്പിനെസ്സ് ഹോസ്റ്റല്‍ ഒരുക്കുന്നു. 

കഴിഞ്ഞ വര്‍ഷം 12 പേരടങ്ങുന്ന ഐഐടി പൂര്‍വവിദ്യാർഥി സംഘം ഒരു ലക്ഷം കോച്ചിങ് വിദ്യാർഥികള്‍ക്കായി ഹാപ്പിനെസ്സ് ഗൈഡ് ബുക്ക്‌ലെറ്റും വിതരണം ചെയ്തു. റസ്റ്ററന്റുകളുടെയും ജ്യൂസ് സെന്ററുകളുടെയും കോഫി ഷോപ്പുകളുടെയും സ്റ്റേഷനറി കടകളുടെയും ഡിസ്‌കൗണ്ട് കൂപ്പണുകള്‍ അടങ്ങുന്നതായിരുന്നു ഈ ബുക്ക്‌ലെറ്റ്. കുറച്ച് പണവുമായി പരിമിതമായ സാഹചര്യങ്ങളില്‍ പഠിക്കാനെത്തുന്ന വിദ്യാർഥികള്‍ക്ക് പണം ലാഭിക്കാന്‍ ഇത് വലിയ അളവില്‍ സഹായിച്ചു.  

2500 ഹോസ്റ്റലുകളിലായി രണ്ട് ലക്ഷം വിദ്യാർഥികളാണ് കോട്ടയില്‍ പഠിക്കുന്നത്. ഇതില്‍ 600 ഹോസ്റ്റലുകളുമായി ബന്ധപ്പെടാനും 100 ഹോസ്റ്റലുകളെ ഹാപ്പിനെസ്സ് ഹോസ്റ്റലുകളായി പരിവര്‍ത്തനം ചെയ്യിക്കാനും പൂര്‍വവിദ്യാർഥികള്‍ക്കു സാധിച്ചു. കൂടുതല്‍ ഹോസ്റ്റലുകള്‍ വൈകാതെ ഹാപ്പിനെസ്സ് ഹോസ്റ്റലുകളായി മാറുമെന്ന് പൂര്‍വവിദ്യാർഥി സംഘത്തിലെ നിഖിത ജയിന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് വിദ്യാർഥികളില്‍ നിന്നും കൂട്ടായ്മയ്ക്ക് ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com