ADVERTISEMENT

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സർവകലാശാലകളിലുമായി 2019ൽ പ്രതീക്ഷിക്കുന്നത് 1021 ഒഴിവുകളെന്നു സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്ക്.

മുൻപുള്ളതു കൂടി ചേർത്ത് 1023 ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് റവന്യൂ വകുപ്പിൽ നിന്നാണ്–  473. ക്ലാർക്ക് ടൈപ്പിസ്റ്റ്, ഒാഫിസ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, ചൗക്കിദാർ, സർജന്റ്, ഡ്രൈവർ, ക്ലാർക്ക് തുടങ്ങിയ തസ്തികകളിലാണ് ഇത്രയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. 473ൽ 335ഉം ക്ലാർക്ക് ഒഴിവുകളാണ്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പു മേധാവികൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നു സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ നിന്നു വ്യക്തമാകുന്നു. 

വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്ന് 2019ലെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. കെഎസ്എഫ്ഇ, കെഎസ്ഇബി എന്നിവ ഉൾപ്പെടെയുള്ള പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒഴിവുകളും റിപ്പോർട്ട് ചെയ്തവയുടെ പട്ടികയിലില്ല. കൃഷി വകുപ്പ് ഉൾപ്പെടെയുള്ള ചില വകുപ്പുകൾ പ്രതീക്ഷിത ഒഴിവുകളെല്ലാം പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമില്ല.

വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും 2019 കലണ്ടർ വർഷത്തെ  പ്രതീക്ഷിത ഒഴിവുകൾ ജനുവരി 31ന് മുൻപ് പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതു സംബന്ധിച്ച വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ഈ തീയതിക്കകം അറിയിക്കുകയും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഭരണവകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.

2018 സെപ്റ്റംബര്‍ ഒന്നിനകം ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ നിർദേശം പൂർണമായി നടപ്പാകാത്ത സാഹചര്യത്തിലായിരുന്നു ജനുവരി 31ന് മുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നു നിർദേശം നൽകിയത്. എന്നാൽ സർക്കാർ നിർദേശം വകുപ്പുമേധാവികൾ വേണ്ടത്ര ഗൗരവത്തോടെ എടുക്കുന്നില്ലെന്നാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിലെ കുറവ് സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com