ADVERTISEMENT

ഐപിഎല്ലും ഐഎസ്എല്ലും പ്രോ കബഡി ലീഗും ഉൾപ്പെടെ വിജയകരമായി മുന്നേറുന്ന വിവിധ സ്പോർട്സ് ലീഗുകൾ. പണം മുടക്കാൻ തയ്യാറായി റിലയൻസും ബിർലയുമെല്ലാം അടങ്ങുന്ന കോർപ്പറേറ്റ് ലോകം. ടീമുകളെ സ്വന്തമാക്കാൻ വരി നിൽക്കുന്ന സിനിമാ താരങ്ങൾ. അനുദിനം അംഗബലം വർദ്ധിക്കുന്ന ബിഎഫ്സി പോലുള്ള ടീം ഫാൻ ക്ലബുകൾ. ആകെ മൊത്തത്തിൽ ആവേശ കൊടുമുടിയിലാണ് ഇന്ത്യയിലെ കായിക മേഖല ഇന്ന്.

അതിവേഗം വളരുന്ന കായിക മേഖലയ്ക്ക് കളിക്കാരെയും കോച്ചുമാരെയും മാത്രമല്ല ആവശ്യം. ഈ വ്യവസായത്തിന് മാച്ച് ഒഫീഷ്യലുകളെയും, ഇവന്റ് മാനേജ്മെന്റ് എക്സിക്യൂട്ടീവുകളെയും, അനലിസ്റ്റുകളെയും, ഏജന്റുമാരെയും, മീഡിയ & കമ്യൂണിക്കേഷൻ പ്രഫഷണലുകളെയും ഒക്കെ ആവശ്യമുണ്ട്. ഇവയെല്ലാം ഉൾപ്പെടുന്ന സ്പോർട്സ് മാനേജ്മെന്റ് ഇന്നു വൻ സാധ്യതകളുള്ള കരിയർ ഓപ്ഷനാണ്. ഈ കരിയറിലേക്കു യുവാക്കളെ പരിശീലിപ്പിച്ചെടുക്കാൻ എക്സിക്യൂട്ടീവ് സ്പോർട്സ് മാനേജ്മെന്റ് കോഴ്സുമായി ഇന്ത്യയിലേക്ക് എത്തുകയാണ് രാജ്യാന്തര ഫുട്ബോൾ കൗൺസിലായ ഫിഫ. 

ഫിഫയും സ്വിറ്റ്സർലാൻഡിലെ ദ് ഇന്റർനാഷണൽ സെന്റർ ഫോർ സ്പോർട്സ് സ്റ്റഡീസും(സിഐഇഎസ്) ചേർന്ന് മുംബൈയിലെ പിള്ളയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് & റിസർച്ചുമായി  സഹകരിച്ചാണ് മിഡ്- ലെവൽ, സീനിയർ പ്രഫഷണലുകൾക്കായി ഈ പാർട്ട് - ടൈം എക്സിക്യൂട്ടീവ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. പ്രഫഷണൽ സ്പോർട്സ് മാനേജർമാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

സ്പോർട്സ് മാനേജ്മെന്റ് കരിയറിന്റെ സാധ്യതകൾ കണ്ടറിഞ്ഞു കൂടുതൽ ഇന്ത്യക്കാർ ഈ മേഖലയിലേക്ക് ഉറ്റുനോക്കുന്നതായി സിഐഇഎസ് സയന്റിഫിക്ക് കോ - ഓർഡിനേറ്റർ പിയറി ലാൻഫ്രാഞ്ചി അഭിപ്രായപ്പെടുന്നു. യൂറോപ്പിൽ നടത്തുന്ന ഫിഫയുടെ ഫുൾ ടൈം മാസ്റ്റർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ റെക്കോർഡ് എണ്ണം ഇതിന്റെ സൂചനയാണ്. എന്നാൽ അപേക്ഷാർത്ഥികളിൽ ഭൂരിപക്ഷവും ശരിയായ തയ്യാറെടുപ്പോടെ വരുന്നവരോ അനുഭവ സമ്പത്തുള്ളവരോ അല്ല. അതിനാലാണ് ഇന്ത്യയിൽ തന്നെ പരിശീലനം നൽകുന്നതിനായി പാർട്ട്-ടൈം പ്രോഗ്രാം അവതരിപ്പിച്ചതെന്നും ലാൻഫ്രാഞ്ചി പറയുന്നു.

സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്, ഫിനാൻസ്, കമ്യൂണിക്കേഷൻ, മാനേജ്മെന്റ്, സ്പോർട്സ് ലോ, മാർക്കറ്റിങ് / സ്പോൺസർഷിപ്പ് എന്നിങ്ങനെ സ്പോർട്സ് മാനേജ്മെന്റിന്റെ ആറു പ്രധാന മേഖലകളിൽ കോഴ്സ് പരിശീലനം നൽകും. മുംബൈയിലുള്ള പിള്ളയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് & റിസർച്ച് ക്യാംപസിൽ വച്ചാണ് ക്ലാസുകൾ നടക്കുക. ആദ്യ ബാച്ച് 2019 സെപ്റ്റംബറിൽ ആരംഭിക്കും. വിവിധ മാസങ്ങളിലായി 8 ദിവസം നീളുന്ന 3 ബ്ലോക്കുകളും 5 ദിവസം നീളുന്ന നാലാമതൊരു ബ്ലോക്കുമാണ് കോഴ്സിനുളളത്.

അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്നോ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) അംഗീകരിച്ച വിദേശ സർവകലാശാലയിൽ നിന്നോ നേടിയ ബിരുദമാണ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അപേക്ഷാർഥിക്ക് സ്പോർട്സിലുള്ള തന്റെ താത്പര്യവും പ്രകടിപ്പിക്കാൻ സാധിക്കണം. ട്യൂഷൻ ഫീസ് ഇന്ത്യൻ വിദ്യാർഥികൾക്ക് 1.85 ലക്ഷം രൂപയും രാജ്യാന്തര വിദ്യാർഥികൾക്ക് 2,77,760 രൂപയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com