ADVERTISEMENT

സാറേ, ഈ കുട്ടീടെ കൂർക്കംവലി മൂലം പഠിക്കാൻ പറ്റുന്നില്ല– ക്ലാസ് മുറിയിലെ പരാതിയാണ്. 72കാരൻ ജോസഫ് അപ്പോൾ ഉറക്കം തെളിയും...അതൊക്കെ  ഒരു വർഷം മുൻപ് ക്ലാസ് തുടങ്ങിയപ്പോൾ.

തീരാറായപ്പോൾ ജോസഫിന് ഉറക്കമില്ല. ‘ഫ്രണ്ട്സിനെ’  പിരിയാൻ മടി.

എഴുപത്തഞ്ചുകാരൻ രാജു വീട്ടിൽ ഇരുന്നു ഭയങ്കര  പഠനം. അപ്പുറത്തെ മുറിയിൽ കൊച്ചുമകൻ ആറിൽ പഠിക്കുന്ന ജോസനേക്കാൾ ഏകാഗ്രതയോടെയുള്ള പഠനം.  ഒടുവിൽ കൊച്ചുമകൻ ചോദിച്ചു:‘അച്ചാച്ചന് നാളെ പരീക്ഷയാ?’

അതേ മോനേ..

‘നന്നായി പഠിച്ചു മനസ്സിലുറപ്പിക്കണം.. ഒന്നുരണ്ടു തവണ റിവിഷൻ ചെയ്തു നോക്കണം...’

ചെയ്യാം.

‘ ആദ്യം ചോദ്യം മനസ്സിരുത്തി വായിച്ചു നോക്കണം. അല്ലാതെ ചാടിക്കേറി ഉത്തരമെഴുതിയേക്കരുത്’

ശരി

‘ നൂറിൽ നൂറ് മേടിക്കണം.. നാണക്കേടുണ്ടാക്കരുത്..’

60 വർഷം മുൻപു പത്താംക്ലാസിൽ പഠനം നിർത്തിയ ഇഞ്ചമുടി പുതുക്കാട്ടുകാരൻ പി.സി. രാജു പഴുവിൽ അഗ്രോ സ്റ്റോഴ്സ് നടത്തുകയാണ്. വളം വിൽപനക്കാരെ കൃഷിയുടെയും  ഉപയോഗിക്കേണ്ട വളം– കീടനാശിനി ഇവയുടെയും അടിസ്ഥാന പാഠങ്ങൾ സർക്കാർ പഠിപ്പിക്കുന്ന ദേശി കോഴ്സിലാണ് പഠനം. 

DESI3
ക്ലാസിലെ പാഠങ്ങൾ എഴുതിയെടുക്കുന്ന തിരക്ക്

ഒരു വർഷത്തെ കോഴ്സ് ആണെങ്കിലും ഞായറാഴ്ചകളിൽ മാത്രമായിരുന്നു ക്ലാസ്. വെറും ക്ലാസല്ല. ഹാജരും ചോദ്യോത്തരവും നോട്ടുബുക്കും പ്രോജക്ട് ബുക്കും ഗ്രൂപ്പ് ഡിസ്കഷനും വൈവയും കേട്ടെഴുത്തും വർഷപ്പരീക്ഷയും സർട്ടിഫിക്കറ്റുമൊക്കെയുള്ള ക്ലാസ്. എന്തിനേറെ യൂണിഫോം വരെയുണ്ട്.

വിളയുടെ ‘ഡോക്ടർ’മാർ
നമുക്കൊരു പനി വന്നാൽ ഒന്നുകിൽ ഡോക്ടറെ കാണും. ചെറിയ അസുഖമൊക്കെയാണെങ്കിൽ നേരെ മരുന്നുകടയിൽ ചെന്ന് വിവരം പറയും. നല്ല പനിയുണ്ടോ, തലവേദനയുണ്ടോ എന്നൊക്കെ ചോദിച്ച് ഫാർമസിസ്റ്റ് ഗുളിക തരും. ഡിഫാം പഠിച്ച് അത്യാവശ്യം മരുന്നുവിവരം പഠിച്ച് ലൈസൻസ് ഉള്ളയാളാണു ഫാർമസിസ്റ്റ്. എന്നാൽ വിളകൾക്ക്  അസുഖം വന്നാലോ, കർഷകർക്ക് കാണാനുള്ള ഡോക്ടറും ഫാർമസിസ്റ്റുമെല്ലാം തൊട്ടടുത്തുള്ള വളം കടക്കാരനാണ്.

ജോസേട്ടാ, നെല്ലിനൊരു വാട്ടമുണ്ട്. ഏന്താ ചെയ്യേണ്ടത്?

ഞാനൊരു  മരുന്നു തരാം അടിച്ചോ.

എന്നായിരിക്കും മറുപടി. മരുന്നു കമ്പനികൾ പറഞ്ഞുള്ള അറിവു വച്ച് ആ മരുന്ന് അങ്ങു കൊടുക്കും. ഡോക്ടർ കം ഫാർമസിസ്റ്റ് കം കച്ചവടക്കാരൻ അതാണ് അവർ. അതായത് കർഷകന്റെ ഏറ്റവും അടുത്തുള്ള ‘കണക്ടിങ് പോയന്റാ’ണ് വളം, കീടനാശിനി കച്ചവടക്കാരൻ. അവരെത്തന്നെ മണ്ണിനെയും വിളകളെയും കുറിച്ചു പഠിപ്പിച്ച് ഒരു ‘കൊച്ചു ഡോക്ടർ’ ആക്കി മാറ്റുന്നതാണു ദേശി പദ്ധതി. കോഴ്സ് പാസായി ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇനി വളം, കീടനാശിനി കടകൾ നടത്താനാവൂ. 

DESI2

അതിനു സഹായമായ സിലബസ് തയാറാക്കിയ കോഴ്സിന്റെ കേരളത്തിലെ ആദ്യത്തെ ബാച്ചാണു കാർഷിക സർവകലാശാലയുടെ ചിറക്കേക്കോടുള്ള കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ പഠനം പൂർത്തിയാക്കുന്നതെന്നും പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കുമെന്നും കോഴ്സ് ഇൻചാർജും അസിസ്റ്റന്റ് പ്രഫസറുമായ സുമ നായർ പറയുന്നു. ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അതാതു  ജില്ലകളിൽ പരിശീലനം.

ഭാര്യേ, ആ ചോദ്യമൊന്നു ചോദിച്ചേ?
കാഞ്ഞാണിയിൽ ബി.ടി. ജോസഫ് ഫെർട്ടിലൈസർ ഡീലേഴ്സ് എന്ന കട നടത്തുന്ന 72 വയസുകാരൻ ബ്രഹ്മകുളത്ത് തോമ്മാക്കുട്ടി ജോസഫിനു പരീക്ഷ അടുക്കുന്തോറും വെപ്രാളമാണ്. വൈകിട്ടു ഭാര്യ നോട്ടുബുക്കു നോക്കി ചോദ്യങ്ങൾ ചോദിക്കും. ജോസഫ് ഉത്തരം പറയും. നോട്ടുബുക്ക്, പാഠപുസ്തകം, പ്രോജക്ട് ബുക്ക്, കടയിലെ ചോദ്യോത്തര ബുക്ക് അങ്ങനെ സ്കൂൾ കുട്ടിയുടേതു മാതിരി കുറേ ബുക്കുകളുണ്ട്. പച്ച യൂണിഫോമും.57 വർഷം മുൻപ് പത്താംക്ലാസ് പഠിച്ചതിനു ശേഷം ഇങ്ങനൊരു പഠനം നടത്തിയിട്ടില്ല. 

? അന്നത്തെ ക്ലാസും ഈ ക്ലാസും തമ്മിലെന്താ വ്യത്യാസം

∙ ‘ ഇവിടെ ഇടയ്ക്കു 2 തവണ കാപ്പി  കിട്ടും. ഉച്ചയ്ക്കു ചോറു കിട്ടും. ഏതാണ്ടു 2 മണിക്കൂർ വെറുതെ സമയം കിട്ടും.’ – അതു ഗുണം.

? അപ്പോൾ ദോഷമോ?

∙ ആകെ കിട്ടുന്ന ഞായറാഴ്ച ഇങ്ങോട്ടു  പോരുന്നതിനാൽ നാട്ടിലെ ജനനം, മരണം ഇവയൊന്നും അറിയുന്നുമില്ല.. പങ്കെടുക്കുന്നുമില്ല!

ഇനി 2 ക്ലാസും പരീക്ഷയും കഴിഞ്ഞാൽ തീരുമല്ലോ?

∙ അതേ, ഇപ്പോൾ അതോർക്കുമ്പോഴാ സങ്കടം. എല്ലാവരുമായി അത്ര കൂട്ടായി. (ജോസഫേട്ടന്റെ നോട്ടുബുക്കിനു പുറത്തു നിറയെ കുത്തിവരയാണ്)

തിരുവില്വാമല ഹരിത കടയിലെ അനൂപാണ് കൂട്ടത്തിൽ ചെറുപ്പം 34വയസ്.

DESI4
ഇടവേളയിൽ വിദ്യാർഥികളുടെ നർമസല്ലാപം.

ജെസി, ബെർളി, ഡാഫ്മി
ക്ലാസിലെ ‘ചിയർ ഗേൾസ്’ ആണിവർ 3 പേരും. പോസ്റ്റ് ഓഫിസ് റോഡിൽ അഗ്രി ഏജൻസീസ് നടത്തുന്ന ജെസി പാവൂ, പുതുക്കാട് ടിസ്കോ ഷോപ്പ് നടത്തുന്ന ബെർളി ദേവസ്യ, പെരുമ്പിലാവിലെ ഫാക്ട് ഡീലർ ഡാഫ്മി ജോയ്...

നിർബന്ധിത ക്ലാസ് ആയതിനാൽ ആദ്യം മടിച്ചാണ് ഇവരൊക്കെയെത്തിയത്. ഇനിയിപ്പോൾ എന്തു പഠിക്കാനാ, മെനക്കേടായല്ലോ എന്ന മട്ട്. ആകെ കിട്ടുന്ന അവധി ദിനമായ ഞായറാഴ്ച ‘സ്പെഷൽ ക്ലാസ് കിട്ടുന്ന കുട്ടി’യുടെ മനോഭാവമായിരുന്നു. 

പക്ഷേ, ഇപ്പോൾ സംഗതി മാറി. 

ക്ലാസ് അടിപൊളിയാ, കുറേ വലിയ കൂട്ടുകാരെക്കിട്ടി... ജെസി പറയുന്നു.

ക്ലാസിൽ ഉറങ്ങുന്നവരും കമന്റടിക്കുന്നവരും ഒക്കെയുണ്ട്. ബോറടിക്കുന്നതേയില്ല.

ഇന്നെന്താ പഠിച്ചത്, അടി കിട്ടിയോ, ഇംപൊസിഷനെഴുതിച്ചോ തുടങ്ങി ഒട്ടേറെ കുസൃതി ചോദ്യങ്ങളുമായാണു ക്ലാസിലെത്തുന്നവരെയൊക്കെ വീട്ടിൽ സ്വീകരിക്കുന്നത്. 

സിലബസ് അൽപം കട്ടിയാണ്.

മണ്ണു പരിശോധന, വിള പരിചയം, വളം – കീടനാശിനി പരിചയപ്പെടുത്തൽ, മാർക്കറ്റിങ് – ക്രെഡിറ്റ് ഫിനാൻസ് ക്ലാസുകൾ, ഇ– ഫാമിങ്, സ്ട്രെസ് മാനേജ്മെന്റ് ഇവയൊക്കെ സിലബസിൽ പഠിച്ചു കഴിഞ്ഞു.

പ്രോജക്ട് വർക്കു കൂടി  പൂർത്തിയാക്കണം. 

പരീക്ഷ രണ്ടു ഘട്ടം കഴിഞ്ഞു. 

ക്വിസ് പരീക്ഷ, മിഡ് ടേം എഴുത്തു പരീക്ഷ ഇവയാണു കഴിഞ്ഞത്. മനുഷ്യൻ ആദ്യം കൃഷിചെയ്ത വിളയേത്, മഴ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് എന്ന രീതിയിൽ തുടങ്ങി കൃഷി ശാസ്ത്രത്തിലേക്കു കടക്കുന്ന ചോദ്യങ്ങൾ.

അതു പറഞ്ഞപ്പോൾ ജോസഫേട്ടൻ ഇങ്ങോട്ടൊരു  ചോദ്യം?

ഏറ്റവും കൂടുതൽ ചക്ക വിളയുന്ന ജില്ലയേത്..?

ഞങ്ങൾ ഇരുട്ടിൽത്തപ്പി.

എന്നാ പഠിച്ചു വച്ചോ, ഇടുക്കി.. ഉത്തരവും ജോസഫേട്ടന്റെ വക.

വിമാന യാത്ര, വിനോദ യാത്ര
ബെംഗളൂരുവിലെ യുഎഎസ് സർവകലാശാല, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾചറൽ റിസർച് എന്നിവിടങ്ങളൊക്കെ സംഘം സന്ദർശിച്ചത് പഠന യാത്രയും വിനോദ യാത്രയുമായാണ്. പലരും ആദ്യമായാണു വിമാനത്തിൽ കയറിയത്. അടിച്ചുപൊളിച്ചുള്ള യാത്ര.ക്ലാസ് കഴിയാറായ വിഷമം തീർക്കാൻ ഇനിയുള്ളത് ദേശി എന്ന പേരിൽ തന്നെയുള്ള  വാട്സാപ് ഗ്രൂപ്പാണ്. അതിലെല്ലാവരും സജീവം.

കൂടുതൽ വിശേഷം ചോദിച്ചില്ല. എല്ലാവരും ചാടി ക്ലാസിൽ കയറി. അടുത്തയാഴ്ച 19നു ഫൈനൽ എക്സാമാണ്. തോറ്റേച്ച് ഈ വഴിക്കു വന്നേക്കരുതെന്നു പേരക്കുട്ടികൾ പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com