ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒരു വർഷം പിന്നിടുമ്പോൾ ഇതുവരെ നടന്നത് വെറും   6% നിയമനശുപാർശ. 14 ജില്ലകളിലായി നിലവിലുള്ള എൽഡിസി റാങ്ക് ലിസ്റ്റുകളിൽ നിന്ന് 2284 പേർക്കാണ്  ഇതുവരെ നിയമനം നൽകിയിരിക്കുന്നത്.  റാങ്ക് ലിസ്റ്റുകൾക്ക്   രണ്ടു കൊല്ലംകൂടി കാലാവധി ലഭിക്കും. ആദ്യ വർഷത്തേതുപോലെയാണ് തുടർന്നുള്ള വർഷങ്ങളിലും നിയമനമെങ്കിൽ 8000 പേർക്കുപോലും ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനശുപാർശ ലഭിക്കില്ല. ഒാരോ വർഷം കഴിയുന്തോറും എൽഡിസി പോലെയുള്ള സുപ്രധാന ലിസ്റ്റിലെ നിയമനങ്ങൾ വൻതോതിൽ കുറയുന്നത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി 36,783 പേരാണ് വിവിധ ജില്ലകളിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.    

2018 ഏപ്രിൽ രണ്ടിനാണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. ഇടുക്കി, എറണാകുളം, കണ്ണൂർ എന്നിവ ഒഴികെ 11 ജില്ലകളിലെ ലിസ്റ്റുകൾ മാത്രമേ അന്ന് പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. മൂന്നു ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് പ്രസിദ്ധീകരിച്ചതെങ്കിലും നിലവിൽ വന്ന തീയതി ഏപ്രിൽ രണ്ടായി നിജപ്പെടുത്തുകയായിരുന്നു. മുൻ എൽഡിസി റാങ്ക് ലിസ്റ്റുകളിലെ നിയമനനിലയുമായി താരതമ്യപ്പെടുത്തിയാൽ ഇത്തവണത്തെ നിയമനത്തിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്കു നിയമനശുപാർശ നൽകിയത് തിരുവനന്തപുരം ജില്ലയിൽ– 245. ഏറ്റവും കുറവ് നിയമനങ്ങൾ വയനാട് ജില്ലയിൽ– 78. തിരുവനന്തപുരത്തിനൊപ്പം കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് നിയമനശുപാർശ 200 കടന്നത്. വയനാടിനൊപ്പം കാസർകോട് ജില്ലയിലും നിയമനങ്ങൾ 100 തികച്ചിട്ടില്ല. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല 
എൽഡി ക്ലാർക്ക് തസ്തികയുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൻകുറവാണുണ്ടായിരിക്കുന്നത്. ആശ്രിത നിയമനം, അന്തർജില്ലാ സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയവയുടെ പേരിലെല്ലാം ഒഴിവുകൾ പിടിച്ചുവയ്ക്കുകയാണ്. ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തിയാണ് വിവിധ സർക്കാർ വകുപ്പുകൾ മുന്നോട്ടു പോകുന്നത്. നിശ്ചിത ശതമാനം നിയമനം മാത്രമേ ഈ രീതിയിൽ വകമാറ്റാൻ പാടുള്ളൂ എന്ന വ്യക്തമായ വ്യവസ്ഥ നിലനിൽക്കുമ്പോഴും ഇതെല്ലാം മാറ്റിവച്ച് ആശ്രിതനിയമനം നടത്തിയ ശേഷം ബാക്കിയുള്ള ഒഴിവേ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യൂ എന്നതാണ് അവസ്ഥ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ പേരിലും ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നില്ല. പെരുമാറ്റചട്ടം പിഎസ്‌സി നിയമനങ്ങൾക്കു ബാധകമല്ലെങ്കിലും വകുപ്പുമേധാവികൾ ചട്ടം ബാധകമാക്കിയിരിക്കയാണ്. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും അലംഭാവം പ്രകടമാണ്. സർക്കാർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും 2019ലെ പ്രതീക്ഷിത ഒഴിവുകളെന്ന പേരിൽ റിപ്പോർട്ട് ചെയ്തത് വെറും 1023 ഒഴിവുകൾ മാത്രം. പകുതിയോളം സർക്കാർ വകുപ്പുകൾ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.   

റാങ്ക് ലിസ്റ്റിൽ 36,783 പേർ
14 ജില്ലകളിൽ നിലവിലുള്ള എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽ 36,783 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ മാത്രം 15,333 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 20,291, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 1159 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com