ADVERTISEMENT

വാഴക്കുളത്തെ പൈനാപ്പിൾ കർഷകർ‌ മിക്കപ്പോഴും നഷ്ടമാണു വിളവെടുക്കുക. പൈനാപ്പിൾ കേടില്ലാതെ കിട്ടാനും കിട്ടിയാൽ വിൽക്കാനും വിറ്റാൽ വില കിട്ടാനുമൊക്കെ ചിലപ്പോൾ പാടുപെടും. മൂന്നു വർഷമായ ചെടികൾ മാറ്റി കൃഷിയിടം അടുത്ത വിളയ്ക്കു പാകപ്പെടുത്താൻപോലും പ്രയാസപ്പെടുന്നുണ്ട് കർഷകർ. പരമ്പരാഗത കൃഷി ബിസിനസിനു പുറത്തേക്കു നോക്കാനോ മൂല്യവർധിത സംരംഭങ്ങളെപ്പറ്റി ചർച്ചചെയ്യാനോ ഒന്നും മേഖലയിൽ പൊതുവെ എളുപ്പവുമല്ല.

അവിടെ ജനിച്ചു വളർന്ന പി.കെ.സജേഷ്, ബയോടെക്നോളജിയിൽ പിജിയും രാജ്യാന്തര ബയോടെക്– ജീനോമിക്സ് കമ്പനിയിൽനിന്നു 10 വർഷത്തെ തൊഴിൽപരിചയവും നേടിയപ്പോൾ മനസ്സിൽ കിളിർത്തത് പുതുമയുള്ളൊരു പരിഹാരം. ആർക്കും വേണ്ടാത്ത കൈതത്തണ്ടിൽനിന്ന് ലോകമെങ്ങും ആവശ്യമുളള ഒരുൽപന്നം ഉണ്ടാക്കിയാലോ...

ബ്രോമെലെയ്ൻ എന്ന എൻസൈമിനെ സജേഷിനു പഠനകാലത്തേ പരിചയമുണ്ട്. പൈനാപ്പിളിൽനിന്നുണ്ടാക്കുന്നതും ഔഷധനിർമാണം, ബേക്കറി ഉൽപന്ന നിർമാണം, ഇറച്ചി–ചീസ്, കാലിത്തീറ്റ നിർമാണം എന്നിങ്ങനെ വിവിധ വ്യവസായങ്ങളിൽ ഉപയോഗിക്കുന്നതുമായ എൻസൈമാണത്. വാഴക്കുളത്തുമാത്രമല്ല, റബറിന്റെ ഇടവിളയായി കേരളത്തിലാകെ പൈനാപ്പിൾ കൃഷി വ്യാപകമാണെങ്കിലും ഈ എൻസൈം ഉൽപാദിപ്പിക്കൽ ഇതുവരെയും കേരളത്തിന്റെ മനസ്സിലുദിച്ചില്ലെന്നത് അദ്ഭുതപ്പെടുത്തി. ഇന്തൊനീഷ്യയിൽനിന്നാണു മുഖ്യമായും ഇന്ത്യയിലെ കമ്പനികൾ ബ്രോമെലെയ്ൻ വാങ്ങുന്നത്. 

sajesh-with-machine

വാഴക്കുളത്തെ തോട്ടങ്ങളിൽ ഓരോ വിളകാലം കഴിയുമ്പോഴും മാലിന്യക്കൂനയായി അവശേഷിക്കുന്ന കൈതച്ചെടിയുടെ തണ്ട് ഉപയോഗപ്പെടുത്തി ബ്രോമെലെയ്ൻ ഉണ്ടാക്കിയാൽ കർഷകർ നേരിടുന്ന മാലിന്യപ്രശ്നം പ്രകൃതിക്കു കേടില്ലാതെ പരിഹരിക്കുകയുമാകാം. (സാധാരണ ഗതിയിൽ, കളനാശിനിമരുന്നുകൾ ഉപയോഗിക്കുന്നതാണു രീതി)– സജേഷിനെ ആകർഷിച്ച മുഖ്യ ഘടകം ഇതുതന്നെ. അസംസ്കൃത വസ്തു ചെലവില്ലാതെ കിട്ടും എന്നതും ചെറിയകാര്യമല്ല.

അങ്ങനെ, സജേഷിന്റെ സ്റ്റാർട്ടപ് സംരംഭത്തിനു തുടക്കമായി– സൈമോടെക് ബയോസൊല്യൂഷൻസ്. സ്വന്തം പറമ്പിൽത്തന്നെ 4000 ചതുരശ്രഅടി വിസ്തീർണമുള്ള ഫാക്ടറി ഷെഡ് ഉയർന്നു. പക്ഷേ യന്ത്രങ്ങൾ..? മിക്കവാറുമെല്ലാം സ്വന്തം ഡിസൈൻ നൽകി ഉണ്ടാക്കേണ്ടിവന്നു. ഇതുവരെ നാട്ടിൽ ഇങ്ങനെയൊരു സംരംഭമില്ലല്ലോ.

കൈതത്തണ്ട് പല ഘട്ടങ്ങളിൽ വൃത്തിയാക്കിയെടുത്ത് നീരൂറ്റിയെടുത്ത് അത് ഉണക്കി പൊടിയാക്കിയാണ് ബ്രോമെലെയ്ൻ നിർമാണം പുരോഗമിക്കുന്നത്. നാട്ടിലെ തന്നെ തൊഴിലാളികളെ ഉപയോഗിച്ചാണു ജോലികൾ. സാങ്കേതിക ജോലികളൊക്കെ സജേഷ് തന്നെ ചെയ്യും. പൊടിയായും ദ്രാവകമായും, ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച്, ഉൽപന്നം നൽകാനാകും. വില ഇന്തൊനീഷ്യയിൽനിന്നുള്ളതിനെക്കാൾ കുറവും. 100 കിലോഗ്രാം വരെ ഉൽപന്നം പ്രതിദിനം ഉണ്ടാക്കാനുള്ള സജ്ജീകരണങ്ങളുണ്ട്.

ഇതിനകം 80 ലക്ഷത്തോളം രൂപ ചെലവിട്ടുകഴിഞ്ഞ സജേഷ് ബിസിനസ് വിപുലീകരണത്തിന്റെ മാർഗങ്ങൾ തേടുകയാണിപ്പോൾ. വീട്ടിൽനിന്നുള്ള സഹായവും സ്വന്തം ശമ്പളവുമൊക്കെയാണു നിലവിൽ മുതൽമുടക്ക്. ഇതിൽ ഒതുങ്ങിനിന്നാൽ സ്വപ്നങ്ങൾ പൂർണമായും യാഥാർഥ്യമാക്കാനാവില്ല. ‌പുതിയ ഇടപാടുകാരെ കണ്ടെത്തുക, രാജ്യാന്തര ബന്ധങ്ങളുടെ സാധ്യത തേടുക തുടങ്ങിയ ലക്ഷ്യങ്ങൾ. ഉൽപാദനം നടന്ന് ഏറെക്കഴിയുംമുൻപ് ഉപയോക്താവിലെത്തുന്നു എന്നുറപ്പാക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുകയും വേണം.

കേരളത്തിന്റെ അഭിമാന വ്യവസായമായി അംഗീകരിക്കപ്പെടേണ്ട ഒന്നാണിതെന്നതിൽ സജേഷിനു സംശയമില്ല. സ്റ്റാർട്ടപ് എന്നാൽ ഐടി– ഇന്റർനെറ്റ് വ്യവസായം മാത്രമാണെന്ന ധാരണയ്ക്കപ്പുറത്തേക്കു കേരളം വളരുന്നതിന്റെ സൂചനയുമാകും അത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com