ADVERTISEMENT

രാജ്യങ്ങൾക്കിടയിലുള്ള അതിരുകൾ മായുന്ന ലോകത്തു വാണിജ്യ–വ്യവസായ മേഖലകളിലെ പ്രഫഷനലുകൾ, ഭരണാധികാരികൾ, വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ, വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ, വിനോദസഞ്ചാരികൾ മുതലായവർ നാട്ടിലും വിദേശത്തും ധാരാളം യാത്ര ചെയ്യുന്നു. വിനോദസഞ്ചാരത്തിലെ താൽപര്യം അഭൂതപൂർവമായി വളരുന്നതു കാരണം ടൂറിസം വ്യവസായത്തിന്റെ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് ശാസ്ത്രീയപരിശീലനം കിട്ടിയ സമർഥരെ ആവശ്യമുണ്ട്.

ഓൺലൈൻ ‌ടിക്കറ്റിങ് സമ്പ്രദായം വ്യാപകമാണെന്നു പറഞ്ഞാലും, സങ്കീർണവ്യവസ്ഥകൾ പാലിച്ചു യാത്രകളൊരുക്കുകയും, ഹോട്ടൽ താമസമടക്കമുള്ള സേവനങ്ങൾ പലേടത്തും ഉറപ്പാക്കിക്കിട്ടുകയും വേണമെങ്കിൽ ട്രാവൽ–ടൂറിസം പ്രഫഷനലുകളുടെ സഹായം വേണ്ടിവരും. സംഘമായി രാജ്യങ്ങൾ സന്ദർശിക്കുന്നവരുടെ വിവിധാവശ്യങ്ങൾ കാര്യക്ഷമമായി നിർവഹിച്ചുകൊടുക്കാൻ അറിവും പരിചയവുമുള്ളവരുടെ പ്രവർത്തനം കൂടിയേ തീരു.

ഐഐടിടിഎം
ട്രാവൽ–ടൂറിസം മേഖലയിൽ ശ്രദ്ധേയമാണു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള  ഐഐടിടിഎമ്മിലെ കോഴ്സുകൾ. ഗോവ, നെല്ലൂർ, ഭുവനേശ്വർ, നോയിഡ എന്നിവിടങ്ങളിലും ഇതിനു ശാഖകളുണ്ട്. 

മുഖ്യകോഴ്സുകൾ :
1. എംബിഎ (ടൂറിസം & ട്രാവൽ മാനേജ്മെന്റ്) : 50% എങ്കിലും മാർക്കോടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 25 വയസ് കവിയരുത്.പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കും 30 വയസും. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. MAT, CAT, CMAT, XAT, GMAT, ATMA ഇവയൊന്നിലെ സ്കോറില്ലാത്തവർ, സർവകലാശാലയുമായിച്ചേർന്ന് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷയെഴുതണം. ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നി‌വയുമുണ്ട്. 

2. ബിബിഎ (ടൂറിസം & ട്രാവൽ): 50% എങ്കിലും മാർക്കോടെ പ്ലസ്ടൂ ജയിച്ചവർക്കും ഇപ്പോൾ 12ലെ പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കും അപേക്ഷിക്കാം. 22 വയസ് കവിയരുത്. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45% മാർക്കും 27 വയസും. സിലക്‌‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നി‌വയുണ്ട്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിയടക്കമുള്ള വിവരങ്ങൾ  വൈകാതെ അറിയിക്കും. എംബിഎയ്ക്ക് ഓരോ കേന്ദ്രത്തിലും 120 സീറ്റും ബിബിഎയ്ക്ക് 60 സീറ്റുമാണ് പതിവ്‍. ജാതി, ഭിന്നശേഷി സംവരണമുണ്ട്.

വിലാസം : Indian Institute of Tourism and Travel Management, Govindpuri, Gwalior – 474 011; ഫോൺ : 0751-2437300 / 09425407607; ഇ–മെയിൽ : iittm@sancharnet.in; iittmadmission@gmail.com, വെബ്: www.iittm.ac.in

കിറ്റ്സ് പ്രോഗ്രാമുകൾ
ഐഐടിടിഎമ്മിലേതിനു സമാനമായ കോഴ്സുകളടക്കം പല പരിശീലനപദ്ധതികളും തിരുവനന്തപുരം ആസ്ഥാനമായ ‘കിറ്റ്സ്’ നടത്തുന്നുണ്ട്. വിവരങ്ങൾക്കു നേരിട്ടു ബന്ധപ്പെടാം. 

വിലാസം: Kerala Institute of Tourism & Travel Studies, Residency, Thycaud,Trivandrum– 695014, ഫോൺ: 0471-2329468, info@kittsedu.org, www.kittsedu.org. ഈ േമഖലയിൽ മാസ്റ്റർ ബിരുദം നല്കുന്ന സർവകലാശാലകളുമുണ്ട്.

‘അയാട്ട’ കോഴ്സുകൾ
എയർലൈൻ വ്യവസായവുമായി ബന്ധപ്പെട്ട സമസ്‌തകാര്യങ്ങളിലും മാനദണ്ഡങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന രാഷ്‌ട്രാന്തരസ്‌ഥാപനമാണ് ‘അയാട്ട’ (IATA : International Air Transport Association : www.iata.org). 290 എയർലൈനുകൾ ഇതിൽ പങ്കാളികളാണ്. ട്രാവൽ പ്രഫഷനലാകാനുള്ള ഔദ്യോഗികപരിശീലനവും അയാട്ടയുടെ ചുമതലയിൽപ്പെടും. പല തലങ്ങളിലും അയാട്ട കോഴ്‌സുകളുണ്ട്. വെബ്സൈറ്റിലെ ‘ട്രെയിനിങ്’ ലിങ്കിൽ ക്ലിക് ചെയ്താൽ ടിക്കറ്റിങ് ഉൾപ്പെടെയുള്ള കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. 

കേരളത്തിലടക്കമുള്ള അംഗീകൃത പരിശീലനസ്ഥാപനങ്ങൾ (Aiuthorized Training Centers) വെബ്സൈറ്റിൽനിന്നു തിരിച്ചറിഞ്ഞ് അവയുടെ സഹായം സ്വീകരിക്കുകയുമാകാം.

ലോകത്ത് എവിടെയുമുള്ള എയർലൈനുകളിലും ട്രാവൽ ഏജൻസികളിലും ജോലി ലഭിക്കാൻ അയാട്ട സർട്ടിഫിക്കറ്റുകൾക്കുള്ള ബലം സർവകലാശാലകളുടെ മാസ്റ്റർ ബിരുദങ്ങൾക്കു പോലും കിട്ടിയില്ലെന്നുവരാം. എംബിഎയും മറ്റും പഠിക്കുന്നവർ താല്പര്യമുള്ള അയാട്ട യോഗ്യതകളും നേടുന്നത് അഭികാമ്യമാണ്. 

ട്രാവൽ ഏജൻസികളിലെ വേതനം പരിമിതമാണെങ്കിലും, എയർലൈനുകൾ പൊതുവേ ഉയർന്ന പ്രതിഫലം നൽകിവരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com