ADVERTISEMENT

ന്യൂസീലൻഡിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ വിക്ടോറിയ ബിസിനസ് സ്കൂളിന്റെ അസോഷ്യേറ്റ് ഡീൻ കോട്ടയം സ്വദേശി ഡോ. അരുൺ ഏലിയാസ് പറയുന്നു, മാനേജ്മെന്റ് വിദ്യാഭ്യാസത്തിൽ കേരളം എവിടെ നിൽക്കുന്നു, ഇത്രയധികം എംബിഎ കോളജുകളുടെ സാധ്യതയെന്ത് തുടങ്ങിയ കാര്യങ്ങൾ...

കുറഞ്ഞത് 5 വർഷം മാനേജ്മെന്റ് ജോലി ചെയ്തവർക്കേ വിക്ടോറിയ സർവകലാശാലയുടെ എംബിഎ പ്രവേശന പരീക്ഷ എഴുതാനാവൂ. ശരാശരി പ്രായം 35നു മുകളിൽ. എംബിഎ കൺസെപ്റ്റ് വ്യത്യസ്തമാണ്. 13 വർഷം ശരാശരി തൊഴിൽ പരിചയമുള്ളവർക്കു മാത്രമാണ് അവസരം. 

ന്യൂസീലൻഡിൽ എംബിഎ എന്നത് അപ്ലൈഡ് കോഴ്സാണ്. അനുഭവങ്ങൾ ഉള്ളവർമാത്രം പഠിക്കാനെത്തുന്നു. തിയറിയും പ്രായോഗികതയും സമന്വയിക്കുന്നതാണത്. രണ്ടും വേറിട്ടു നിൽക്കുന്നതല്ല. ഈ കൂട്ടത്തിൽ എല്ലാവരും പരിചയസമ്പന്നരാണ്.  ചിന്തകൾതന്നെ അനുഭവപരിചയത്തിൽ ഉറച്ചതാണ്. സീനിയർ ആളുകൾ എന്നതിൽനിന്നുതന്നെ ലോകത്തോടും മാനേജ്മെന്റ് സംവിധാനത്തോടുമുള്ള അവരുടെ കാഴ്ചപ്പാട് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. 

എംബിഎ പഠനം കേരളത്തിൽ അതിവേഗം കുതിച്ചുകയറുകയും അതുപോലെ തകർന്നുവീഴുകയും ചെയ്യുന്നതായാണു മനസ്സിലാക്കുന്നത്.  ഐഐഎമ്മിൽ പഠിപ്പിക്കുമ്പോൾ വിദ്യാർഥികളുമായി ഇക്കാര്യം പങ്കുവയ്ക്കാറുണ്ട്. വളർച്ച നിയന്ത്രിതമായ തോതിലാവണം. എംബിഎ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്കു വലിയ കെട്ടിടവും ക്യാംപസും ഉണ്ടായിട്ടു കാര്യമില്ല. മികച്ച അധ്യാപകരാണു വേണ്ടത്. ഗവേഷണത്തിൽ അടിയുറച്ച മാനേജ്മെന്റ് അധ്യാപകരെ വളർത്തിയെടുക്കാൻ നമുക്കു കഴിയുന്നില്ല. അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ഇവിടെ എംബിഎ കോളജുകൾ കൂട്ടത്തോടെ പൂട്ടിപ്പോകാൻ സാധ്യതയുണ്ട്. എൻജിനീയറിങ് കോളജുകൾക്ക് അടിപറ്റിയതു കേരളത്തിനു പാഠമാകണം. 

ഇന്ത്യയിൽ ഐഐഎമ്മിൽ പോലും കണക്ക് അധിഷ്ഠിതമായ എംബിഎ പഠനമാണ്. ഗവേഷണം പോലും കണക്കുകളിൽ അധിഷ്ഠിതമാണ്. പക്ഷേ കൂടുതലും മനുഷ്യരുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാൽ വ്യത്യസ്ത സമീപനത്തിനു പ്രാധാന്യം നൽകണം. മനുഷ്യരുമായി ഇടപെടുന്നതെങ്ങനെ എന്നതാണു പഠിപ്പിക്കേണ്ടത്. ന്യൂസീലൻഡിൽ ഇതു കണക്കിന്റെയും മനുഷ്യരുമായ ഇടപെടലിന്റെയും മിശ്രിതമാണ്. 

ബിബിഎയും ബികോമും കഴിഞ്ഞവരെ ഉടൻ എംബിഎ കോഴ്സിലെടുക്കരുത് എന്നതാണു ന്യൂസീലൻഡിൽ നിന്നുള്ള പാഠം. കുറേക്കൂടി മാനുഷികമായ അനുഭവങ്ങളുണ്ടാകണം. ‘കൊച്ചുപിള്ളേരെ’ എംബിഎ പഠിപ്പിക്കുന്നതിൽ കാര്യമായ ഫലമുണ്ടെന്നു തോന്നുന്നില്ല. 

അക്രഡിറ്റേഷൻ
ലോകമാകെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിൽ ഇന്റർനാഷനൽ അക്ര‍ഡിറ്റേഷനാണു പ്രാധാന്യം. എഎസിഎസ്ബി (അമേരിക്കൻ), ഇഎഫ്എംഡി ഇക്വിസ് (യൂറോപ്പ്), ആംബ (എംബിഎക്കു മാത്രമായുള്ളത്) എന്നിവയാണവ. കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. കൊൽക്കത്ത ഐഐഎമ്മിനു 3 അക്രഡിറ്റേഷനുമുണ്ട്. കോഴിക്കോട് ഐഐഎമ്മിന് ആംബ ലഭിച്ചിട്ടുണ്ട്. രാജ്യാന്തര തരത്തിൽ എവിടെ പോയാലും മാനേജ്മെന്റ് ഉദ്യോഗാർഥികളോട് ഇപ്പോൾ ചോദിക്കുന്നത് ഇതാണ്: നിങ്ങൾ പഠിച്ച സ്ഥാപനത്തിന് ഏത് ഇന്റർനാഷനൽ അക്രഡിറ്റേഷനാണുള്ളത്? 

‘‘ഏതു പരിസ്ഥിതി പ്രശ്നത്തിലും പലവിധത്തി‍ൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളുകളുണ്ടാകും. ഓരോ വിഭാഗത്തിന്റെയും ചിന്താഗതി വ്യത്യസ്തമായിരിക്കും, പലപ്പോഴും പരസ്പര വിരുദ്ധവുമാകും. പരിസ്ഥിതി സംബന്ധിച്ച എല്ലാത്തരം ചിന്താധാരകളെയും ഒരുമിപ്പിച്ചു പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതാണ് എൻവയോൺമെന്റ് കോൺഫ്ലിക്ട് മാനേജ്മെന്റ്. കേരളത്തിലെ പ്രളയത്തിന്റെ തുടർച്ചയായി  ഇത്തരം ശ്രമങ്ങൾ ഉണ്ടായോ എന്നറിയില്ല. ഒരഭിപ്രായത്തെ തെറ്റോ ശരിയോ എന്ന വിലയിരുത്തലല്ല, മറ്റുള്ളവർ പറയുന്നതുകൂടി ഉൾക്കൊള്ളുക എന്ന തത്വമാണത്.  

റിസോഴ്സ് മാനേജ്മെന്റ് ആക്ട് (ആർഎംഎ) എന്ന നിയമമുണ്ട് ന്യൂസീലൻഡിൽ. പാർലമെന്റ് പാസാക്കിയതാണ്. ഏതു പരിസ്ഥിതി പ്രശ്നത്തിലും ആർഎംഎ പരിഗണിച്ചുമാത്രമേ തീരുമാനത്തിലെത്താനാവൂ.’’

ഡോ. അരുൺ ഏലിയാസ്, എൻവയോൺമെന്റ് കോൺഫ്ലിക്ട് 
മാനേജ്മെന്റ് വിദഗ്ധൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com