ADVERTISEMENT

കൊടുംചൂടിൽ ജനം വിയർത്ത് ഉരുകാതിരിക്കാൻ പൊരിവെയിലിൽ വിയർത്തു പണിയെടുക്കുന്നവരുടെ ദിവസമാണിന്ന്. ലൈൻമാൻ ദിനം. കറന്റ് പോയാലുടൻ അക്ഷമരായി കെഎസ്ഇബി ഓഫിസിലേക്കു ഫോൺ വിളിക്കുന്നവർ ഒരുവട്ടമെങ്കിലും ഓർക്കാറുണ്ടോ ഇവരുടെ സേവനം?

പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ മറ്റുള്ളവർക്കു വേണ്ടി ജീവൻ വെടിഞ്ഞവരെ കേരളം രക്തസാക്ഷികളെന്നു വിളിച്ചു. പക്ഷേ, രക്തസാക്ഷികളുടെ പട്ടികയിൽ കാസർകോട് നെല്ലിക്കുന്നിലെ ലൈൻമാൻ ഷൺമുഖന്റെ പേരു കണ്ടെന്നു വരില്ല. പ്രളയത്തിനിടെ വലിയ ദുരന്തമുണ്ടാകുന്നത് ഒഴിവാക്കാൻ ജീവൻ പണയംവച്ച് 11 കെവി ലൈൻ ഓഫാക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റാണ് ഷൺമുഖന്റെ മരണം. ഓരോ വർഷവും ശരാശരി 30 ഷൺമുഖന്മാരുടെ ജീവൻ വൈദ്യുതി ലൈനുകളിൽ പൊലിയുന്നുവെന്നാണ് കണക്ക്. ഇന്നു ലൈൻമാൻമാരുടെ ദിവസമാണ് (Lineman Appreciation Day). അരക്ഷിത ജോലിസാഹചര്യങ്ങളിൽ ജീവൻ പണയംവച്ച് അവർ നമുക്കായി ചെയ്യുന്ന സേവനങ്ങൾ ഓർക്കേണ്ട ദിവസം. 

ദേശീയ ശരാശരിയേക്കാൾ അപകടം
ഓരോവർഷവും ശരാശരി 30 ലൈൻമാൻമാർ കേരളത്തിൽ ഷോക്കേറ്റു മരിക്കുന്നുവെന്നാണ് കണക്ക്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണിത്. പല കാരണങ്ങൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. അമിതമായ ആത്മവിശ്വാസവും അശ്രദ്ധയും മൂലം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് ചില സമയത്തു വെല്ലുവിളിയാകുന്നു. പൊതുജനങ്ങളിൽ നിന്നുള്ള സമ്മർദമാണ് മറ്റൊരു കാരണം. വൈദ്യുതി തടസ്സപ്പെട്ടാൽ ഉടൻ കെഎസ്ഇബി ഓഫിസിലേക്കെത്തുന്ന പരാതിപ്രവാഹവും അസഭ്യവർഷവും ലൈൻമാൻമാരുടെ സമ്മർദം വർധിപ്പിക്കുന്നു. വൈദ്യുതി ലൈനിൽനിന്നു ഷോക്കേറ്റുള്ള മരണങ്ങൾക്കെല്ലാം പത‍ിവുമട്ടിലുള്ള കാരണം നിരത്തി നടപടി അവസാനിപ്പിക്കുന്നതാണ് പരമ്പരാഗത രീതി. മേൽനോട്ടത്തിന് ആളുണ്ടായില്ല, സുരക്ഷാ മുൻകരുതൽ പാലിച്ചില്ല, വൈദ്യുതി ബന്ധം വേർപ്പെടുത്താതെ ജോലി ചെയ്തു, ഫീഡർ മാറി ഓഫ് ചെയ്തു, എൽടി ലൈൻ ബന്ധം വിച്ഛേദിച്ചില്ല തുടങ്ങിയവയാകും കാരണങ്ങൾ. 

line-man-electic-post

കൂടുന്ന ജോലിഭാരം, അപകടം
അമിത ജോലിഭാരം അപകടങ്ങൾ കൂട്ടാൻ ഇടയാക്കുന്നുണ്ട്. രണ്ടോ മൂന്നോ പേർ ചെയ്യേണ്ട ജോലി പലയിടത്തും ഒരാൾ തന്നെ ചെയ്യേണ്ടിവരുന്നു. വൈദ്യുതിത്തൂണുകളിൽ അനധികൃതമായി സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർ‍ഡുകൾ, പോസ്റ്ററുകൾ, കേബിളുകൾ തുടങ്ങിയവ സുരക്ഷാ വീഴ്ച സൃഷ്ടിക്കുന്നു. വീടുകളിൽ പ്രവർത്തിക്കുന്ന ജനറേറ്റർ, ഇൻവെർട്ടർ എന്നിവയ്ക്കു പലരും ചേഞ്ച് ഓവർ സ്വിച്ച്  ഘടിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ലൈൻ ഓഫ് ചെയ്താലും വൈദ്യുതി പ്രവഹിക്കുന്ന സ്ഥിതിവരുന്നു. രാത്രിയിൽ ഏറെനേരം നീണ്ട അറ്റകുറ്റപ്പണി ഒറ്റയ്ക്കു ചെയ്യേണ്ടിവരുന്നതും ലൈൻമാൻമാരെ സമ്മർദത്തിലാക്കുന്നു. നിലവാരമില്ലാത്ത സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അപകടസാധ്യത വർധിപ്പിക്കും. ഹൈ ടെൻഷൻ ലൈനുകളിൽ അറ്റകുറ്റപ്പണി നടത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുവാദം വാങ്ങണമെന്ന നിബന്ധന ചിലപ്പോഴെങ്കിലും പാലിക്കപ്പെടാതിരിക്കുന്നതും അപകടം സൃഷ്ടിക്കും. ഉപഭേ‍ാക്താവ് തന്നെ ഫ്യൂസ് ലിങ്കുകളും മീറ്റർ കട്ട് ഓഫ് ഫ്യൂസുകളും സ്വയം മാറ്റിസ്ഥാപിക്കുന്നതും  അപകടം ക്ഷണിച്ചുവരുത്തും. 

ബോർഡ് ചെയ്യേണ്ടത്

ജീവനക്ക‍ാരുടെ സുരക്ഷയുടെ കാര്യത്തിൽ കെഎസ്ഇബി വിട്ടുവീഴ്ചയ്ക്കു തയാറാവരുതെന്ന ആവശ്യം ഉയരുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകുന്നതിനു പകരം കൃത്യമായ സുരക്ഷാസംവിധാനം ആവിഷ്കരിച്ചു നടപ്പാക്കിയാൽ അപകടനിരക്കു കുറയ്ക്കാം. ലൈൻമാൻമാർ ജോലിചെയ്യുമ്പോൾ സ്വന്തം സുരക്ഷയ്ക്കൊപ്പം സഹപ്രവർത്തകരുടെ സുരക്ഷയും പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മികച്ച നിലവാരമുള്ള സുരക്ഷാ കിറ്റ് നൽകണം. ജോലി ചെയ്യുന്ന സമയത്തു ലൈനിൽ വൈദ്യുതി പ്രവഹിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജോലി ഉപകരണങ്ങൾ പൂർണമായി ഇൻസുലേറ്റ് ചെയ്യപ്പെട്ടവയാണെന്നും ഉറപ്പാക്കണം. വൈദ്യുതാഘാതമേറ്റാൽ പ്രഥമ ശുശ്രൂഷ നൽകേണ്ടത് എങ്ങനെയെന്നു ജീവനക്കാരെ പഠിപ്പിക്കണം. ലൈനുകളിലേക്കു വീണുകിടക്കുന്ന മരക്കൊമ്പുകൾ കൃത്യമായ ഇടവേളകളിൽ മുറിച്ചുനീക്കണം. 

മനസിലാക്കേണ്ട വസ്തുതകൾ..

കറന്റ് പോയാലുടൻ കെഎസ്ഇബി ഓഫിസിൽ വിളിച്ചു രോഷപ്രകടനം നടത്തുന്നവർ ഓർക്കുക, അലസമായിര‍ുന്നു വിശ്രമിക്കുകയല്ല അവർ. വിശ്രമ‌മില്ലാതെ ജോലിചെയ്യുകയാണ്. വൈദ്യുതി വിതരണം സുഗമമാക്കാൻ അവർ 24 മണിക്കൂറും ചെയ്യുന്നത് എന്തൊക്കെയാണെന്ന് നാം അറിയണം, നമുക്കു ചെയ്യാൻ കഴിയുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും വേണം. 

മരക്കൊമ്പ്

മഴക്കാലത്ത് വൈദ്യുതി വിതരണം തടസ്സപ്പെടാൻ പ്രധാന കാരണം ലൈനിലേക്കു ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകള‍ാണ്. ഇവ മുറിച്ചുമാറ്റാൻ നാട്ടുകാർ പലയിടത്തും സമ്മതിക്കാത്തതാണ് പ്രധാന കാരണം. തെങ്ങോല പോലും മ‍ുറിക്കാൻ അന‍ുവദിക്കാത്ത സംഭവങ്ങളുണ്ട്. ചില്ലകൾ ലൈനിലേക്കു ചാഞ്ഞുകിടക്കുന്നതു കണ്ടാൽ കെഎസ്ഇബി ഓഫിസിൽ അറിയിക്കണം. 

ബോർഡ്

രാഷ്ട്രീയ പാർട്ട‍ികളുടെയും സ്ഥാപനങ്ങളുടെയും ബോർഡുകളും ഫ്ലെക്സുകളും വൈദ്യുതിത്തൂണുകളിൽ സ്ഥാപിക്കുന്നത് ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നു. അനുവാദമില്ലാതെ പോസ്റ്റുകളിലൂടെ വലിച്ചിട്ടുള്ള കേബിളുകൾ കൂടിച്ചേർന്നു കുരുങ്ങിക്കിടക്കുന്നതും ജീവനക്കാർക്കു വെല്ലുവിളിയാണ്. 

മനപ്പൂർവമല്ല

സെക്‌ഷൻ ഓഫിസ‍ുകളിലിരുന്നു വൈദ്യുതി ലൈൻ ഓൺ ആക്കാനും ഓഫ് ആക്കാനും കഴിയുമെന്നു വിചാരിക്കുന്നവരുണ്ട്. െതറ്റിദ്ധാരണയാണത്. ആരും മനഃപ്പൂർവം ഓഫ് ചെയ്യുന്നതു കൊണ്ടല്ല വൈദ്യുതി തടസ്സപ്പെടുന്നത്. ലൈനുകളുടെ തകരാറോ അറ്റകുറ്റപ്പണികളോ കാരണമാണത്. 

ഹൈ ടെൻഷൻ

നൂറുകണക്കിനു കിലോമീറ്റർ നീളുന്ന ഹൈ ടെൻഷൻ ലൈനുകൾ ഒരു മരക്കൊമ്പ് വീണാൽ പോലും തകരാറിലാകും. എവിടെയാണ് തകരാറെന്നു കണ്ടുപിടിക്കാൻ തന്നെ വേണം മണിക്കൂറുകൾ നീണ്ട തിരച്ചിൽ. കൊമ്പ് മാറ്റിയാലേ പിന്നീടു വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനാകൂ. കൊമ്പിനു പകരം മരമാണ് വീണതെങ്കിൽ മണിക്കൂറുകളുടെ കഠിനാധ്വാനം വേണ്ടിവരും. ലൈനിൽ തീ കത്തുന്നതോ പൊട്ടിത്തെറി നടക്കുന്നതോ കണ്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണം. 
 

ജീവനക്കാർ ശ്രദ്ധിക്കേണ്ടത്..

 സുരക്ഷാ കിറ്റ്
ഹെൽമറ്റ്, ഗ്ലൗസ്, സേഫ്റ്റി ബെൽറ്റ് (ശരീരം മൊത്തം സുരക്ഷിതമാക്കാൻ), സേഫ്റ്റി ഷൂ, ടെസ്റ്റർ, റെയിൻകോട്ട്, ജാക്കറ്റ്, എർത്ത് ഡിസ്ചാർജ് റോഡ്, എർത്ത് സ്പെക്, ഹാമർ, സ്പാനർ സെറ്റ്, അഡ്‌ജസ്റ്റബിൾ സ്പാനർ മീഡിയം, ഷോർട്ടിങ്‌ ക്ലിപ്പ്, കണ്ടക്ടർ സെറ്റ്, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ നിർബന്ധമായി കരുതണം.  

ലൈൻ ഓഫ് ചെയ്യണം

ജോലി ചെയ്യുന്ന ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുള്ള എല്ലാ ബന്ധങ്ങളും സ്വിച്ചുകൾ , ഫ്യൂസുകൾ , കട്ടൗട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് വിച്ഛേദിക്കണം. വൈദ്യുതി പ്രവാഹം നിലച്ചുകഴിഞ്ഞാൽ ഐസൊലേറ്ററുകൾ, എബി സ്വിച്ച് തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ച് ആകസ്മിക വൈദ്യുതിപ്രവാഹം പോലും തടയണം. ജോലി ചെയ്യുന്ന ഭാഗത്തു മുന്നറിയിപ്പ് ബോർഡ് വച്ച് സുരക്ഷിത മേഖലയാക്കി മാറ്റണം. 

 എർത്ത് റോഡ്
വൈദ്യുതി വിച്ഛേദിച്ചു കഴിഞ്ഞാലും ലൈനുകളിലും കേബിളുകളിലും ഉണ്ടാകാനിടയുള്ള വൈദ്യുത പ്രവാഹം എർത്ത് റോഡ് ഉപയോഗിച്ചു ഭൂമിയിലേക്കു തിരിച്ചുവിട്ട് നിർവീര്യമാക്കണം. ജോലി സ്ഥലത്തേക്കു വൈദ്യുതി പ്രവഹിക്കാൻ സാധ്യയതയുള്ള എല്ലാ ലൈനുകളെയും കേബിളുകളെയും എർത്ത് ചെയ്യുക. 
 

ബോധവൽക്കരിക്കണം:
ജീവനക്കാർക്കു വേണ്ടത്ര സാങ്കേതിക ജ്ഞാനമില്ലാത്തതും അപകടം വിള‍ിച്ചുവരുത്തും. കോഴിക്കോട്ട് 11 കെവി ട്രാൻസ്ഫോമറിൽ സാധാരണ ‘ടെസ്റ്റർ’ ഉപയോഗിച്ചു പരിശോധന നടത്താൻ കയറിയ ജീവനക്കാരൻ ഷോക്കേറ്റു വീണിരുന്നു. 11 കെവി ലൈനിലെ ടെസ്റ്റർ പരീക്ഷണം ജീവനെടുക്കും എന്ന ധാരണയില്ലായ്മയാണ് അപകടത്തിനു കാരണമായത്. 

(വിവരങ്ങൾക്കു കടപ്പാട്: ടോണി ചിറ്റിലപ്പിള്ളി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com