ADVERTISEMENT

നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ് എന്നിങ്ങനെ സാങ്കേതിക വിദ്യയുടെ അതിനൂതന സങ്കേതങ്ങളിലേറി കുതിക്കുകയാണ് പുതുതലമുറ ജോലികൾ. എന്നാൽ ഇവയെ കുറിച്ചൊക്കെ നമ്മുടെ രാജ്യത്തെ യുവാക്കൾക്കു വലിയ പിടിപാടില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം. സാങ്കേതിക വിദ്യയുമായി ഏറ്റവുമടുത്ത ബന്ധമുള്ള എൻജിനീയർമാരിൽ പോലും വെറും 1.7 % പേരാണു പുതുതലമുറ ജോലികൾക്ക് അനുയോജ്യരായവർ. തൊഴിൽ നൈപുണ്യശേഷി വിലയിരുത്തുന്ന ആസ്പയറിങ് മൈൻഡ്സ് എന്ന കമ്പനി നടത്തിയ ദേശീയ തൊഴിൽ ക്ഷമത റിപ്പോർട്ടാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.

വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലെ ഒരു ജോലിക്കും ആവശ്യമായ തൊഴിൽ ക്ഷമത പത്തിൽ എട്ട് ഇന്ത്യൻ എൻജിനീയർമാർക്കും ഇല്ലെന്നാണു പഠനത്തിലെ കണ്ടെത്തൽ. കഴിഞ്ഞ ഏഴു വർഷങ്ങളിലായി ഈ തൊഴിൽ ക്ഷമതാ നൈപുണ്യ ശേഷികളിൽ കാര്യമായ വർദ്ധനയും നാട്ടിലെ എൻജിനീയർമാർ ഉണ്ടാക്കിയിട്ടില്ലെന്നും റിപ്പോർട്ടു പറയുന്നു.

റിപ്പോർട്ടു പ്രകാരം 3.84% എൻജിനീയർമാർക്കു മാത്രമാണ് സ്റ്റാർട്ട് അപ്പുകളിലെ സോഫ്റ്റ് വെയർ അനുബന്ധ ജോലികൾക്ക് ആവശ്യമായ സാങ്കേതിക, ഭാഷാ ശേഷികൾ ഉള്ളത്. നിർമ്മിത ബുദ്ധി, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ്, മൊബൈൽ ഡവലപ്മെന്റ് എന്നീ പുതുതലമുറ സാങ്കേതിക ശേഷികളുള്ളത് 3% എൻജിനീയർമാർക്കു മാത്രമാണ്. ഇവരുടെ ശരാശരി തൊഴിൽ ക്ഷമത 1.7%. 

ഐടി ജോലികൾക്ക് അപേക്ഷിക്കുന്ന അമേരിക്കയിലെ യുവ എൻജിനീയർമാരിൽ 18.8 ശതമാനത്തിനും കൃത്യമായ കോഡ് എഴുതാൻ അറിയാം. ഇന്ത്യയിൽ ഇത് 4.7 % മാത്രമാണ്.

പ്രശ്നം തിയറി അധിഷ്ഠിത വിദ്യാഭ്യാസം
തിയറിയിൽ മാത്രം ഊന്നിയ എൻജിനീയറിങ് വിദ്യാഭ്യാസമാണ് ഇതിനു കാരണമെന്നും റിപ്പോർട്ടു ചൂണ്ടിക്കാട്ടുന്നു. 40 % വിദ്യാർഥികൾ മാത്രമാണു പഠനത്തിനു പുറത്തുള്ള ഇന്റേർൺഷിപ്പുകൾ ചെയ്യുന്നത്. കോഴ്സിനു പുറമേയുള്ള പ്രോജക്ടുകൾ ചെയ്യുന്നവർ 36% മാത്രം.

എൻജിനീയറിങ് അധ്യാപകരിൽ 60 ശതമാനവും കൺസപ്റ്റുകൾ എങ്ങനെയാണു വ്യവസായ മേഖലയിൽ പ്രയോഗിക്കുന്നതെന്നു ക്ലാസിൽ ചർച്ച ചെയ്യാറില്ലെന്നു റിപ്പോർട്ട് പറയുന്നു. വ്യവസായവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുന്നവർ 47 % മാത്രം. ശരിയായ മാർഗ്ഗ നിർദ്ദേശവും കൗൺസിലിങ്ങും ഇല്ലാത്തതു വിദ്യാർഥികൾക്കു ജോലി ലഭിക്കാൻ പ്രതിബന്ധമാകുന്നത്. ദക്ഷിണേന്ത്യൻ നഗരങ്ങളിലെ വിദ്യാർഥികളെ അപേക്ഷിച്ചു ഡൽഹിയിലെയും കൊൽക്കത്തയിലെയും കോളജ് വിദ്യാർഥികൾക്കു തൊഴിൽ ക്ഷമത കൂടുതലാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. 750 ലേറെ എൻജിനീയറിങ് കോളജുകളിലെ 1.7 ലക്ഷത്തിലേറെ വിദ്യാർഥികളെ പങ്കെടുപ്പിച്ചാണു പഠനം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com