ADVERTISEMENT

കേന്ദ്ര സർവകലാശാലയായ ചെന്നൈയിലെ ഇന്ത്യൻ മാരിടൈം സർവകലാശാല നടത്തുന്ന വിവിധ ബിരുദ, പിജി, ഗവേഷണ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ചെന്നൈയിലും സ്ഥാപനത്തിന്റെ കൊൽക്കത്ത, മുംബൈ പോർട്ട്, നവി മുംബൈ, വിശാഖപട്ടണം, കൊച്ചി ക്യാംപസുകളിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലുമാണ് പ്രോഗ്രാം നടത്തുന്നത്.

ബിരുദതലത്തിൽ മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ, ഓഷ്യൻ എൻജിനീയറിങ് 4 വർഷ ബിടെക്, നോട്ടിക്കൽ സയൻസ്, ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ, എന്നീ ബിഎസ്സി, ലോജിസ്റ്റിക്സ് – റിട്ടെയിലിങ് ആൻഡ് ഇ–കൊമേഴ്സ് ബിബിഎ, നോട്ടിക്കൽ സയൻസിലെ ഡിപ്ലോമ എന്നീ പ്രോഗ്രാമുകളുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളുടെ ദൈർഘ്യം 2 വർഷമാണ്. മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്, ഡ്രജിങ് ആൻഡ് ഹാർബർ എൻജിനീയറിങ് എന്നീ എംടെക്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്, ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നീ എംബിഎ, കൊമേഴ്സ്യൽ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എംഎസ്സി എന്നീ പ്രോഗ്രാമുകളാണ് പിജി തലത്തിലുള്ളത്. മറൈൻ എൻജിനീയറിങ്ങിലെ ഒരു വർഷത്തെ പി.ജി. ഡിപ്ലോമയിലെ പ്രവേശനം ജനുവരിയിലായിരിക്കും. ഓഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്ഡി, എംഎസ് (റിസർച് ) പ്രോഗ്രാമുകളും സ്ഥാപനത്തിലുണ്ട്. മാരിടൈം സർവകലാശാലയുടെ ബ്രോഷറിൽ ഇതിന്റെ വിശദാംശങ്ങൾ ലഭിക്കും. www.imu.edu.in ൽ ബ്രോഷർ ലഭ്യമാണ്.

ബിരുദതല പ്രോഗ്രാമുകൾ, ലഭ്യമായ ക്യാംപസുകൾ, പ്രവേശന യോഗ്യത എന്നിവ ചുവടെ.

ബിഎസ്സി നോട്ടിക്കൽ സയൻസ് (ചെന്നൈ, നവി മുംബൈ, കൊച്ചി ക്യാംപസുകളിൽ), ബിടെക് മറൈൻ എൻജിനീയറിങ് (കൊൽക്കത്ത, മുംബൈ പോർട്ട്, ചെന്നൈ), ബിടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ് (വിശാഖപട്ടണം) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച്, മൂന്നിനും കൂടി 60 % മാർക്ക് വാങ്ങി, പ്ലസ് ടു ജയിച്ചിരിക്കണം. നവി മുംബൈയിലും ചെന്നൈയിലും ഉള്ള നോട്ടിക്കൽ സയൻസ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് മൊത്തം 60 ശതമാനത്തോടെ പ്ലസ്ടു ജയിച്ചവർ, ഇതേ വിഷയങ്ങളെടുത്ത് ബിഎസ്സി ജയിച്ചവർ, ഫിസിക്സ് ഒരു വിഷയമായി ഇലക്ട്രോണിക്സ് ബിഎസ്സി ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60% മാർക്ക് വേണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിഇ/ബിടെക് ജയിച്ചവർക്കും ഇതിലേക്ക് അപേക്ഷിക്കാം. അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ മാത്രമുള്ള ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ ബിഎസ്സി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 50 % നേടി പ്ലസ് ടു ജയിച്ചിരിക്കണം. എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അപേക്ഷാർഥിക്ക് ഇംഗ്ലിഷിന് 10–ലോ 12–ലോ കുറഞ്ഞത് 50 % മാർക്ക് വേണം. പട്ടിക വിഭാഗക്കാർക്ക്, ഇംഗ്ലിഷിലെ മാർക്കിനൊഴികെ 5 % ഇളവ് യോഗ്യതാ മാർക്കിൽ ലഭിക്കും.

ചില കോഴ്സുകൾക്ക് ലാറ്ററൽ എൻട്രിയുണ്ട്. അഫിലിയേറ്റഡ് സ്ഥാപനങ്ങൾ, കോഴ്സ് തുടങ്ങിയ വിശദാംശങ്ങൾ www.imu.edu.in എന്ന വെബ്സൈറ്റിൽ ഉള്ള ഇൻഫർമേഷൻ ബ്രോഷറിൽ കിട്ടും.

പ്രവേശന രീതി:
വിവിധ പ്രോഗ്രാമുകളിലെ പ്രവേശനം 2019 ജൂൺ ഒന്നിനു നടത്തുന്ന ഓൺലൈൻ പൊതുപ്രവേശന പരീക്ഷകൾ വഴിയായിരിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെ നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. ബിരുദ തലത്തിൽ ബിബിഎ ഒഴികെയുള്ള കോഴ്സുകൾക്കാണു പ്രവേശന പരീക്ഷയുള്ളത്. (പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കിയാണ് ബിബിഎ പ്രവേശനം.) ഇംഗ്ലിഷ്, ജനറൽ ആപ്റ്റിറ്റ്യൂഡ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ നിന്നും പ്ലസ്ടു തലത്തിലുള്ള 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങള് ബിരുദതല പ്രവേശന പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടമാകുന്ന രീതിയില്ല. പിജി തല കോഴ്സുകൾ നടത്തുന്ന ക്യാംപസുകൾ, പ്രവേശന യോഗ്യത, പ്രവേശന പരീക്ഷാ ഘടന എന്നിവ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി മേയ് 5–നകം www.imu.edu.in വഴി നൽകാം. അടിസ്ഥാന റജിസ്ട്രേഷൻ, അപേക്ഷാ ഫീസടയ്ക്കൽ എന്നിവ ഈ സമയപരിധിക്കകം പൂർത്തിയാക്കണം. തുടർന്ന് വിശദമായ അപേക്ഷ മേയ് 8 നകം ഓൺലൈനായി പൂർത്തിയാക്കണം. അപേക്ഷാഫീസ് 1000 രൂപ. പട്ടിക വിഭാഗക്കാർക്ക് 700 രൂപ. തുക ഓൺലൈനായി ഒടുക്കാം.

ബിബിഎ പ്രോഗ്രാമിന് റജിസ്ട്രേഷൻ പൂർത്തിയാക്കാനും പ്ലസ്ടു മാർക്ക് അപ്ലോഡ് ചെയ്യാനും ജൂൺ 5 വരെ സൗകര്യമുണ്ട്. ബിബിഎ ഒഴികെയുള്ള ബിരുദതല പ്രോഗ്രാമിന് അപേക്ഷിക്കുന്നവർക്ക് ബിബിഎ പ്രോഗ്രാമിന് അപേക്ഷിക്കാൻ താൽപര്യമുള്ളപക്ഷം പ്രത്യേക റജിസ്ട്രേഷൻ നടത്തുകയും അപേക്ഷാഫീസ് അടയ്ക്കുകയും വേണം.

കൂടുതൽ വിവരങ്ങൾക്ക് www.imu.edu.in ഇൻഫർമേഷൻ ബ്രോഷർ എന്നിവ കാണണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com