ADVERTISEMENT

മലയാളികൾ ഒന്നരവർഷം മുൻപു തുടക്കമിട്ട ഡിജിറ്റൽ ബാങ്കിങ് സ്റ്റാർട്ടപ് ആയ ‘ഓപ്പണി’ന് ഇടപാടുകാർ 50,000 കവിഞ്ഞു. ഇടപാടുകാർ എന്നാൽ വ്യക്തികളല്ല; ചെറുകിട സംരംഭകരാണ്.  കഴിഞ്ഞ ഒറ്റ വർഷം നടന്നത് 28,000 കോടി രൂപയുടെ ഇടപാടുകൾ.

സ്റ്റാർട്ടപ്പുകളും അല്ലാത്തവരുമായ ചെറുകിട സംരംഭകർക്ക് കറന്റ് അക്കൗണ്ട്, ഇൻവോയ്സ്, അക്കൗണ്ടിങ്, ജിഎസ്ടി, ശമ്പള വിതരണം എന്നിങ്ങനെ അടിസ്ഥാന ധനസേവനങ്ങളെല്ലാം അനായാസം ലഭ്യമാക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്ഫോമാണ് ഓപ്പൺ. ബാങ്ക് ലൈസൻസില്ലാതെ, ഏതെങ്കിലും ബാങ്കുമായി സഹകരിച്ച്, ഇടപാടുകാർക്ക് ബാങ്കിങ് സേവനം ലഭ്യമാക്കുന്ന ‘നിയോ ബാങ്കിങ്’ വിഭാഗത്തിൽ ലോകത്തുതന്നെ പ്രമുഖ സ്ഥാനമുണ്ട് ഓപ്പണിന്.

ബിസിനസ് വിപുലീകരിച്ച് ഒരു വർഷത്തിനുള്ളിൽ 5 ലക്ഷം എസ്എംഇകളെ ഇടപാടുകാരാക്കുകയാണു ലക്ഷ്യമെന്ന് സ്ഥാപകൻ അനീഷ് അച്യുതൻ ‘മനോരമ’യോടു പറഞ്ഞു. ഇപ്പോൾ മാസം ശരാശരി 10,000 സംരംഭകരെ പുതുതായി ചേർക്കുന്നുണ്ട്.നിലവിൽ ഐസിഐസിഐ ബാങ്കുമായി സഹകരിച്ചാണു സേവനങ്ങൾ. കേരളം ആസ്ഥാനമായ ഒരു ബാങ്ക് അടക്കം ഏതാനും ബാങ്കുകളുമായി ഉടൻ കരാറിലെത്തും. 

2001 മുതൽ സ്റ്റാർട്ടപ് സംരംഭങ്ങൾ വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്നയാളാണ് അനീഷ്. ബാങ്ക് ശാഖകളില്ലാത്തയിടങ്ങളിൽ, ചെറിയ കടകളും മറ്റും ബാങ്കിങ് പോയിന്റുകളാക്കി ബാങ്കിങ് സേവനം വ്യാപിപ്പിക്കുന്ന സംരംഭം ലാറ്റിനമേരിക്കയിൽ നടത്തി വിജയിപ്പിച്ച ചരിത്രവുമുണ്ട്. പിന്നീടും പേ യൂ, സ്വിച്ച്, സിട്രസ് എന്നിങ്ങനെ വിവിധ കമ്പനികള‍ിലൂടെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് സ്ഥാനമുറപ്പിച്ചു. 2017ൽ ഓപ്പൺ നിയോ ബാങ്കിങ് ആരംഭിച്ചപ്പോൾ കേരള സർക്കാരിന്റെ പിന്തുണയുള്ള മൂലധന നിക്ഷേപക്കമ്പനിയായ യൂണികോണിൽനിന്ന് നിക്ഷേപം ലഭിച്ചു. പ്രാരംഭ നിക്ഷേപം പ്രമുഖ ഓൺലൈൻ പേമെന്റ് പ്ലാറ്റ്ഫോമായ ‘പേ യൂ’വിന്റെ മാനേജ്മെന്റിൽനിന്നായിരുന്നു. പിന്നീടും പ്രമുഖ നിക്ഷേപസ്ഥാപനങ്ങൾ ‘ഓപ്പണി’ൽ പണമിറക്കി. ഇപ്പോൾ ഏഷ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന നിയോ ബാങ്കാണ് ബെംഗളൂരു ആസ്ഥാനമായ ഓപ്പൺ. മേബിൾ, ഡീന ജേക്കബ്, അജീഷ് എന്നിവരാണു സ്ഥാപക പങ്കാളികൾ.

ചെറുകിട സംരംഭകർ വിവിധ ആവശ്യങ്ങൾക്കു പണമിടപാടു നടത്താനും അതിന്റെ അക്കൗണ്ടിങ്ങും നികുതി കണക്കാക്കലുമൊക്കെ നടത്താനും ബുദ്ധിമുട്ടുന്നതുകണ്ടപ്പോഴാണ് ‘ഓപ്പൺ’ എന്ന ഡിജിറ്റൽ ബാങ്കിങ് ആശയം പിറവിയെടുത്തത്. ഐസിഐസിഐ ബാങ്ക് ആണ് ഇടപാടുകാരുടെ തിരിച്ചറിയൽ‌ (കെവൈസി) നടപടികൾ കൈകാര്യം ചെയ്യുന്നതെങ്കിലും ഇടപാടുകാർക്ക് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കാനും സാധിക്കും. ഇടപാടുകൾക്ക് പൂർണ ഡിജിറ്റൽ സുരക്ഷയുമുണ്ട്. സ്റ്റാർട്ടപ്പുകൾക്കും മറ്റ് എസ്എംഇകൾക്കും ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുക, ഗൾഫ് മേഖലയിലേക്കും മറ്റ് ഏഷ്യൻ മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കുക എന്നിവയും ഇക്കൊല്ലം ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com