ADVERTISEMENT

ഇന്ത്യയിലെ തൊഴിലന്വേഷകര്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ ഏതൊക്കെയാണ്? സമൂഹ മാധ്യമമായ ലിങ്ക്ഡ്ഇന്നിന്റെ അഭിപ്രായത്തില്‍ താഴെ പറയുന്നവയാണ് ഇന്ത്യക്കാരുടെ ഇഷ്ട തൊഴിലിടങ്ങള്‍. തങ്ങളുടെ സൈറ്റില്‍ ഇന്ത്യക്കാര്‍ നടത്തിയ അന്വേഷണങ്ങളുടെയും പ്രകടിപ്പിച്ച താത്പര്യങ്ങളുടെയും വിവിധ കമ്പനികളിലെ ജീവനക്കാരുമായി ഉണ്ടാക്കിയ ബന്ധങ്ങളുടെയും തൊഴില്‍ ആവശ്യകതയുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മാതൃക കമ്പനിയായതിനാല്‍ മൈക്രോസോഫ്റ്റിനെ ലിങ്ക്ഡ്ഇന്‍ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

1. ഫ്ലിപ്പ്കാര്‍ട്ട്
ഇന്ത്യയുടെ സ്വന്തം ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ഫ്‌ളിപ്പ്കാര്‍ട്ടിനെ കഴിഞ്ഞ വര്‍ഷം ബഹുരാഷ്ട്ര റീറ്റെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. 13,900 ആണ് ഇന്ത്യയിലെ ഫ്ലിപ്പ്കാര്‍ട്ടിന്റെ തൊഴില്‍ശേഷി. എന്‍ജിനീയറിങ്, എജ്യുക്കേഷന്‍, പ്രൊഡക്ട് മാനേജ്‌മെന്റ് മേഖലകളിലേക്കാണ് ഫ്ലിപ്പ്കാര്‍ട്ട് കൂടുതലും റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 

2. ആമസോണ്‍
റീട്ടെയ്ല്‍ ചെയ്‌നുകളെ ഏറ്റെടുത്തും മാളുകളില്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു കൊണ്ടും ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ്‌ലൈനിലും കളം നിറയുകയാണ് ഇന്ത്യയില്‍ ആമസോണ്‍. 50,000 പേരാണ് ആമസോണ്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. എന്‍ജിനീയറിങ്, ഓപ്പറേഷന്‍സ്, സപ്പോര്‍ട്ട് സ്റ്റാഫുകളായാണ് ആമസോണില്‍ കൂടുതലും റിക്രൂട്ട്‌മെന്റ്. 

3. ഒയോ
ആഗോള തലത്തില്‍ നാലര ലക്ഷം റൂമുകളുമായി ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകാനുള്ള ശ്രമത്തിലാണ് ഒയോ. ഏഴായിരം പേരാണ് ഒയോ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്. ഓപ്പറേഷന്‍സ്, ബിസിനസ് ഡവലപ്‌മെന്റ്, സെയില്‍സ് മേഖലകളിലാണ് ഇവിടെ കൂടുതല്‍ റിക്രൂട്ട്‌മെന്റ്. 

4. വണ്‍97 കമ്മ്യൂണിക്കേഷന്‍സ്
മൊബൈല്‍ പേയ്‌മെന്റ്‌സ് ആപ്പും ഇപ്പോള്‍ പെയ്‌മെന്റ്‌സ് ബാങ്കുമെല്ലാമായ പേടിഎമ്മിന്റെ മാതൃകമ്പനിയാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സ്. 7200 പേരാണ് പേടിഎമ്മില്‍ ജോലി ചെയ്യുന്നത്. എന്‍ജിനീയറിങ് സെയില്‍സ്, ഐടി മേഖലകളിലാണു പുതിയ ആളുകളെ പേടിഎം കൂടുതലായി എടുക്കുന്നത്. 

5. ഊബര്‍
കാര്‍ ഹയറിങ്, ഷെയറിങ് ആപ്പായ ഊബറിന് ഇന്ത്യയില്‍ 1700 ജീവനക്കാരാണുള്ളത്. ഓപ്പറേഷന്‍സ്, എന്‍ജിനീയറിങ്, ബിസിനസ് ഡവലപ്‌മെന്റ് എന്നീ മേഖലകളില്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റ്. 

6. സ്വിഗ്ഗി
കേരളത്തിലെ നഗരങ്ങളിലടക്കം സേവനം ആരംഭിച്ച സ്വിഗ്ഗി ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് ആപ്പിന് ഇന്ത്യയില്‍ 6000 ജീവനക്കാരാണുള്ളത്. 2018ല്‍ അഞ്ചിരട്ടിയാണ് സ്വിഗ്ഗിയുടെ മൂല്യം ഉയര്‍ന്നത്. ഓപ്പറേഷന്‍സ്, ബിസിനസ് ഡവലപ്‌മെന്റ്, സെയില്‍സ് മേഖലകളിലാണ് സ്വിഗ്ഗിയില്‍ പുതിയ റിക്രൂട്ട്‌മെന്റുകളില്‍ അധികവും. 

7. ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസ് കഴിഞ്ഞ വര്‍ഷം 27,000 പുതിയ ജീവനക്കാരെയാണു ജോലിക്കെടുത്തത്. ഐടി, എന്‍ജിനീയറിങ്, ഓപ്പറേഷന്‍സ് ജോലികളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റുകളിലേറെയും. 

8. സൊമാറ്റോ
2018ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ 3.5 ദശലക്ഷം പ്രതിമാസ ഓര്‍ഡറുകളെടുത്തിരുന്ന സൊമാറ്റോ വര്‍ഷം അവസാനിപ്പിച്ചപ്പോഴേക്കും അതു 21 ദശലക്ഷം പ്രതിമാസ ഓര്‍ഡറുകളായി ഉയര്‍ത്തിയെന്ന് അവകാശപ്പെടുന്നു. 4000 പേരാണ് ഇന്ത്യയിലെ ജീവനക്കാര്‍. സെയില്‍സ്, ഓപ്പറേഷന്‍സ്, ബിസിനസ് ഡവലപ്‌മെന്റ് മേഖലകളില്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നു. 

9. ആല്‍ഫബറ്റ്
ഗൂഗിള്‍, യൂടൂബ് ഉള്‍പ്പെടെയുള്ളവയുടെ മാതൃകമ്പനിയാണ് ആല്‍ഫബറ്റ്. 2018ല്‍ ഗൂഗിള്‍ ഐഐടികളിലെ ക്യാംപസ് റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചിരുന്നു. എന്‍ജിനീയറിങ്, മാര്‍ക്കറ്റിങ്, മീഡിയ & കമ്യൂണിക്കേഷന്‍ മേഖലകളിലാണ് ഏറിയ കൂറും റിക്രൂട്ട്‌മെന്റ്. 

10. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
റിലയന്‍സ് ജിയോ, റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് തുടങ്ങിയവയുടെ ഹോള്‍ഡിങ് കമ്പനിയാണ് എണ്ണ, ഊര്‍ജ്ജ മേഖലകളിലടക്കം നിക്ഷേപമുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. എന്‍ജിനീയറിങ്, ഓപ്പറേഷന്‍സ്, ബിസിനസ് ഡവലപ്‌മെന്റ് മേഖലകളില്‍ പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com