sections
MORE

ഉത്പാദനക്ഷമത കൂട്ടാൻ ഈ 9 ശീലങ്ങൾ ഒഴിവാക്കാം

914622716
SHARE

അത്യന്തം മത്സരാത്മകമായ ലോകത്തു ചെയ്യുന്ന ജോലിയിൽ ഉത്പാദനക്ഷമത പുലർത്തുന്നവർക്കു മാത്രമാണ് ഇന്ന് നിലനിൽപ്പ്. എന്നാൽ നമ്മുടെ ചില ശീലങ്ങൾ ഈ ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. 

ഇമോഷണൽ ഇന്റലിജൻസ് 2.0 എന്ന പുസ്തകത്തിലൂടെ ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റുമൊക്കെയായ ഡോ. ട്രാവിസ് ബ്രാഡ്ബെറിയുടെ അഭിപ്രായത്തിൽ താഴെ പറയുന്ന 9 ശീലങ്ങളാണ് ഒരാളുടെ ഉത്പാദനക്ഷമതയെ കുറയ്ക്കുന്നത്. 

1. അനിയന്ത്രിത ഇന്റർനെറ്റ് ഉപയോഗം
ഒരു ജോലിയിൽ പൂർണ്ണമായി മുഴുകുന്നതിനു തുടർച്ചയായി 15 മിനിട്ടാണു വേണ്ടത്.  അപ്പോൾ മാത്രമേ ആ ജോലിയുടെ ഫ്ലോയിലേക്ക് ഒരാൾ എത്തുകയുള്ളൂ. ജോലി ചെയ്യുന്നതിനിടെ ഫെയ്സ്ബുക്കോ, ഇന്റർനെറ്റോ ഉപയോഗിക്കാൻ പോയാൽ ഈ ഫ്ലോ മുറിയും. വീണ്ടും അതിലേക്ക് എത്താൻ 15 മിനിട്ടു തുടർച്ചയായി അതിൽ മുഴുകണം. പക്ഷേ അനിയന്ത്രിതമായ ഇന്റർനെറ്റ് ഉപയോഗം അതിന് അനുവദിക്കില്ല.

2. പെർഫെക്ഷനിസം
ചെയ്യുന്നത് എല്ലാം പെർഫെക്ട് ആകണമെന്നു കരുതുന്നതിൽ എന്താണ് തെറ്റെന്നു തോന്നാം. പക്ഷേ,  പെർഫെക്ഷനിസ്റ്റുകൾ ചെയ്യുന്ന കാര്യത്തിലെ പോരായ്മകളെ കുറിച്ച് അമിത ഉത്കണ്ഠ പുലർത്തുമെന്നതിനാൽ പല കാര്യങ്ങളും അവർ ചെയ്യാതിരിക്കാനാണു സാധ്യത. ആശയങ്ങൾ വികസിച്ചു വരാൻ സമയമെടുക്കുമെന്നതിനാൽ പെർഫെക്ഷനിസത്തെ കുറിച്ച് ആലോചിക്കാതെ കാര്യങ്ങൾ അത്ര പെർഫെക്ട് അല്ലെങ്കിൽ പോലും ചെയ്തു തുടങ്ങുകയാണ് വേണ്ടത്.

3. മീറ്റിങ് മാനിയ
ചിലരുണ്ട്. എന്ത് കാര്യത്തിനും മീറ്റിങ്ങിനു പുറകേ മീറ്റിങ്ങുകൾ നടത്തിക്കൊണ്ടിരിക്കും. പക്ഷേ കാര്യമൊന്നും നടക്കില്ല. പല മീറ്റിങ്ങുകളും തീർത്തും അനാവശ്യവും അപ്രധാന കാര്യങ്ങൾ ചർച്ച ചെയ്ത് സമയം കളയുന്നവയും ആയിരിക്കും. വളരെ വലിയ ഉത്പാദനക്ഷമത പുലർത്തുന്ന പലരും  മീറ്റിങ്ങുകൾ പരമാവധി ഒഴിവാക്കുന്നവരാണ്.

4. ഇ മെയിലുകൾ, സന്ദേശങ്ങൾ എന്നിവയ്ക്ക് തത്സമയം മറുപടി നൽകൽ
ഇ മെയിലും സന്ദേശങ്ങളുമൊക്കെ അതു വരുന്ന സമയം തന്നെ വായിച്ചു നോക്കി മറുപടി നൽകുന്നത് അത്ര ഉത്പാദനക്ഷമമല്ല. ഇതിന്റെ നോട്ടിഫിക്കേഷനുകൾ നിരന്തരം ശ്രദ്ധയെ പതറിക്കും. മെയിലുകളും സന്ദേശങ്ങളും വായിക്കാനും മറുപടി നൽകാനും ദിവസത്തിൽ നിശ്ചിത സമയം മാറ്റി വയ്ക്കുക. ആ സമയത്തു മാത്രം ഇവ നോക്കുക.

5. അലാം സ്നൂസ് ബട്ടൺ
പുലർച്ചെ എണീക്കാനുള്ള അലാം അടിക്കുമ്പോൾ അതു സ്നൂസ് ചെയ്ത് വീണ്ടും ഉറങ്ങരുത്. നിരവധി സൈക്കിളുകളിലാണു നമ്മുടെ ഉറക്കം മുന്നേറുന്നത്. അതിലെ അവസാന സൈക്കിൾ നിങ്ങൾ ഉണരാൻ പോകുന്ന സമയത്തിനായി ശരീരത്തെ ഒരുക്കി വച്ചിരിക്കും. നമ്മുടെ ഉള്ളിലെ ഈ ബയോളജിക്കൽ ക്ലോക്കാണു ചില ദിവസങ്ങളിൽ അലാം അടിക്കുന്നതിന് മുൻപു തന്നെ നമ്മെ ഉണർത്തുന്നത്. സ്നൂസ് ബട്ടൺ അമർത്തി വച്ചു വീണ്ടും ഉറങ്ങിയാൽ ഈ ജാഗ്രത നഷ്ടമാകുകയും പിന്നീട് ഉണരുമ്പോൾ വല്ലാത്ത ക്ഷീണം തോന്നുകയും ചെയ്യും. ഇത് ആ ദിവസത്തിന്റെ മൊത്തം ഉണർവും കെടുത്തും.

6. മൾട്ടി ടാസ്കിങ്
ഒരു സമയത്ത് ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ പല പണി ചെയ്യുന്ന മൾട്ടി ടാസ്കിങ് ഉത്പാദനക്ഷമത കുറയ്ക്കുമെന്നു സ്റ്റാൻഫോർഡ് സർവകലാശാല നടത്തിയ ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ചിന്തകളെ ക്രമീകരിക്കുന്നതിലും ആവശ്യമില്ലാത്ത വിവരങ്ങൾ അരിച്ചു നീക്കുന്നതിലും കാര്യക്ഷമമായി ജോലികൾ തീർത്തു മുന്നേറുന്നതിലും മൾട്ടി ടാസ്കിങ് തടസ്സമാകും.

7. ബുദ്ധിമുട്ടേറിയ ജോലികൾ മാറ്റിവയ്ക്കൽ
ബുദ്ധിമുട്ടേറിയ ജോലികൾ പിന്നത്തേക്കു മാറ്റി വയ്ക്കുന്നത് അത്ര ഉത്പാദനക്ഷമമല്ല. എളുപ്പമുള്ള ജോലികൾ തീർത്തു ബുദ്ധിമുട്ടേറിയ ജോലിയിലേക്കു വരുമ്പോഴേക്കും മാനസിക ഊർജ്ജം നഷ്ടപ്പെട്ടു നാമാകെ ക്ഷീണിച്ചിരിക്കും. അതുകൊണ്ടു ദിനാരംഭത്തിൽ തന്നെ ബുദ്ധിമുട്ടേറിയ ജോലികൾ തീർക്കാൻ ശ്രദ്ധിക്കണം..

8. കിടക്കയിൽ ഫോണും, ടാബും കംപ്യൂട്ടറും ഉപയോഗിക്കൽ
ഉറക്കത്തെയും ഉത്പാദനക്ഷമതയെയും ഈ ശീലം പ്രതികൂലമായി ബാധിക്കും. കംപ്യൂട്ടറും, ഫോണുമൊക്കെ തരംഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം പുറപ്പെടുവിക്കുന്നവയാണ്. അതു ശരീരത്തിൽ ഉറക്കത്തെ സഹായിക്കുന്ന മെലടോണിൻ ഹോർമോണിന്റെ ഉത്പാദനം മന്ദീഭവിപ്പിക്കുകയും തദ്വാരാ ദീർഘമായ സുഖനിദ്രയ്ക്ക് തടസ്സമാകുകയും ചെയ്യുന്നു. അതിനാൽ രാത്രി ഭക്ഷണത്തിനു ശേഷം ഇത്തരം ഉപകരണങ്ങൾ മാറ്റി വയ്ക്കുന്നതാണു നല്ലത്.

9. അമിതമായ മധുരം
ശരീരത്തിനു ഊർജ്ജം ലഭിക്കാൻ ഗ്ലൂക്കോസ് അത്യാവശ്യമാണ്. എന്നാൽ അതിന്റെ അളവ് വല്ലാതെ കൂടുന്നതു ക്ഷീണം തോന്നിപ്പിക്കുകയും ശ്രദ്ധ പതറിക്കുകയും പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA