ADVERTISEMENT

ഹൈസ്കൂൾ തലത്തിൽ കായികാധ്യാപകരാകാനും, കായികമത്സരങ്ങളും മറ്റും സംഘടിപ്പിക്കാനും യോഗ്യതയേകുന്ന ബിപിഎഡ് (ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ) എന്ന പുതിയ ദ്വിവത്സര പിജി പ്രോഗ്രാമിനു തിരുവനന്തപുരം കാര്യവട്ടത്തെ ലക്ഷ്മീഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ (എൽഎൻസിപിഇ) 30 വരെ അപേക്ഷിക്കാം. 
വെബ്സൈറ്റ്: www.lncpe.gov.in. 

ബിരുദം നൽകുന്നത് കേരള സർവകലാശാല. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷന്റെ മാനദണ്ഡപ്രകാരമുള്ള പ്രോഗ്രാം, മുൻപ് 12 ാം ക്ലാസിനു ശേഷം ചേരാമായിരുന്ന ത്രിവത്സര ബിപിഎഡ് പ്രോഗ്രാമിൽനിന്നു തീർത്തും വ്യത്യസ്തമാണ്. പുതിയ ബിപിഎ‍‍ഡ് നേടുന്നവർക്ക് സ്കൂളുകൾക്കു പുറമേ ഹെൽത്ത് / സ്പോർട്സ് ക്ലബുകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ മുതലായവയിലും പരിശീലകരാകാം. 

ഇനിപ്പറയുന്ന ഏതെങ്കിലും യോഗ്യത വേണം:

∙ 50 % മാർക്കോടെ ബിരുദം (കായികമത്സരങ്ങളിലോ ഗെയിമുകളിലോ പങ്കെടുത്ത മികവും)

∙ 45 % മാർക്കോടെ പഴയ രീതിയിലെ ബിപിഎഡ്

∙ ഫിസിക്കൽ എജ്യൂക്കേഷൻ നിർബന്ധവിഷയമായ ബിരുദം (45% മാർക്ക്)

∙ 45 % മാർക്കോടെ ബിരുദം (ജില്ലാതല മത്സരത്തിലെങ്കിലും മൂന്നാം സ്ഥാനത്തിൽ കുറയാത്ത വിജയവും)

∙ ബിരുദം (ദേശീയ അന്തർസർവകലാശാലാ തലത്തിലെങ്കിലും മൂന്നാം സ്ഥാനത്തിൽ കുറയാത്ത വിജയവും)

∙ 45 % മാർക്കോടെ ബിരുദവും മൂന്നു വർഷത്തെ നിർദിഷ്ട അധ്യാപക സേവനപരിചയവും. 

ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം.ജൂലൈ ഒന്നിന് 25 വയസ്സു കവിയരുത്. അർഹതയുള്ളവർക്കു മിനിമം മാർക്കിലും പ്രായപരിധയിലും ഇളവ്.

30 ആൺകുട്ടികൾക്കും 20 പെൺകുട്ടികൾക്കുമായി ആകെ 50 സീറ്റ്. സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷയും കായിക ടെസ്റ്റുകളുണ്ട്. ഇവയിൽ നിശ്ചിത നിലവാരത്തിൽ മികവു തെളിയിക്കണം. നിഷ്കൃഷ്ടമായ മെഡിക്കൽ പരിശോധനയുമുണ്ട്.

അപേക്ഷാഫീ 500 രൂപ Principal, LNCPE എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ബാങ്ക് ഡ്രാഫ്റ്റായി എടുത്തുവച്ചിട്ട് അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയോടൊപ്പം രേഖകളും ഡ്രാഫ്റ്റും ടെസ്റ്റിനു ചെല്ലുമ്പോൾ ഹാജരാക്കണം. മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഹെൽത്ത് & ഫിറ്റ്നസ് മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കും അപക്ഷ ക്ഷണിച്ചിട്ടുണ്ട്. എംപിഇക്കാർക്ക് കോളജ് അധ്യാപകരാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com