ADVERTISEMENT

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തിൽ വൻകുറവ്.  ലിസ്റ്റ് നിലവിൽ വന്ന് 10 മാസം പിന്നിടുമ്പോൾ ഇതുവരെ നടന്നത് മൂന്നു ശതമാനം നിയമനശുപാർശ മാത്രം. 14 ജില്ലകളിലുമായി ഈ തസ്തികയ്ക്കു നിലവിൽ വന്ന റാങ്ക് ലിസ്റ്റിൽ 46,285 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിരിക്കുന്നത്. ഇവരിൽ 1301 പേർക്കു മാത്രമാണ് ഇതുവരെ നിയമനശുപാർശ ലഭിച്ചത്. ഇതേ രീതിയിലാണ് തുടർന്നും നിയമനം നടക്കുന്നതെങ്കിൽ 6,000 പേർക്കുപോലും ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം ലഭിക്കില്ല. കഴിഞ്ഞ തവണത്തെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് 10,000ൽ അധികം പേർക്ക് നിയമനശുപാർശ ലഭിച്ച സ്ഥാനത്ത് ഇത്തവണ റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം വൻതോതിൽ കുറയുന്ന സാഹചര്യമാണ്.

Last-grade-02

താൽക്കാലിക നിയമനങ്ങൾ
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയാകുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ താൽക്കാലിക നിയമനം നടത്താൻ പാടില്ലെന്നാണു നിയമം. എന്നാൽ ഇതൊക്കെ കാറ്റിൽപ്പറത്തിയാണ് താൽക്കാലിക നിയമനലോബി പിടിമുറുക്കിയിരിക്കുന്നത്. ചില ജില്ലകളിൽ താൽക്കാലിക നിയമനം നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രവർത്തകർ ഇടപെട്ട് ത‌ടഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിൽ താൽക്കാലിക അടിസ്ഥാനത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് ഇന്റർവ്യൂ ജില്ലയിലെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. സംസ്ഥാന സർക്കാർ സർവീസിൽ ഏറ്റവും കൂടുതൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നത് ലാസ്റ്റ് ഗ്രേഡ് തസ്തികയിലാണ്. സ്ഥിര ഒഴിവുകളല്ല എന്ന പേരിൽ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ സർക്കാരിന്റെ കാലാവധി അവസാനിക്കാറാകുമ്പോഴേക്കും സ്ഥിരപ്പെടുത്തുന്നതാണ് രീതി. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു കനത്ത തിരിച്ചടിയാണ് ഇതുണ്ടാക്കുന്നത്. 

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാർ വകുപ്പുകൾ പുലർത്തുന്ന അലംഭാവം ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിലെ നിയമനം വൻതോതിൽ കുറയാൻ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനകം മൂന്നു തവണയാണ് സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നു ചൂണ്ടിക്കാട്ടി ഉത്തരവിറക്കിയത്. 2019ലെ പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നു ചൂണ്ടിക്കാട്ടി ഇറക്കിയ മൂന്ന് ഉത്തരവുകളും പൂർണമായി ഫലം കണ്ടിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ കഴിഞ്ഞ ഒരു മാസത്തിലധികമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് കണക്കിലധികം കുറഞ്ഞു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ നിയന്ത്രണം തുടരുകയാണ്.  

Last-grade-01

റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ നിയമനശുപാർശ നൽകുന്നതിൽ  പിഎസ്‌സിയുടെ ഭാഗത്തു നിന്ന് കടുത്ത അലംഭാവമാണ്. പല ജില്ലകളിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് ഒരു മാസമെങ്കിലും കഴിഞ്ഞേ നിയമനശുപാർശ തയാറാക്കൂ. ചില വകുപ്പുകളിൽ നിന്നു റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ കേന്ദ്ര ഒാഫിസിൽ നിന്നു വിശദീകരണം ലഭിച്ച ശേഷമേ നിയമനശുപാർശ നൽകാൻ കഴിയൂ. ഇതിന്റെ പേരിൽ മാസങ്ങളോളം നിയമനശുപാർശ തടഞ്ഞു വയ്ക്കാറുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന സർക്കാർ നയത്തിനൊപ്പം റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ നിയമനശുപാർശ തയാറാക്കാൻ വൈകുന്ന പിഎസ്‌സിയുടെ സമീപനംകൂടിയായപ്പോൾ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിലെ നിയമനങ്ങൾ കുറഞ്ഞു. 

7 ജില്ലകളിൽ നിയമനം 100ൽ താഴെ
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ലാസ്റ്റ് ഗ്രേഡ് നിയമനശുപാർശ 100 കടന്നത്. ബാക്കി 7 ജില്ലകളിലും 100 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതൽ പേർക്ക് നിയമനശുപാർശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്– 154. ഏറ്റവും കുറവ് നിയമനം വയനാട് ജില്ലയിൽ– 46. നാലു ജില്ലകളിൽ മാർച്ചിനു ശേഷം ഒരാൾക്കുപോലും നിയമനശുപാർശ നൽകിയിട്ടില്ല. കണ്ണൂർ ജില്ലയിലാകട്ടെ ഫെബ്രുവരി 20നാണ് അവസാനമായി നിയമനശുപാർശ നടന്നത്.  

റാങ്ക് ലിസ്റ്റിൽ 46,285 പേർ
14 ജില്ലകളിൽ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ 46,285 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ 22,059 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 22,419 പേരെയും ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ പ്രത്യേക ലിസ്റ്റിൽ 1807 പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്– 5707. ഏറ്റവും കുറവ് ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വയനാട് ജില്ലയിൽ– 1780. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com