ADVERTISEMENT

ബിരുദ തലത്തിൽ തന്നെ വിദേശ ഫെലോഷിപ്, ഇറ്റലിയിൽ പഠനാവസരം ! ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ(ഐഐഎസ്‌സി) രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർ‌ഥി സാന്ദ്ര സന്തോഷിനാണ് അപൂർവ അവസരം. ഇറ്റാലിയൻ നാഷനൽ റിസർച് കൗൺസിലിന്റെ ട്രിയെസ്റ്റയിലുള്ള മെറ്റീരിയിൽ സയൻസ് ലാബിൽ (സിഎൻആർ–ഐഒഎം) സമ്മർ ഇന്റേൺഷിപ് അവസരമാണ് സാന്ദ്രയ്ക്കു ലഭിച്ചത്. 3 മാസമാണു കാലാവധി.

ഐഐഎസ്‌സി ഫിസിക്സ് വിഭാഗത്തിലെ ഡോ. പി.എസ്. അനിൽകുമാറിനു കീഴിൽ കഴിഞ്ഞ വർഷം ചെയ്ത സമ്മർ ഇന്റേൺഷിപ് ആണ് ഇറ്റലിയിലേക്കു വഴിതുറന്നത്. ഈ വർഷവും ഇന്റേൺഷിപ് ചെയ്താലോ എന്ന ആശയം കൂട്ടുകാരുമായി പങ്കിട്ടു. എന്നാൽ വിദേശത്താക്കൂ എന്നായി അവർ. ഡോ. അനിൽകുമാറിന്റെ പിന്തുണ കൂടിയായതോടെ ധൈര്യമായി.

രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളിലെ അവസരങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോൾ മിക്കയിടത്തും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കേ അവസരമുള്ളൂ എന്നറിഞ്ഞു. എങ്കിലും നിരാശപ്പെട്ടില്ല, വിശദമായ ബയോഡേറ്റയും കഴിഞ്ഞ വർഷത്തെ പ്രോജക്ടിന്റെ വിശദാംശങ്ങളും സഹിതം വിവിധ സ്ഥാപനങ്ങളിലേക്കു മെയിൽ അയച്ചു. പ്രതീക്ഷ വെറുതെയായില്ല, സിഎൻആർ–ഐഒഎമ്മിലെ പ്രഫ. പിയറോ ടൊറെല്ലിയുടെ വിളിയെത്തി. വിഡിയോ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ലാബിലേക്കു ക്ഷണം.

ചെലവ് പ്രശ്നമായിരുന്നു. പരിഹാര വഴി പ്രഫ. ടൊറല്ലി തന്നെ നിർദേശിച്ചു. ദി അബ്ദുസ്സലാം ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ ഫിസിക്സിന് (ഐസിടിപി) അപേക്ഷ അയയ്ക്കാനായിരുന്നു നിർദേശം. പ്രോജക്ട് വിശദാംശങ്ങൾ കണ്ടപ്പോൾ ബിരുദ വിദ്യാർഥിക്കു ഫെലോഷിപ് എന്ന അപൂർവ തീരുമാനത്തിൽ അവരെത്തി. 3 മാസത്തേക്ക് 3900 യൂറോ (3 ലക്ഷത്തോളം രൂപ) ആണു ലഭിക്കുക. യാത്രയ്ക്കും താമസത്തിനുമുള്ള ചെലവും കിട്ടും. നൊബേൽ ജേതാവായിരുന്ന പാക്ക് ശാസ്ത്രജ്ഞൻ അബ്ദുസ്സലാമിന്റെ ഓർമയ്ക്കായി യുനെസ്‌കോ, രാജ്യാന്തര ആണവോർജ ഏജൻസി, ഇറ്റലി സർക്കാർ എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ കൂട്ടായ്മയാണ് ഐസിടിപി.

കൊല്ലം കാവനാട് കേര നഗർ ഗ്രീഷ്മത്തിൽ സന്തോഷ് പയസിന്റെയും മഞ്ജുള ആൽബർട്ടിന്റെയും മകളാണു സാന്ദ്ര.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com