ADVERTISEMENT

കോമൺപൂൾ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് നിയമനശുപാർശ വൈകുന്നു.  റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും  ഒരാൾക്കുപോലും നിയമനശുപാർശ നൽകാൻ പിഎസ്‌സിക്കു കഴിഞ്ഞിട്ടില്ല. നേരി‌ട്ടും തസ്തികമാറ്റം വഴിയുമുള്ള നിയമനത്തിനായി പ്രസിദ്ധീകരിച്ച മൂന്നു റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 606 പേരാണ് നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. ഒന്നാംഘട്ട നിയമനശുപാർശക്കായി ഈ തസ്തികയുടെ 87 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിയമനശുപാർശയുമായി ബന്ധപ്പെട്ട യാതൊരു നടപടിയും പിഎസ്‌സി ആരംഭിച്ചിട്ടില്ല. 

വിജ്ഞാപനം വന്നിട്ട് മൂന്നര വർഷം
ലൈബ്രേറിയൻ ഗ്രേഡ് നാല് തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട് മൂന്നര വർഷമാകുന്നു. 29–12–2015ലെ അസാധാരണ ഗസറ്റിലാണ് ഈ തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 01–12–2016ൽ ഒഎംആർ പരീക്ഷ നടത്തി. ഗൈഡിൽ നിന്നു ചോദ്യം കോപ്പിയടിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ  പരീക്ഷ പിഎസ്‌സി റദ്ദാക്കി 09–06–2017ൽ പുനഃപരീക്ഷ നടത്തി. തുടർനടപടികളെല്ലാം പൂർത്തിയാക്കി കഴിഞ്ഞ ഫെബ്രുവരി 18ന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. 

നേരിട്ടുള്ള നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ 476 പേരെയും തസ്തികമാറ്റം വഴിയുള്ളവർക്കായി പ്രസിദ്ധീകരിച്ച രണ്ടു റാങ്ക് ലിസ്റ്റുകളിൽ 65 പേരെ വീതവും ഉൾപ്പെടുത്തി. യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ തസ്തികമാറ്റം വഴിയുള്ളവർക്കായുള്ള മൂന്നാം ലിസ്റ്റിൽ (കാറ്റഗറി നമ്പർ 505/2015) ആരെയും ഉൾപ്പെടുത്തിയില്ല. ഇവർക്കായി നീക്കിവച്ച ഒഴിവുകൾ മറ്റു രണ്ടു കാറ്റഗറികളിലെ തസ്തികമാറ്റക്കാർക്കു നൽകാനും തീരുമാനിച്ചു. ഈ തീരുമാനമെടുക്കാനുണ്ടായ കാലതാമസമാണ് നിയമനശുപാർശ വൈകാൻ കാരണമായതെന്നു പിഎസ്‌സി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ തീരുമാനം വന്നിട്ടും നിയമനശുപാർശ വൈകുന്നതെന്താണെന്നു വ്യക്തമല്ല. 

മറ്റു ലക്ഷ്യങ്ങളെന്ന് ഉദ്യോഗാർഥികൾ

നിയമനശുപാർശ പിഎസ്‌സി വൈകിക്കുന്നതിനു പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളാണുള്ളതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പിഎസ്‌സി പരീക്ഷ എഴുതാതെ പിൻവാതിൽവഴി സംസ്ഥാനത്തെ ചില സഹകരണ സ്ഥാപനങ്ങളിൽ ലൈബ്രേറിയൻമാരായി കയറിപ്പറ്റിയവർക്കു വേണ്ടിയാണ് നിയമനം വൈകിക്കുന്നത്. ഈ സഹകരണ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്തതോടെ കോമൺപൂൾ വകുപ്പിൽ ലൈബ്രേറിയൻമാരാകാൻ ഇവർ സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുകയാണ്. ഇവർക്കു നിയമനം നൽകിയ ശേഷമേ പിഎസ്‌സിയുടെ നിയമനശുപാർശ തുടങ്ങാവൂ എന്നാണ് ധാരണ. ഇങ്ങനെ ചെയ്താൽ പിൻവാതിൽ വഴി സർവീസിൽ പ്രവേശിച്ചവർക്കു പിഎസ്‌സി വഴി എത്തുന്നവരേക്കാൾ സീനിയോറിറ്റി ലഭിക്കും. പ്രമോഷനും ഇവർക്കാവും ആദ്യം ലഭിക്കുക. നിയമനശുപാർശ വൈകിപ്പിക്കുന്നതിലൂടെ പിഎസ്‌സിയും ഇതിനു കൂട്ടുനിൽക്കുകയാണെന്ന ഉദ്യോഗാർഥികളുടെ  ആരോപണം ബലപ്പെടുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com