ADVERTISEMENT

ന്യൂ ജെൻ കോഴ്സുകളുടെ തരംഗമാണു ചുറ്റും; പ്രത്യേകിച്ചും കംപ്യൂട്ടർ സയൻസ് മേഖലയിൽ. ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കാവുന്നവ. എന്നാൽ, ഇവ വിശ്വസനീയമാണോ, ജോലിസാധ്യത ഉണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കു മിക്കപ്പോഴും കൃത്യമായ ഉത്തരം ലഭിക്കാറുമില്ല. ന്യൂ ജെൻ എന്നു കേട്ടു ചാടിപ്പുറപ്പെടാതെ, പുതിയ പഠന വിഷയങ്ങളെക്കുറിച്ച് അടിസ്ഥാന ധാരണയുണ്ടാക്കിയ ശേഷം, അവ നമ്മുടെ അഭിരുചിക്കു പറ്റിയതാണോ എന്നു സ്വയം വിലയിരുത്തുകയാണു വേണ്ടത്. ഇതാ, അങ്ങനെ 5 ട്രെൻഡിങ് മേഖലകൾ.

സൈബർ സെക്യൂരിറ്റി

കംപ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട മേഖല. നാട്ടിലും വിദേശത്തും ജോലിസാധ്യത. നെറ്റ്‌വർക്ക് സെക്യൂരിറ്റി, ഡിജിറ്റൽ ഫൊറൻസിക്സ്, എത്തിക്കൽ ഹാക്കിങ്, ബാങ്കിങ്, ക്രിപ്റ്റോഗ്രഫി തുടങ്ങിയ മേഖലകളിൽ അവസരങ്ങളുണ്ട്.

സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, നെറ്റ്‌വർക്ക് സെക്യൂരിറ്റി എൻജിനീയർ എന്നിങ്ങനെയൊക്കെയാകും തസ്തികകൾ. 

പരിചയസമ്പത്ത് കൂടുന്നതനുസരിച്ചു വാർഷിക ശമ്പളം ലക്ഷങ്ങളിൽ നിന്നു കോടികളിലേക്കു മാറും. ഡൽഹി, ഹൈദരാബാദ്, ഗുവാഹത്തി, അലഹാബാദ് ഐഐടികളിൽ സൈബർ സെക്യൂരിറ്റി ഉൾപ്പെടുന്ന എംടെക്കുണ്ട്; തിരുവനന്തപുരം ഐഐഐടിഎം–കെയിൽ എംഎസ്‌സിയും. രാജ്യത്തുള്ളതിൽ മറ്റു പലതും ഒന്നോ രണ്ടോ മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളാണ്.

മെഷീൻ ഇന്റലിജൻസ്

അതതു സാഹചര്യമനുസരിച്ച് കാര്യങ്ങൾ പഠിച്ചു തീരുമാനമെടുക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കംപ്യൂട്ടർ സാങ്കേതികവിദ്യയാണു മെഷീൻ ലേണിങ്. ഇതടിസ്ഥാനമാക്കി രൂപകൽപന ചെയ്ത കോഴ്സാണു മെഷീൻ ഇന്റലിജൻസ്.

ഇപ്പോൾ തന്നെ കരിയർ സാധ്യതകളേറെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമാകുന്നതനുസരിച്ച്, മെഷീൻ ലേണിങ് പരിജ്ഞാനം ആവശ്യമായ 23 ലക്ഷം തൊഴിലവസരങ്ങൾ അടുത്തവർഷം അവസാനത്തോടെ ലോകത്തു സൃഷ്ടിക്കപ്പെടുമെന്നാണു വിലയിരുത്തൽ. ഗെയിം പ്രോഗ്രാമർ, റൊബോട്ടിക് സയന്റിസ്റ്റ് തുടങ്ങിയ ജോലികളും മെഷീൻ ലേണിങ് അറിയാവുന്നവരെ തേടിയെത്തും.

ബിരുദതല കംപ്യൂട്ടർ സയൻസും കണക്കും അറിയുക എന്നതാണ് ഇതു പഠിക്കാനുള്ള അടിസ്ഥാന യോഗ്യത. തിരുവനന്തപുരം ഐഐഐടിഎം–കെയിൽ മെഷീൻ ലേണിങ് എംഎസ്‌സിയുണ്ട്. ഈ രംഗത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളും ഓൺലൈൻ കോഴ്സുകളും ഗൂഗിൾ സേർച് വഴി മനസ്സിലാക്കാം.

ജിയോസ്പേഷ്യൽ അനലിറ്റിക്സ്

ഭൂമിശാസ്ത്ര വിശദാംശങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ, ജിപിഎസ് എന്നിവ ചേർത്തുള്ള ഡേറ്റ അനലിറ്റിക്സാണ് ജിയോസ്പേഷ്യൽ അനലിറ്റിക്സ്. ബിസിനസ്, കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണം തുടങ്ങി ഒട്ടേറെ മേഖലകളിൽ ഉപയോഗപ്പെടുന്ന സാങ്കേതികവിദ്യ.

താരതമ്യേന നൂതനമായ കോഴ്സായതിനാൽ കുറച്ചു സ്ഥാപനങ്ങളിൽ മാത്രമേയുള്ളൂ. പഠിപ്പിക്കാൻ വിദഗ്ധരും കുറവ്. ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട് സെൻസിങ്, തിരുവനന്തപുരം ഐഐഐടിഎം–കെ എന്നീ സ്ഥാപനങ്ങളിൽ‍ ഇതുമായി ബന്ധപ്പെട്ട കോഴ്സുകളുണ്ട്.

ഡേറ്റ അനലിറ്റിക്സ്

ഉദാഹരണത്തിലൂടെ പറയാം. കേരളത്തിൽ ഒരു നിശ്ചിത കാലയളവിൽ എത്ര കാറുകളുടെ വിൽപന നടന്നു എന്ന കണക്ക് കയ്യിലുണ്ടെന്നിരിക്കട്ടെ. ഒരു കാർ കമ്പനിക്ക് ഇതിന്റെ ഡേറ്റ അനാലിസിലൂടെ ഭാവി വിപണനതന്ത്രങ്ങൾക്കു രൂപം നൽകാം. ഉദാ: വെള്ള നിറത്തിലുള്ള കാർ ആണു കൂടുതൽ വിൽപനയായതെങ്കിൽ അടുത്ത സീസണിലേക്ക് ആ നിറത്തിലുള്ള കാറുകളുടെ ലഭ്യത കൂടുതൽ ഉറപ്പു വരുത്താം.

മാനേജ്മെന്റ് പഠനശാഖകളിൽ ഡേറ്റ അനലിറ്റിക്സിന്റെ ബിസിനസ് വശത്തിന് ഊന്നൽ നൽകുമ്പോൾ ഇതിനു പിന്നിലെ കംപ്യൂട്ടർ സാങ്കേതികവിദ്യയാണു ടെക്നിക്കൽ കോഴ്സുകളിൽ പഠിപ്പിക്കുന്നത്. 

എൻജിനീയറിങ്, മെഡിക്കൽ, വാണിജ്യ രംഗങ്ങളിലെല്ലാം ഓരോ സ്ഥാപനത്തിനും വേണ്ട വിവരങ്ങൾ ക്രോഡീകരിച്ച് പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കി നൽകുന്ന വിദഗ്ധരെ വരുംകാലങ്ങളിൽ ധാരാളമായി വേണ്ടിവരും.

ഐടി, സ്പോർട്സ്, ഗതാഗതം, ഡിജിറ്റൽ മാർക്കറ്റിങ്, ഓട്ടമൊബീൽ തുടങ്ങിയ മേഖലകളിൽ ജോലിസാധ്യതകളുണ്ട്.

ബിറ്റ്സ് പിലാനി, ഐഐഐടി ബാംഗ്ലൂർ, ഐഐടി ഖരഗ്പുർ, ഐഐഎം ബാംഗ്ലൂർ, ഐഐഐടിഎം–കെ തിരുവനന്തപുരം, നവിമുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് തുടങ്ങിയ സ്ഥലങ്ങളിൽ ഡേറ്റ അനലറ്റിക്സ് കോഴ്സുകളുണ്ട്.

ബ്ലോക്ചെയിൻ

വാണിജ്യരംഗത്ത് അതിവേഗം വളർന്നുവരുന്ന സാങ്കേതികവിദ്യ. വൻതോതിൽ റെക്കോർഡുകൾ സൂക്ഷിച്ചു പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബ്ലോക്ചെയിൻ സഹായിക്കും.

ഈ രംഗത്തെ പ്രഫഷനലുകളുടെ ആവശ്യം വേഗം വർധിച്ചുവരുന്നുണ്ട്. കംപ്യൂട്ടർ, മാത്‌സ് മേഖലകളിൽ അടിസ്ഥാന അറിവും യോഗ്യതയുമുള്ളവർക്കു പഠിക്കാം. കൂടുതലും ഓൺലൈൻ പരിശീലനമാണ്. 

ഐബിഎമ്മിന്റെ സഹകരണത്തോടെയുള്ള എൻപിടിഇഎൽ (നാഷനൽ പ്രോഗ്രാം ഓൺ ടെക്നോളജി എൻഹാൻസ്ഡ് ലേണിങ്), കേരള ബ്ലോക്ചെയിൻ അക്കാദമിയുടെ പ്രോഗ്രാമുകൾ (kba.ai), വിവിധ കമ്പനികളുടെ ബ്ലോക്ചെയിൻ സർട്ടിഫിക്കേഷൻ, K-DISC (കേരള ‍ഡവലപ്മെന്റ് & ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) ഐസിടി അക്കാദമിയുമായി ചേർന്നു നടത്തുന്ന പ്രോഗ്രാം തുടങ്ങിയവയാണു ഈ മേഖലയിൽ നാട്ടിൽ ലഭ്യമായ കോഴ്സുകൾ.

ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരത്തെ ഐഐഐടിഎം- കെയിൽ മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റ അനലിറ്റിക്സ്, ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നീ വിഷയങ്ങളിലെ എംഎസ്‌സിക്ക് ഇപ്പോൾ അപേക്ഷിക്കാം. സയൻസ് / ബിടെക് ബിരുദമാണു യോഗ്യത. അവസാന തീയതി 31. ദേശീയ തല എൻട്രൻസ് വഴിയാണു പ്രവേശനം. www.iiitmk.ac.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com