sections
MORE

പഠനം എട്ടാം ക്ലാസിൽ; ഗവേഷണം യുഎസിലെ എംഐടിയിൽ, ‘കളി’ കാൻസറിനോടും !

career-guru--jaiden-john-t
ജെയ്ഡൻ ജോൺ ബോസ്
SHARE

കാൻസർ നിർണയത്തിനു മെഷീൻ ലേണിങ് പ്രയോജനപ്പെടുത്താൻ ഗവേഷണം നടത്തുന്ന ലോകത്തെ 10 പേരിൽ ഒരാൾ, ഏക ഇന്ത്യക്കാരൻ.

കംപ്യൂട്ടറിലെ മിടുക്ക് ഇങ്ങനെ ചില അദ്ഭുത കഥകൾക്കും നിമിത്തമാകും. ഇന്ത്യയിലെയും യുഎസിലെയും ടൈം സോൺ വ്യത്യാസം കാരണം എംഐടിയിലെ ക്ലാസുകൾക്കും അനുബന്ധ ജോലികൾക്കുമായി രാത്രിയിലാണു ജെയ്ഡൻ കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുന്നത്. രാത്രി ഉറക്കമിളച്ച ശേഷം സ്കൂളിൽ പോകുന്നതു ബുദ്ധിമുട്ടായി. അതോടെ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിൽ ഒൻപതാം ക്ലാസിൽ ചേർന്ന ശേഷം വീട്ടിലിരുന്നായി പഠനം.

ആ വഴി ഇങ്ങനെ

മുത്തച്ഛൻ എം.ഐ. മത്തായിയുടെ ലാപ്ടോപ് വഴിയാണു ജെയ്ഡൻ കംപ്യൂട്ടർ ലോകത്തു പിച്ചവച്ചത്. എൽപി സ്കൂൾ കാലത്തേ വേഡും എക്സെലും പഠിച്ചു. ജ്യേഷ്ഠൻ നെയ്തൻ കീബോർഡ് പഠിക്കാൻ പോയപ്പോൾ എട്ടുവയസ്സുകാരൻ ജെയ്ഡനും വാശിപിടിച്ചു. അവനു പഠിക്കേണ്ടിയിരുന്നത് കംപ്യൂട്ടർ കീ ബോർഡ് ആയിരുന്നുവെന്നു മാത്രം.‍

ഈ താൽപര്യം കണ്ട് അധ്യാപകർ ഓൺലൈൻ കോഴ്സുകൾ തിരഞ്ഞുനോക്കാൻ ഉപദേശിച്ചു. അങ്ങനെ അവൻ പരതിക്കയറിയതു വാഷിങ്ടൺ ‍സർവകലാശാലാ വെബ്സൈറ്റിൽ. സൈബർ സെക്യൂരിറ്റി കോഴ്സിനു ചേർന്നു; 100 % മാർക്കോടെ സർട്ടിഫിക്കറ്റും നേടി. 

യൂട്യൂബിലായി പിന്നെ പഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് തുടങ്ങിയവ കൂടുതൽ മനസ്സിലാക്കി. വേറെയും സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കി. ഒരിക്കൽ പോലും വിദേശത്തുപോകാതെ ജെയ്ഡൻ അങ്ങനെ എത്തിയത് എംഐടിയിൽ. മകന്റെ സ്കൂൾ പഠനം നിർത്തിയതിന് ഏറെ പഴി കേട്ടിട്ടുള്ള അച്ഛൻ തോമസ് ബോസിനും അമ്മ ഡോ. ബിനു എം.മാത്യുവിനും ഇപ്പോൾ ആശങ്കകളില്ല.

കാൻസറിനോടാണ് കളി

അമേരിക്കൻ കാൻസർ സൊസൈറ്റി ലഭ്യമാക്കുന്ന ഡേറ്റ ഉപയോഗിച്ചാണു ജെയ്ഡന്റെ കാൻസർ ഗവേഷണം. ഇതിനായി വികസിപ്പിച്ച ഉപകരണമുപയോഗിച്ച് വ്യക്തികളുടെ ചിത്രങ്ങൾ വിശകലനം െചയ്ത് രോഗനിർണയം നടത്താം. വിദൂരഗ്രാമങ്ങളിലുള്ളവർക്കു വരെ കൂടുതൽ മെച്ചപ്പെട്ട രോഗനിർണയ സൗകര്യമൊരുക്കുകയാണു ലക്ഷ്യം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ താൽപര്യമുള്ളവർക്ക് സൗജന്യമായി പഠനസൗകര്യമൊരുക്കുന്ന സ്കൂൾ ഓഫ് എഐ എന്ന ഓൺലൈൻ കമ്യൂണിറ്റിയുടെ മുഖ്യ ചുമതലക്കാരിൽ ഒരാൾ കൂടിയാണു ജെയ്ഡൻ. കോഴിക്കോട്ടും തിരുവനന്തപുരത്തും കൊച്ചിയിലും ഇതിനു ചാപ്റ്ററുകളുണ്ട്. ഗൂഗിൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളാണു പണം മുടക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ സൈബർഡോം പദ്ധതിയുടെ വൊളന്റിയറായും പ്രവർത്തിക്കുന്നു. അവിടെ കൂട്ടിനു കിട്ടിയ കോഴിക്കോട് സ്വദേശിയായ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ടി.കെ.നവനീതിനൊപ്പം തയാറാക്കിയ പദ്ധതി വൈകാതെ നടപ്പാകും. ഹെൽമറ്റില്ലാത്ത ഇരുചക്ര വാഹനയാത്രക്കാരെ ക്യാമറ സഹായത്തോടെ വലയിലാക്കുന്ന സംവിധാനം. വണ്ടിയുടെ ചിത്രവും നമ്പറും അപ്പോൾത്തന്നെ പൊലീസിനു കിട്ടും.

ആപ്പിളിന്റെ മെഷീൻ ലേണിങ് പദ്ധതികളുമായി സഹകരിച്ചിരുന്ന ജെയ്ഡൻ, ഇപ്പോൾ മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ ചില ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകളും ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പൊതുസമൂഹത്തിനു ഗുണകരമായ കൂടുതൽ ഗവേഷണപദ്ധതികളാണു ലക്ഷ്യം. 14 ാം വയസ്സിലേ റൂട്ട് ക്ലിയർ !

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA