ADVERTISEMENT

എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്നു വർഷമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുൻപ് മൂന്നു വർഷം  വരെയുണ്ടായിരുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇത്തവണ ഒരു വർഷമാക്കി കുറച്ചത് നൂറു കണക്കിന് ഉദ്യോഗാർഥികൾക്കു തിരിച്ചടിയാകും. എക്ൈസസ് വകുപ്പ് കൈകാര്യം ചെയ്യുന്ന കേസുകൾ വൻതോതിൽ വർധിച്ചിട്ടും അതിനനുസരിച്ച് പുതിയ തസ്തിക സൃഷ്ടിക്കാത്തതിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. മൂന്നുവർഷ കാലാവധി ലഭിച്ച ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 1293 പേർക്ക് നിയമനം ലഭിച്ചു. എന്നാൽ ഇത്തവണ 10 ജില്ലകളിലായി വെറും 88 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകളിലായി  3205  പേരെയാണ് സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. 

സ്റ്റാഫ് പാറ്റേൺ 1964ലേത്
എക്സൈസ് വകുപ്പിൽ 1964ലെ സ്റ്റാഫ് പാറ്റേനാണ് ഇപ്പോഴും പിന്തുടരുന്നത്. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യേണ്ട കേസുകളുടെ എണ്ണം  വർധിച്ചിട്ടും അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം  വർധിപ്പിക്കാൻ സർക്കാർ തയാറായിട്ടില്ല. പൊലീസ് വകുപ്പിന്റെ പത്തിലൊന്ന് ജീവനക്കാർപോലും എക്സൈസിലില്ല. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നു കടത്ത് സംസ്ഥാനത്ത് മുൻപത്തേക്കാളും വർധിച്ചിട്ടും ആവശ്യത്തിനു ജീവനക്കാരില്ലാതെ എക്സൈസ് വകുപ്പ് നട്ടംതിരിയുകയാണ്. കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന  വകുപ്പിന്റെ ശുപാർശകൾ സാമ്പത്തിക ബാധ്യതയുടെ പേരിൽ സർക്കാർ പരിഗണിക്കുന്നില്ല. 138 റേഞ്ച് ഒാഫിസുകളിലായി  മൂവായിരത്തോളം ഫീൽഡ് ജീവനക്കാർ മാത്രമാണ് എക്സൈസ് വകുപ്പിലുള്ളത്. അയ്യായിരത്തിലധികം  പേർ വേണ്ടിടത്താണിത്. 

നിയമനം കുറയും
സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളുടെ കാലാവധി   ഇത്തവണ  ഒര‍ു വർഷമാക്കി കുറച്ചത് നിയമനം വൻതോതിൽ കുറയാൻ ഇടയാക്കുമെന്നാണ് ലിസ്റ്റിലുള്ളവരുടെ പരാതി. സമാന തസ്തികയായ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ ഉൾപ്പെടെയുള്ള റാങ്ക് ലിസ്റ്റുകൾക്ക് മൂന്നു വർഷത്തെ കാലാവധി ലഭിക്കുമ്പോഴാണ് എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റിനോട് ഈ അനീതി. ലിസ്റ്റിന് മൂന്നു വർഷം കാലാവധിയുള്ളപ്പോൾ പോലും  നിയമനശുപാർശ ഊർജിതമായി നടക്കാറില്ല. ഈ സാഹചര്യത്തിൽ കാലാവധി ഒരു വർഷമായി കുറച്ചാൽ മൂൻപു നടന്നതിന്റെ പകുതി നിയമനങ്ങൾപോലും ഇത്തവണ നടക്കില്ല. 

റാങ്ക് ലിസ്റ്റിൽ 3205 പേർ
14 ജില്ലകളിലായി  നിലവിൽ വന്ന സിവിൽ എക്സൈസ് ഒാഫിസർ റാങ്ക് ലിസ്റ്റുകളിൽ 3205 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. മെയിൻ ലിസ്റ്റിൽ 2719 പേരുണ്ട്. സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 486 പേർ. ഏറ്റവും കൂടുതൽ പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്  എറണാകുളം, മലപ്പുറം ജില്ലകളിലാണ്– 283 വീതം. ഏറ്റവും കുറവ് ഉദ്യോഗാർഥികൾ കൊല്ലം ജില്ലയിൽ– 174. കൊല്ലം, പത്തനംതിട്ട എന്നിവയൊഴികെ ബാക്കി 12 ജില്ലകളിലും 200ൽ അധികം പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മുൻ ലിസ്റ്റിൽ നിന്ന്1293 നിയമനശുപാർശ
സിവിൽ എക്സൈസ് ഒാഫിസർ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1293 പേർക്കാണ് നിയമനശുപാർശ നൽകിയത്. ലിസ്റ്റിന് മൂന്നു വർഷത്തെ കാലാവധി ലഭിച്ചതുകൊണ്ടാണ് ഇത്രയും പേർക്ക് ശുപാർശ ലഭിച്ചത്. ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്– 148. ഏറ്റവും കുറവ് നിയമനം പത്തനംതിട്ട ജില്ലയിൽ– 42. തിരുവനന്തപുരത്തിനൊപ്പം ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും 100ൽ അധികം പേർക്ക് നിയമനശുപാർശ ലഭിച്ചു. ഇത്തവണ ഇതുവരെ 88 ഒഴിവുകളാണ് (പിഎസ്‌സി വെബ്സൈറ്റ് പ്രകാരം) റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കാസർകോട് എന്നിവ ഒഴികെയുള്ള ജില്ലകളിലെ  കണക്കാണ് ലഭ്യമായിട്ടുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com