ADVERTISEMENT
gh

സാങ്കേതികവിദ്യാരംഗത്ത് പ്രവർത്തിക്കുന്ന വനിതകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമായ ഗ്രേസ് ഹോപ്പർ സെലിബ്രേഷൻസിൽ പങ്കെടുക്കുകയെന്നത് ആരുടെയും സ്വപ്നമാണ്. ലോകത്തിലെ വമ്പൻ ടെക് കമ്പനികള്‍ ഉറ്റുനോക്കുന്ന ഈ സമ്മേളനം ഒക്ടോബറില്‍ യുഎസിലെ ഒർലൻഡോ നഗരത്തിലാണ് നടക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിനായി ജനറൽ വിഭാഗത്തിലെ റജിസ്ട്രേഷൻ ഫീസ് മാത്രം 80,000 രൂപയോളമാണ്. വിദ്യാർഥികള്‍ക്ക് 30,000 രൂപയോളവും. താമസം, വിമാനക്കൂലി എന്നിവ കൂടി ചേരുമ്പോൾ വലിയ തുകയാകും. എന്നാൽ ഒരു പൈസ പോലും ചെലവില്ലാതെ സ്കോളർഷിപ്പ് വഴി ഇതിൽ പങ്കെടുക്കാനായാലോ? ഗ്രേസ് ഹോപ്പർ സമ്മേളനം നടത്തുന്ന രാജ്യാന്തര സംഘടനായ 'അനീറ്റബോർഗ് ഡോട്ട് ഓർഗ്' നൽകുന്ന സ്കോളർഷിപ്പുകൾക്ക് പുറമേ ഫെയ്സ്ബുക്കും സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. 3ദിവസത്തെ സമ്മേളനം മാത്രമല്ല ഫെയ്സ്ബുക്കിലെ എൻജിനീയർമാരുമായി ഇടപഴകാനും അവരുമായി അത്താഴവിരുന്നിൽ പങ്കെടുക്കാനും അവസരമൊരുങ്ങും. അനീറ്റ ബോർഗ് സ്കോളർഷിപ്പുകളുടെ അവസാന തീയതി കഴിഞ്ഞതിനാൽ ഇനി ഫെയ്സ്ബുക് സ്കോളർഷിപ്പാണ് ഗ്രേസ് ഹോപ്പറിലേക്കുള്ള മാർഗം. ആകെ 50 പേർക്കാണ് ഫെയ്സ്ബുക് സ്കോളർഷിപ്പ് നൽകുന്നത്.

എന്തൊക്കെ?

∙ ഗ്രേസ് ഹോപ്പർ സമ്മേളനത്തിലേക്കുള്ള നിങ്ങളുടെ റജിസ്ട്രേഷൻ ഫീസ് ഫെയ്സ്ബുക് വഹിക്കും
∙ സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 5 വരെയുള്ള താമസസൗകര്യം, ഭക്ഷണം, വിമാനക്കൂലി, വീസ
∙ ഫെയ്സ്ബുക് എൻജിനീയർമാരുമായുള്ള മീറ്റിങ്ങിലേക്ക് പ്രത്യേക ക്ഷണം
∙ അഡീഷണൽ സ്റ്റൈപ്പൻഡ്


ഓർമിക്കാൻ
∙ അപേക്ഷിക്കാൻ– bit.ly/gracefbs
∙ അവസാന തീയതി–ജൂൺ 29
∙ തിരഞ്ഞെടുക്കപ്പെട്ടവരെ ഓഗസ്റ്റ് ഒന്നിന് ഇമെയിൽ വഴി വിവരമറിയിക്കും

യോഗ്യത
∙ കംപ്യൂട്ടർ സയൻസിലേ ബന്ധപ്പെട്ട മേഖലകളിലോ (കംപ്യൂട്ടർ എൻജിനീയറിങ്, മാത്, സ്റ്റാറ്റിസ്റ്റിക്സ്, ഇൻഫർമേഷൻ സിസ്റ്റംസ്) എൻജിനീയറിങ് കോഴ്സ് (ബിടെക്/എംടെക്) ചെയ്യുന്ന വനിതകൾക്ക് മാത്രം.
∙ ഫെയ്സ്ബുക്കിൽ ഇന്റേൺഷിപ്പ് ചെയ്യുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല

ഗ്രേസ് ഹോപ്പർ ഇന്ത്യ
സമ്മേളനത്തിലേക്കും അപേക്ഷിക്കാം

gh-2

യുഎസിൽ നടക്കുന്ന പ്രധാന സമ്മേളനത്തിന്റെ തുടർച്ചയെന്ന നിലയിൽ അനീറ്റബി ഡോട്ട് ഓർഗ് ഇന്ത്യയിൽ സമാനമായ സമ്മേളനം നടത്തുന്നുണ്ട്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ വനിതാ ടെക് സമ്മേളനമാണ്. യുഎസ് സമ്മേളനത്തിൽ പങ്കെടുക്കാനായില്ലെങ്കിലും, ബെംഗളൂരുവിൽ നവംബർ 6 മുതൽ 8 വരെ നടക്കുന്ന പരിപാടിയിൽ സ്കോളർഷിപ്പോടെ പങ്കെടുക്കാം. എംടെക്,പിഎച്ച്ഡി, അവസാന വർഷ ബിടെക് വിദ്യാർഥിനികൾക്കാണ് അവസരം. 2017ൽ കേരളത്തിൽ നിന്ന് 42 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു. സമ്മേളനത്തിനോടനുബന്ധിച്ചുള്ള കരിയർ ഫെയറിലൂടെ മുൻനിര ടെക് കമ്പനികളിൽ ജോലിയും നേടാൻ അവസരമുണ്ട്. 2017ൽ പങ്കെടുത്ത 3 പേർക്ക് മൈക്രോസോഫ്റ്റിൽ ജോലി ലഭിച്ചതിങ്ങനെയാണ്. അപേക്ഷിക്കേണ്ട അവസാന തീയതി–ജൂൺ 21.
വെബ്സൈറ്റ്bit.ly/ghciapp

ഗ്രേസ് ഹോപ്പർ സമ്മേളനം

ടെക് രംഗത്തുള്ള വനിതകൾക്കായി 1994 മുതൽ അനീറ്റബി ഡോട്ട് ഓർഗ എന്ന രാജ്യാന്തര സംഘടന നടത്തുന്ന വിഖ്യാതമായ രാജ്യാന്തര സമ്മേളനമാണ് ഗ്രേസ് ഹോപ്പർ സെലിബ്രേഷൻസ്. COBOL എന്ന കംപ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവായ പ്രശസ്ത വനിതാ എൻജിനീയർ ഗ്രേസ് മുറേ ഹോപ്പറിന്റെ പേരിലാണ് സമ്മേളനം അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം ടെക്സസിലെ ഹൂസ്റ്റണിലാണ് സമ്മേളനം നടന്നത്. മൂന്നു ദിവസത്തെ പരിപാടിയിൽ ലോകത്തിലെ എല്ലാ പ്രധാന ടെക് കമ്പനികളും പങ്കെടുക്കും. ഫെയ്സ്ബുക് ഉൾപ്പടെയുള്ള കമ്പനികൾ സ്കോളർഷിപ്പും നൽകുന്നുണ്ട്.

ഗ്രേസ് ഹോപ്പർ
അനുഭവം

ഗ്രേസ് ഹോപ്പർ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഇതുവരെ പങ്കെടുത്ത് ഒരേയൊരാൾ. വടകര സ്വദേശിയും കൊച്ചി ഗവ.മോഡൽ എൻജിനീയറിങ് കോളജിലെ അവസാന വർഷ വിദ്യാർഥിയുമായ നികിത മല്യ. കഴിഞ്ഞ വർഷം യുഎസിലെ ഹൂസ്റ്റണിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

ഒരു മേൽക്കൂരയ്ക്ക് കീഴിൽ പല രാജ്യങ്ങളിൽ നിന്നായി ടെക്നോളജി ഇഷ്ടപ്പെടുന്ന 20,000 സ്ത്രീകൾ! പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമായിരുന്നു അത്. വിദ്യാർഥികൾ മുതൽ കമ്പനി സിഇഒമാർ വരെയുണ്ടാകും. ട്വിറ്റർ സിഇഒ ജാക് ഡൊർസിയെ നേരിട്ട് കണ്ട് സംസാരിക്കാൻ കഴിഞ്ഞു. ഫെയ്സ്ബുക് സിഇഒ മാർക് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല ചാൻ ഉള്‍പ്പടെയുള്ളവരുടെ സെഷനുകൾ കേൾക്കാനും അവസരമുണ്ടായി. 3 ദിവസത്തിനിടയിൽ 150ലധികം സെഷനുകളുണ്ടാകും. ഇഷ്ടമുള്ളതിൽ പോയിരിക്കാം.


കരിയർ ഫെയറാണ് മുഖ്യ ആകർഷണം. ഒരു വലിയ ഗ്രൗണ്ട് നിറയെ കമ്പനികളുടെ സ്റ്റാളുകൾ. ഫെയ്സ്ബുക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങി നിങ്ങൾക്കറിയാവുന്ന എല്ലാ കമ്പനികളും ഇവിടെയുണ്ടാകും. ഇഷ്ടമുള്ള സ്റ്റാളിൽ പോയി ജോലി വിവരങ്ങൾ അന്വേഷിക്കാം. ഇഷ്ടപ്പെട്ടാൽ പ്രത്യേക മുറിയിൽ ഇന്റർവ്യൂ നടത്തും. ഫെയ്സ്ബുക്കിന്റെയും മറ്റും ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ കഴിഞ്ഞു. ഇതിനു പുറമേ പ്രമുഖ വിദേശ സർവകലാശാലകളുമുണ്ടാകും. ഉപരിപഠന സാധ്യതകളുമറിയാം. അവരുടെ സ്കോളർഷിപ്പുകളും ലഭ്യമാക്കും. കൊളംബിയ സർവകലാശാലയിൽ ഞാൻ മാസ്റ്റേഴ്സ് ചെയ്യാൻ പോകുന്നതും ഇവിടെ നിന്നു ലഭിച്ച പ്രചോദനം മൂലമാണ്.
ഗ്രേസ് ഹോപ്പർ സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ essay ചോദ്യങ്ങളും നിങ്ങളുടെ പ്രഫസർമാരുടെ ശുപാർശയും നിർണായകമാണ്. നിങ്ങളെ ഇത്രയും പണം മുടക്കി യുഎസിൽ കൊണ്ടുപോകുന്നത് അർഥവത്താണെന്ന് അവർക്ക് തോന്നണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com