ADVERTISEMENT

ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽ ഗവേഷണം. അതും ഏകദേശം 2 കോടി രൂപയുടെ സ്കോളർഷിപ്പോടെ ! തിരുവനന്തപുരം സ്വദേശി ഗായത്രി ശങ്കറിനാണു പിഎച്ച്ഡി അഡ്മിഷനൊപ്പം കേംബ്രിജ് ഇന്ത്യ രാമാനുജൻ സ്കോളർഷിപ്പും ലഭിച്ചത്. പെട്ടെന്നൊരു സുപ്രഭാതത്തിൽ നേടിയതല്ല, തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിഎസ്‌സി കെമിസ്ട്രിക്കു പഠിക്കുമ്പോൾ തന്നെയുള്ള ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണു കേംബ്രിജ് പഠനം.

ആദ്യ ചുവട്, എംഫിൽ
തിരുവനന്തപുരം എംജി കോളജിൽ എംഎസ്‌സി പഠനത്തിനു ശേഷമാണു ശ്രമം ഊർജിതമാക്കിയത്. കേംബ്രിജിലേക്കു പിഎച്ച്ഡിക്കു നേരിട്ട് അപേക്ഷിച്ചാൽ പ്രവേശന സാധ്യത കുറവാണെന്നു മനസ്സിലാക്കി എംഫില്ലിന് അപേക്ഷിച്ചു. സ്കൈപ് ഇന്റർവ്യൂവിനു ശേഷം പ്രവേശനത്തിനു ക്ഷണിച്ചുകൊണ്ടുള്ള ഇ മെയിൽ ലഭിച്ചു. അങ്ങനെ കഴിഞ്ഞ വർഷം കംപ്യൂട്ടേഷനൽ കെമിസ്ട്രിയിൽ എംഫില്ലിനു കേംബ്രിജിൽ ചേർന്നു. 

തേടിപ്പിടിച്ച സ്കോളർഷിപ്
ഒരു വർഷം കേംബ്രിജിൽ നിന്നുകൊണ്ടു തന്നെ പിഎച്ച്ഡിയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. സ്കോളർഷിപ്പുകളും തിരഞ്ഞു. സർവകലാശാലയിലെ അധ്യാപകരും സഹായിച്ചു. 

ഇന്ത്യൻ വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാരും കേംബ്രിജ് ട്രസ്റ്റും ചേർന്നു 2 വർഷം മുൻപ് ആരംഭിച്ച സ്കോളർഷിപ്പാണ് കേംബ്രിജ് ഇന്ത്യ രാമാനുജൻ സ്കോളർഷിപ്. 3 വർഷത്തെ ഗവേഷണത്തിനായി ട്യൂഷൻ ഫീ, ജീവിതച്ചെലവ് എന്നിവയ്ക്കെല്ലാം സ്കോളർഷിപ് വഴി ഫണ്ട് ലഭിക്കും. ആവശ്യമുള്ള സ്കോളർഷിപ്പുകൾ വിദ്യാർഥികൾ തന്നെ കണ്ടെത്തണമെന്നതാണു കേംബ്രിജിലെ രീതി.

മാർക്കിനപ്പുറം
മുൻപു ലഭിച്ച മാർക്കുകൾക്കും ജേണൽ പ്രസിദ്ധീകരണങ്ങൾക്കും പിഎച്ച്ഡി ഇന്റർവ്യൂവിൽ വലിയ പ്രാധാന്യമുണ്ടെങ്കിലും മറ്റു ചില കഴിവുകളാണ് പ്രവേശനം എളുപ്പമാക്കുന്നതെന്നു ഗായത്രി പറയുന്നു. 2017ൽ ബ്രിട്ടീഷ് കൗൺസിൽ ഇന്ത്യയിൽ നടത്തിയ സെയിൻലാബ് എന്ന സയൻസ് കോംപറ്റീഷനിൽ ഫൈനലിസ്റ്റ് ആയിരുന്നു ഗായത്രി. കൂടാതെ ഡിഗ്രി, പിജി തലങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളും സംഘാടന മികവും അനുകൂല ഘടകങ്ങളായി. ഇന്റർവ്യൂ കഴിഞ്ഞ് 10 മിനിറ്റിനുള്ളിൽ ഫലം അറിയിക്കും. പ്രവേശനം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സ്വപ്നതുല്യ സ്കേളർഷിപ്പും ലഭിച്ചു.  

ഇനി മൂന്നു വർഷം ഡ്രഗ് ഡിസൈൻ മേഖലയിൽ കംപ്യൂട്ടേഷനൽ കെമിസ്ട്രിയിൽ ഗവേഷണം. അതിനു ശേഷം നാട്ടിൽ തിരിച്ചെത്തി ഐഐടികൾ പോലെയുള്ള സ്ഥാപനങ്ങളിൽ അധ്യാപനമാണ് ആഗ്രഹം. 

രാജേഷ് വിജയകുമാറാണ് ഗായത്രിയുടെ ഭർത്താവ്. കേരള സർവകലാശാല ഡിപ്പാർട്മെന്റ് ഫോർ ബയോഇൻഫർമാറ്റിക്സ് ആൻഡ് കംപ്യൂട്ടേഷനൽ ബയോളജി മേധാവി ഡോ. അച്യുത്ശങ്കർ എസ്. നായരുടെയും ഹേമ രാമചന്ദ്രന്റെയും മകളാണു ഗായത്രി. ആദിത്യ ശങ്കർ സഹോദരൻ. 

മുപ്പതിലേറെ സ്കോളർഷിപ്പുകൾ
ഇന്ത്യയിൽ നിന്നുള്ളവർക്കായി മുപ്പതിലധികം സ്കോളർഷിപ്പുകൾ കേംബ്രിജ് ട്രസ്റ്റ് നൽകുന്നുണ്ട്. ഒക്ടോബർ– നവംബർ കാലത്തു കോഴ്സിനുള്ള അപേക്ഷാ ഘട്ടത്തിൽ തന്നെയാണു മിക്കതിനും അപേക്ഷിക്കേണ്ടത്. കേംബ്രിജ് സൈറ്റിൽ വിവരങ്ങളുണ്ട്. 

www.graduate.study.cam.ac.uk

www.cambridgetrust.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com