sections
MORE

എൻട്രൻസ്: അറിയണം, സ്കോർ നിർണയരീതി

students
SHARE

എൻജിനീയറിങ്, ബിഫാം, ബി വൊക് പ്രവേശനം സംബന്ധിച്ച സംശയങ്ങൾക്കു പ്രശസ്ത കരിയർ വിദഗ്ദൻ ബി.എസ്. വാരിയർ മറുപടി പറയുന്നു.

ചോദ്യം: ഞാൻ ബിഫാം പ്രവേശനത്തിന് കേരള എൻട്രൻസ് പരീക്ഷയെഴുതി. ഉത്തരസൂചിക വച്ച് മാർക്ക് കൂട്ടിനോക്കി. എന്റേതായി സൈറ്റിൽ കൊടുത്ത സ്കോർ തെറ്റാണ്. എന്തു ചെയ്യണം?

ഉത്തരം: അങ്ങനെ തെറ്റെന്നു തീരുമാനിക്കാൻ വരട്ടെ. നിങ്ങൾ പറഞ്ഞതുപോലെ കൂട്ടിക്കിട്ടുന്നതല്ല കമ്മിഷണർ പരിഗണിക്കുന്ന സ്കോർ. എൻജിനീയറിങ് എൻട്രൻസിലെ ഒന്നാം പേപ്പറാണ് നിങ്ങളെഴുതിയത്. ഇതിൽ 4 മാർക്ക് വീതമുള്ള 120 ചോദ്യങ്ങൾ– അതിൽ 72 ഫിസിക്സും 48 കെമിസ്ട്രിയും. ആകെ മാർക്ക് 120 x 4 = 480. ഇരുവിഷയങ്ങൾക്കും തുല്യപരിഗണന നൽകാനായി ഇവയിലെ മാർക്കുകൾ സവിശേഷരീതിയിലാണു കൂട്ടുക. െകമിസ്ട്രിക്കു കിട്ടിയ മാർക്കിനെ 2.25 കൊണ്ടു ഗുണിച്ച്, ഫിസിക്സ് മാർക്കിനോടു കൂട്ടുന്നു. ഈ തുകയെ 2/3 കൊണ്ടു ഗുണിച്ചു കിട്ടുന്നതാണ് നിങ്ങൾ നേടിയ സ്കോർ. പ്രോസ്പെക്ടസിലെ  9.7.4 (എഫ്) ഖണ്ഡികയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പറഞ്ഞതിൽ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. ഉത്തരസൂചികയെ സംബന്ധിച്ചുണ്ടായ പരാതികൾ പരിശോധിച്ച വിദഗ്ധസമിതി ഏതാനും ചോദ്യങ്ങൾ റദ്ദു ചെയ്യാൻ ശുപാർശ ചെയ്തു. അതനുസരിച്ച് ഫിസിക്സിലെ നാലും കെമിസ്ട്രിയിലെ രണ്ടും ചോദ്യങ്ങൾ നീക്കം ചെയ്തു. ഫിസിക്സ്, കെമിസ്ട്രി  വിഷയങ്ങളിൽ കുട്ടികൾ നേടിയ മാർക്കുകളെ യഥാക്രമം 72/68, 48/46 എന്നീ ഭിന്നങ്ങൾ കൊണ്ടു ഗുണിച്ച്, നാലു ദശാംശസ്ഥാനം വരെ കൃത്യമാക്കിയിട്ടാണ് സ്കോർ നിർണയിച്ചത്. നിങ്ങൾ ഒരിക്കൽ കൂടി മാർക്കുകൾ കൂട്ടി നോക്കുക. കേരള എൻട്രൻസ് പരീക്ഷയിൽ റീവാല്യുവേഷനോ റീചെക്കിങ്ങിനോ വ്യവസ്ഥയില്ല (പ്രോസ്പെക്റ്റിസ്  ഖണ്ഡിക 9.7.6).

ബിടെക് പ്രവേശന സാധ്യത 

ചോദ്യം: എനിക്ക് കേരള എൻജിനീയറിങ് എൻട്രൻസിൽ 387 മാർക്കുണ്ട്. സർക്കാർ കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ബിടെക് പ്രവേശനം കിട്ടുമോ?

ഉത്തരം: ഇത് ഇപ്പോൾ പറയാൻ കഴിയില്ല. എൻജിനീയറിങ് എൻട്രൻസ് രണ്ടു പേപ്പറുകളിലെ മൊത്തം 960 മാർക്കിൽ 387 ആണ് നിങ്ങളുടെ സ്കോർ. ഈ സ്കോറിനും നിങ്ങൾ 12–ാം ക്ലാസിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കു നേടിയ മൊത്തം മാർക്കിനും തുല്യ വെയ്റ്റ് നൽകി (1:1 അനുപാതത്തിൽ) കൂട്ടിക്കിട്ടുന്ന സ്കോർ അടിസ്ഥാനമാക്കി റാങ്ക് നിർണയിക്കും. ഇതിനായി 12ലെ മാർക്ക് അതേപടി എടുക്കില്ല. മറ്റു ബോർഡുകളിലെ പല വർഷങ്ങളിലെ മാർക്ക് നിലവാരവുമായി നിങ്ങൾ ജയിച്ച പരീക്ഷയിലെ മാർക്കുകൾ തട്ടിച്ചു നോക്കി, സ്റ്റാൻഡേഡൈസ് ചെയ്തിട്ടേ എൻട്രൻസ് സ്കോറിനോടു ചേർക്കൂ. സ്റ്റാൻഡേഡൈസേഷൻ എങ്ങനെയെന്ന് പ്രോസ്പെക്ടസിന്റെ 9.7.4(ബി) ഖണ്ഡികയിൽ വിവരിച്ചിട്ടുണ്ട്. എൻട്രൻസ് കമ്മിഷണർ വൈകാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. www.cee-kerala.org എന്ന സൈറ്റിൽ മുൻവർഷങ്ങളിൽ പ്രവേശനം കിട്ടിയ കുട്ടികളുടെ ഏറ്റവും കുറഞ്ഞ റാങ്കുകൾ കോഴ്സും കോളജും വിദ്യാർഥിയുടെ സംവരണ കാറ്റഗറിയും തിരിച്ചു കൊടുത്തിട്ടുള്ളത് പഠിച്ചാൽ പ്രവേശനസാധ്യതയുടെ ഏകദേശരൂപം കിട്ടും. മുൻവർഷങ്ങളെ അപേക്ഷിച്ച് മാറ്റം വന്നേക്കാമെന്നതിനാൽ പ്രവചനം കിറുകൃത്യമാവില്ല.

എന്താണ് ബി വൊക്?
ചോദ്യം: പ്ലസ്ടുക്കാർക്കു പോകാവുന്ന ‘ബി വൊക്’ ബിരുങ്ങൾക്കു സാധാരണ ബിരുദങ്ങളെ അപേക്ഷിച്ച് വല്ല മെച്ചവുമുണ്ടോ ?

ഉത്തരം: സർവകലാശാലാ ബിരുദം വഴി അറിവു പകരുന്നതോടൊപ്പം ഏതെങ്കിലുമൊരു തൊഴിലിൽ പ്രാവീണ്യം കൂടി നൽകാനായാൽ, വേഗം തൊഴിൽ കണ്ടെത്താനോ പുതിയ സംരഭങ്ങൾ തുടങ്ങാനോ കഴിയും. ഈ തത്വം മനസ്സിൽക്കണ്ട് ദേശീയതലത്തിൽ  മാനവശേഷി മന്ത്രാലയം ആവിഷ്കരിച്ച്, യുജിസി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണ് ‘ബി വൊക്’ പ്രോഗ്രാം (ബാച്‌ലർ ഓഫ് വൊക്കേഷൻ). നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക് (എൻഎസ്ക്യുഎഫ്) എന്ന വിശാല കാൻവാസിൽപ്പെടുന്നതാണ് ഈ ബിരുദപദ്ധതി. പ്ലസ്ടു ജയിച്ചവർക്കു കോഴ്സിന്റെ ഒരു കൊല്ലം കഴിയുമ്പോൾ ഡിപ്ലോമ, രണ്ടു കൊല്ലം കഴിയുമ്പോൾ അഡ്വാൻസ്ഡ് ഡിപ്ലോമ, മൂന്നു കൊല്ലം കഴിയുമ്പോൾ ബിരുദം എന്നതാണു രീതി. ഓരോ തലവും പിന്നിടുമ്പോൾ വിദ്യാർഥി ആർജ്ജിക്കുന്ന പ്രാവീണ്യനിലവാരം സ്കീമിൽ നിർവചിച്ചിട്ടുണ്ട്. സർവകലാശാലയോ കോളജോ ബന്ധപ്പെട്ട വ്യവസായങ്ങളുമായി ബന്ധപ്പെട്ട് പാഠ്യക്രമം രൂപപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ പല കോളജുകളിലും ബി വൊക് സൗകര്യമുണ്ട്. ഡേറ്റാ സയൻസ്, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ഫുഡ് പ്രോസസിങ് ടെക്നോളജി, അക്കൗണ്ടിങ് & ടാക്സേഷൻ എന്നീ കോഴ്സുകൾ ഉദാഹരണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA