ADVERTISEMENT

ഉത്തരക്കടലാസ് ചിതലരിച്ചു നശിച്ചതിനെ തുടർന്ന് മൂന്നു തസ്തികകളിലേക്കു നടത്തിയ പരീക്ഷ പിഎസ്‌സി റദ്ദാക്കി. എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഒാഫിസർ (501/2017), വയനാട് ജില്ലയിൽ സിവിൽ എക്സൈസ് ഒാഫിസർ– സ്പെറി. എസ്ടി (345/2017), വിഎച്ച്എസ്ഇയിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ ഡൊമസ്റ്റിക് നഴ്സിങ് (89/2017) പരീക്ഷകളാണ് റദ്ദാക്കിയത്. മൂന്നു തസ്തികകളിലും ഇനി പുനപരീക്ഷ നടത്തും. പുതുക്കിയ പരീക്ഷാ തീയതികൾ  പിന്നീട് അറിയിക്കും. 

വനിതാ സിവിൽ എക്സൈസ് ഒാഫിസർ തസ്തികയ്ക്ക് 2018 ഫെബ്രുവരി 24നായിരുന്നു പരീക്ഷ നടത്തിയത്. 14 ജില്ലകളിലുമായി 3,83,950 പേർ  അപേക്ഷ നൽകി.  3,14,569 പേർ പരീക്ഷ എഴുതി. ഇവരിൽ എത്ര പേരുടെ ഉത്തരക്കടലാസ് ചിതലരിച്ചു എന്ന് പിഎസ്‌സി വ്യ‌ക്തമാക്കിയിട്ടില്ല. സിവിൽ എക്സൈസ് ഒാഫിസർ (സ്പെറി. എസ്ടി) പരീക്ഷയും ഇതോടൊപ്പമാണ് നടത്തിയത്. വളരെ കുറച്ച് ഉദ്യോഗാർഥികൾ മാത്രമേ ഈ പരീക്ഷ എഴുതിയിട്ടുള്ളൂ. വിഎച്ച്എസ്ഇയിൽ വൊക്കേഷനൽ ഇൻസ്ട്രക്ടർ ഇൻ ഡൊമസ്റ്റിക് നഴ്സിങ് (89/2017) തസ്തികയ്ക്ക് 2018 ജനുവരി 24നായിരുന്നു പരീക്ഷ. 9000 പേർ അപേക്ഷിച്ചു. ഇതിൽ ഏഴായിരത്തോളം പേർ പരീക്ഷ എഴുതി.  07–10–2017, 28–10–2017 തീയതികളിൽ നടത്തിയ കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷയുടെ ഉത്തരക്കടലാസും മുൻപ് ചിതലരിച്ചിരുന്നു. ആയിരത്തിലധികം ഉത്തരക്കടലാസുകൾ ഒഎംആർ മൂല്യനിർണയം സാധ്യമാകാത്ത രീതിയിൽ ചിതലരിച്ചു നശിച്ചിട്ടും പരീക്ഷ പിഎസ്‌സി റദ്ദാക്കിയില്ല. പകരം ഉത്തരക്കടലാസുകൾ മാന്വലായി മൂല്യനിർണയം നടത്തിയെന്നു പ്രഖ്യാപിച്ച് തടിയൂരി. 

പ്രളയത്തെ പഴിചാരി പിഎസ്‌സി
പ്രളയത്തിന് ആറു മാസം മുൻപു നടത്തിയ പരീക്ഷയിലെ ഉത്തരക്കടലാസുകൾ നനഞ്ഞത് പ്രളയത്തെ തുടർന്നെന്ന വിചിത്ര വാദവുമായി  പിഎസ്‌സി. 2018 ഒാഗസ്റ്റിലായിരുന്നു  സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയം. എന്നാൽ ഉത്തരക്കടലാസ് ചിതലരിച്ച പരീക്ഷകൾ പിഎസ്‌സി  നടത്തിയതാകട്ടെ ജനുവരി 24നും ഫെബ്രുവരി 24നും. പ്രളയത്തിന് ആറും ഏഴും മാസം മുൻപു നടത്തിയ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പ്രളയസമയത്ത് കോഴിക്കോടു നിന്നു തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോൾ മഴ നനയുകയും പിന്നീട് ചിതലരിക്കുകയുമായിരുന്നെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. എന്നാൽ ഒഎംആർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരമാവധി ഒരു മാസത്തിനകം ജില്ലാ/മേഖലാ ഒാഫിസുകൾ തിരുവനന്തപുരത്തെ ആസ്ഥാന ഒാഫിസുകളിൽ എത്തിക്കും. ഉത്തരക്കടലാസുകൾ കണക്കിലധികം ദിവസം ജില്ലാ/മേഖലാ ഓഫിസിൽ സൂക്ഷിക്കുന്നതിന്റെ അപകടസാധ്യത കണക്കിലെടുത്താണ് ദിവസങ്ങൾക്കകം തന്നെ ഇത് കേന്ദ്ര ഒാഫിസിലേക്ക്  അയയ്ക്കുന്നത്. അതുകൊണ്ടു തന്നെ പിഎസ്‌സിയുടെ   വാദം പച്ചക്കള്ളമാണെന്നു വ്യക്തമാണ്. കേന്ദ്ര ഒാഫിസിൽ  അലക്ഷ്യമായി സൂക്ഷിച്ചതാവും ഉത്തരക്കടലാസുകൾ ചിതലരിക്കാൻ കാരണം. 

പുനഃപരീക്ഷ ജൂലൈ 27ന്
റദ്ദാക്കിയ വനിതാ സിവിൽ എക്സൈസ് ഒാഫിസർ (501/2018) പരീക്ഷ എഴുതിയവർക്കുള്ള പുനഃപരീക്ഷ ജൂലൈ 27നു നടത്താൻ പിഎസ്‌സി തീരുമാനിച്ചു. കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയവരുടെ ഉത്തരക്കടലാസാണ് ചിതലരിച്ചതെന്ന കാരണത്താൽ ഈ ജില്ലയിൽ പരീക്ഷ എഴുതിയവർക്കു മാത്രമാണ് പുനഃപരീക്ഷ നടത്തുന്നത്. വനിതാ സിവിൽ എക്സൈസ് ഒാഫിസർ തസ്തികയുടെ എൻസിഎ വിജ്ഞാപനങ്ങൾ (കാറ്റഗറി നമ്പർ 196/2018 മുതൽ 205/2018 വരെ) പ്രകാരം അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് ജൂലൈ 27നു പരീക്ഷ നടത്തുന്നുണ്ട്. ഇതോടൊപ്പമാണ് റദ്ദാക്കിയ പരീക്ഷയും നടത്തുക. കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയവർക്കു മാത്രമാണ് പുനഃപരീക്ഷ എഴുതാൻ അവസരം നൽകിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com