ADVERTISEMENT

എൻജിനീയറിങ് പ്രവേശനപരീക്ഷയിലെ ആദ്യ രണ്ടു റാങ്കും ഒരേ ക്ലാസിൽ. ഒന്നാം റാങ്ക് നേടിയ ഇടുക്കി അണക്കര ശങ്കരമംഗലത്തിൽ വിഷ്ണു വിനോദും രണ്ടാം റാങ്ക് നേടിയ കോട്ടയം കുമാരനല്ലൂർ കൃഷ്ണയിൽ എ.ഗൗതം ഗോവിന്ദും കോട്ടയം മാന്നാനം കെഇ സ്കൂളിലാണു പഠിച്ചത്. ഐഐടി പഠനം ലക്ഷ്യമിടുന്ന ഇരുവരും, അടുത്ത ദിവസം വരുന്ന ജെഇഇ അഡ്വാൻസ്ഡ് ഫലം കൂടി അറിഞ്ഞശേഷം എവിടെ ചേരണമെന്നു തീരുമാനിക്കും. 

വിനോദ് കുമാറിന്റെയും ചാന്ദ്നിയുടെയും മകനായ വിഷ്ണുവിന്റെ ഇഷ്ട ബ്രാഞ്ച് കംപ്യൂട്ടർ സയൻസ്. ജെഇഇ മെയിനിൽ രാജ്യത്തെ 35-ാം റാങ്കും കേരളത്തിലെ ഒന്നാം റാങ്കും നേടിയിരുന്നു. 

മർച്ചന്റ് നേവി ചീഫ് എൻജിനീയർ ജി.അനിൽകുമാറിന്റെയും ഏറ്റുമാനൂർ ട്രഷറി ഉദ്യോഗസ്ഥ രമ്യയുടെയും മകനാണു ഗൗതം. ജെഇഇ മെയിനിൽ ദേശീയ തലത്തിൽ 187 ാം റാങ്ക് നേടിയിരുന്നു. ലക്ഷ്യം ഇലക്ട്രിക്കൽ എൻജിനീയറിങ്.  

മൂന്നാം റാങ്ക് നേടിയ കോട്ടയം വടവാതൂർ ജവഹർ നവോദയ വിദ്യാലയ വിദ്യാർഥി അക്വിബ് നവാസ് ജാർഖണ്ഡ് പലാമു സ്വദേശിയാണ്. 

എസ്‌‍സി വിഭാഗത്തിൽ ഒന്നാമതെത്തിയ ആർ. അദ്വൈത് കൃഷ്ണൻ (റാങ്ക് 185) കൊല്ലം പാരിപ്പള്ളി രാമഭവനി‍ൽ രാമകൃഷ്ണന്റെയും ബിന്ദുറാണിയുടെയും മകനാണ്. കോട്ടയം തലയാഴം ഈറ്റേത്തറയിൽ മിഥുൻ വി.ജയ്ക്കാണു രണ്ടാം റാങ്ക്.

എസ്ടി വിഭാഗം ഒന്നാം റാങ്ക് നേടിയ എൽ. സുകന്യ (റാങ്ക് 6370) കാസർകോട് പാണത്തൂർ‌ പനത്തടി കുണ്ടുപ്പള്ളിയിൽ പത്മാവതിയുടെയും പരേതനായ ലക്ഷ്മണന്റെയും മകളാണ്. രണ്ടാം റാങ്ക് സാങ്കേതിക കാരണങ്ങളാൽ പ്രഖ്യാപിച്ചിട്ടില്ല. 

ആർക്കിടെക്ചർ
ഒന്നാം റാങ്ക് നേടിയ ആലീസ് മരിയ ചുങ്കത്ത് തൃശൂർ കുരിയച്ചിറ നെഹ്റുനഗറിൽ ചുങ്കത്ത് ഷിജിയുടെയും ആൻസിയുടെയും മകളാണ്. കണ്ണൂർ പയ്യാവൂർ പാലക്കുടിയിൽ ഹൗസിൽ ആൻഷ മാത്യു രണ്ടും ഗുജറാത്ത് വഡോദര ധനുഷ്മാർഗ് ഇഎംഇ സ്കൂളിലെ ഗൗരവ് ആർ.ചന്ദ്രൻ മൂന്നും റാങ്ക് നേടി.

ഫാർമസി
ഒന്നാം സ്ഥാനം നേടിയ നവീൻ വിൻസെന്റ് കൊല്ലം മുണ്ടയ്ക്കൽ സൂര്യനഗറിൽ താമസിക്കുന്ന ബിഎസ്എൻഎൽ അസി. ജനറൽ മാനേജർ വി.ബൈജുവിന്റെയും തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജ് അസി. പ്രഫസർ സൈന ദീപ്തിയുടെയും മകനാണ്. 

മലപ്പുറം എടവണ്ണ ചെമ്പകത്ത് മേലേക്കാട്ടിൽ അബ്‌ദുൽ മജീദിന്റെയും ബുഷ്‌റയുടെയും മകൾ എം.കെ. നിദ നിസ്മയ്ക്കു രണ്ടാം റാങ്കും  മലപ്പുറം ഊരകം പുത്തൻപീടിക ശ്രീലകത്തിൽ സ്കൂൾ അധ്യാപകരായ പ്രതാപ് ചന്ദ്രന്റെയും ദീപ്‌ന ഗോപിനാഥിന്റെയും മകൻ കെ. രോഹിത് മൂന്നാം റാങ്കും നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com