ADVERTISEMENT

ജെഇഇ മെയിൻ / അഡ്വാൻസ്ഡ് യോഗ്യതകൾ നേടിയവർ ഇനി റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ഉൾപ്പെടെയുള്ള പ്രവേശന നടപടിക്രമങ്ങളിലേക്ക്. ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ്, 5-വർഷ എംടെക് / എംഎസ്‌സി എന്നിവയാണു കോഴ്സുകൾ. 

23 ഐഐടികളിലേക്കു ജെഇഇ അഡ്വാൻസ്ഡ് യോഗ്യത വേണം. കോഴിക്കോട്ടേത് ഉൾപ്പെടെ 31 എൻഐടികൾ, 25 ഐഐഐടികൾ, കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന മറ്റ് 28 സാങ്കേതിക സ്ഥാപനങ്ങൾ  എന്നിവിടങ്ങളിലേക്കു ജെഇഇ മെയിൻ യോഗ്യത മതി. എല്ലാ സ്ഥാപനങ്ങളിലെയും സിലക്‌ഷനും അലോട്മെന്റും തീരുമാനിക്കുന്നത് ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റിയാണ്. https://josaa.nic.in

NIT
iit-madras

2018 റാങ്കുകളിൽനിന്ന്
ഓരോ റാങ്കുകാരുടെയും ഈ വർഷത്തെ പ്രവേശനസാധ്യതയെക്കുറിച്ച്  ഏകദേശധാരണ കിട്ടാൻ കഴിഞ്ഞ വർഷങ്ങളിലെ ക്ലോസിങ് റാങ്കുകൾ ഉപകരിക്കും. സീറ്റുകളുടെ  എണ്ണം,  സംവരണക്രമം, കുട്ടികളുടെ താൽപര്യങ്ങൾ മുതലായവയിൽ വരുന്ന മാറ്റങ്ങൾകാരണം ഇതിൽ നിന്നു കിട്ടുന്ന സൂചനകൾ ഏറെ ക‍ൃത്യമാവില്ല. വെബ് സൈറ്റിൽ 2016, 2017, 2018 വർഷങ്ങളിലെ വിവിധ റൗണ്ടുകളിലെ ഓപ്പണിങ് / ക്ലോസിങ് റാങ്കുകളുമുണ്ട്. രണ്ടു സ്ഥാപനങ്ങളിലെ ഏതാനും ക്ലോസിങ് റാങ്കുകൾ കാണുക.

എത്ര ചോയ്സും ആകാം
ജെഇഇ മെയിൻ യോഗ്യത നേടിയവർക്ക് ഐഐടികളൊഴികെയുള്ള എല്ലാ സ്ഥാപനങ്ങളിലേക്കും ഒരുമിച്ചു റജിസ്റ്റർ ചെയ്യാം. ഒരു പ്രോഗ്രാമും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന കോംബിനേഷനു ജോസയിൽ ‘അക്കാദമിക് പ്രോഗ്രാം’ എന്നു പറയും. കേരള എൻട്രൻസിൽ ‘ഓപ്ഷൻ’ എന്നു പറയുന്നതു പോലെ. 

സ്ഥാപനങ്ങളുടെയും പ്രോഗ്രാമുകളുടെയും സ്വന്തം മുൻഗണന ക്രമത്തിനു കാട്ടി വേണം ചോയ്സ് ഫില്ലിങ്. താൽപര്യപ്രകാരം എത്ര ചോയ്സുകൾ വേണമെങ്കിലും സമർപ്പിക്കാം. തുടർന്ന് ചോയ്സുകൾ ലോക്ക് ചെയ്യണം. ഇല്ലെങ്കിൽ, സമയം തീരുമ്പോൾ, അവസാനമായി സേവ് ചെയ്തു കിടക്കുന്ന ചോയ്സുകൾ തനിയേ ലോക്ക്ഡ് ആകും. 

ലോക്ക് ചെയ്ത ചോയ്സുകളുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക. ഇതു റിപ്പോർട്ടിങ് വേളയിൽ കാണിക്കേണ്ടിവരും. ഓരോ സ്ഥാപനത്തിലെയും പ്രോഗ്രാമുകൾ, അടിസ്ഥാനസൗകര്യങ്ങൾ, ഫീസ് നിരക്ക് തുടങ്ങിയ വിവരങ്ങളറിയാൻ സൈറ്റിെല ‘ഇൻസ്റ്റിറ്റ്യൂഷൻ പ്രൊഫൈൽ’ നോക്കാം.

ചിലർക്കു മൂന്നു തരം സീറ്റുകളിലേക്കു വരെ അലോട്മെന്റിന് അർഹതയുണ്ടാവാം. 

മെയിനിലെ ഒന്നാം പേപ്പർ വഴി ബിടെക് 

രണ്ടാം പേപ്പർ വഴി ബിആർക് / ബിപ്ലാനിങ്

അഡ്വാൻസ്ഡ് വഴി ഐഐടി

രണ്ടോ മൂന്നോ തരം സീറ്റുകൾക്ക് അർഹതയുണ്ടെങ്കിലും, ഒരു സീറ്റ് മാത്രമാകും അലോട്ട് ചെയ്യുക. അതിനാൽ അതീവ ശ്രദ്ധയോടെ മുൻഗണന നിശ്ചയിക്കണം. 10 ദിവസം നീളുന്ന ചോയ്സ് ഫില്ലിങ്‌ കാലത്തെ 7 ാം ദിവസവും 9 ാം ദിവസവും വരുന്ന മോക്ക് സീറ്റ് അലൊക്കേഷനിലെ വിവരങ്ങൾ പഠിച്ച് ചോയ്സുകൾ ആവശ്യമെങ്കിൽ മാറ്റി സമർപ്പിക്കാം.

ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്
ജോസ, ഏഴു റൗണ്ട് സീറ്റ് അലോക്കേഷൻ നടത്തും. സീറ്റ് അലോട്ട് ചെയ്തുകിട്ടുന്ന മുറയ്ക്കു ഫീസടച്ച് സീറ്റ് സ്വീകരിക്കണം. ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 35,000 രൂപ; ഭിന്നശേഷി, പട്ടികവിഭാഗ വിദ്യാർഥികൾക്കു 15,000 രൂപ. തുടർന്ന് ഏതെങ്കിലുമൊരു റിപ്പോർട്ടിങ് കേന്ദ്രത്തിലെത്തി രേഖകളെല്ലാം ശരിയെന്ന് ഉറപ്പു വരുത്തി ബോധ്യപ്പെടുത്തണം. 

നിർദിഷ്ടസമയത്തിനകം ചെന്നില്ലെങ്കിൽ അലോട്മെന്റ്‌ വ്യവസ്ഥയിൽനിന്നു പുറത്താകും. ഐഐടിയിലേക്കാണ് അലോട്മെന്റ് എങ്കിൽ നിർദിഷ്ട 18 ഐഐടികളിലൊന്നിലും, മറ്റു സ്ഥാപനങ്ങളിലേക്കാണെങ്കിൽ എൻഐടിയടക്കം നിർദിഷ്ട 45 സ്ഥാപനങ്ങളിലൊന്നിലും ആണു റിപ്പോർട്ട് ചെയ്യേണ്ടത്. റിപ്പോർട്ടിങ് കേന്ദ്രങ്ങളുടെ പട്ടിക സൈറ്റിലുണ്ട്. താൽക്കാലികമായി സീറ്റ് സ്വീകരിച്ച ശേഷം ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ് ഇവയിലൊരു ഓപ്ഷൻ സമർപ്പിക്കണം. 

ഫ്രീസ്: കിട്ടിയ സീറ്റിൽ പൂർണതൃപ്തി. ഇനി മാറ്റമേ വേണ്ട

ഫ്ലോട്ട്: ഇപ്പോൾ കിട്ടിയത് സ്വീകരിക്കുന്നു. പക്ഷേ മുൻഗണനയിൽ മുന്നിലുള്ള മറ്റേതെങ്കിലും സ്ഥാപനത്തിൽ ഇനി കിട്ടിയാൽ സ്വീകരിക്കും.

സ്ലൈഡ്: മാറ്റം ആഗ്രഹിക്കുന്നത് ഇപ്പോൾ കിട്ടിയ സ്ഥാപനത്തിലെ മറ്റു പ്രോഗ്രാകളിലേക്കു മാത്രം.

ഈ മൂന്നിലേതാണു സ്വീകരിക്കുന്നത് എന്നതനുസരിച്ചായിരിക്കും തുടർന്നുള്ള റൗണ്ടുകളിലെ സ്ഥിതി. ആദ്യ ചോയ്സ്തന്നെ കിട്ടിയവർക്കു ഫ്ലോട്ട് / സ്ലൈഡ് ഇല്ല. 

ജോസ സമയക്രമം

ജൂൺ 16 - റജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ് നടപടിക്രമങ്ങൾക്കു തുടക്കം. ആർക്കിടെക്ചറുകാർക്ക് അഭിരുചിപരീക്ഷാഫലം വരുന്ന 21 മുതൽ

ജൂൺ 22 - മോക്ക് സീറ്റ് അലൊക്കേഷൻ 21 വരെയുള്ള ചോയ്സ് നോക്കിയുള്ളത് സൈറ്റിൽ

ജൂൺ 24 - മോക്ക് സീറ്റ് അലൊക്കേഷൻ 23 വരെയുള്ള ചോയ്സ് നോക്കിയുള്ളത് സൈറ്റിൽ

ജൂൺ 25 - ചോയ്സ് ഫില്ലിങ് അവസാനിക്കും

ജൂൺ 27 - ഒന്നാം റൗണ്ട് അലൊക്കേഷൻ

ജൂൺ 28 -  മുതൽ ജൂലൈ രണ്ടു വരെ റിപ്പോർട്ടിങ് കേന്ദ്രത്തിൽ രേഖ പരിശോധനയും സീറ്റ് സ്വീകരിക്കലും

ജൂലൈ 3, 10 AM - കുട്ടികൾ ചേർന്ന സീറ്റുകളും സീറ്റൊഴിവും സൈറ്റിൽ

ജൂലൈ 3, 5 PM - രണ്ടാം റൗണ്ട് സീറ്റ് അലൊക്കേഷൻ

തുടർന്ന് 3, 4, 5, 6, 7 റൗണ്ടുകൾ യഥാക്രമം ജൂലൈ 6, 9, 12, 15, 18 തീയതികളിൽ. ജൂലൈ 17ന് അഞ്ചിനു ശേഷം സീറ്റിൽനിന്ന് പിന്മാറ്റം അനുവദിക്കില്ല. ഏഴു റൗണ്ടുകളും പൂർത്തിയാക്കിയ ശേഷം ഐഐടികളൊഴികെയുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്താൻ രണ്ടു വിശേഷറൗണ്ടുകളുമുണ്ടായിരിക്കും.

ഇരട്ട റിപ്പോർട്ടിങ്
ഐഐടിയല്ലാത്ത സ്ഥാപനത്തിൽനിന്ന് ഐഐടിയിലേക്കാണ് മാറ്റമെങ്കിൽ, ഐഐടിയിലെത്തി, രേഖകളെല്ലാം ശരിയെന്ന് ഉറപ്പു വരുത്തി ബോധ്യപ്പെടുത്തണം. ഐഐടിയിൽനിന്ന് ഐഐടിയല്ലാത്ത സ്ഥാപനത്തിലേക്കു മാറുന്നതെങ്കിൽ, പുതിയ സ്ഥാപനത്തിലെത്തി രേഖകളുടെ കാര്യം ഉറപ്പിക്കണം. അതായത്, ഇത്തരം മാറ്റങ്ങൾ വരുത്തുന്നവർ വ്യത്യസ്തസ്ഥാപനങ്ങളിലായി രണ്ടു തവണ റിപ്പോർട്ട് ചെയ്യേണ്ടതായി വരും. ഇങ്ങനെ ചെയ്യാത്തപക്ഷം ഇരുവിഭാഗങ്ങളിലെയും സീറ്റ് നഷ്ടപ്പെടും. പുതിയ സീറ്റ് സ്വീകരിക്കുന്നതോടെ പഴയതു റദ്ദാകും. ഒരിക്കൽ സീറ്റ് സ്വീകരിച്ചുകഴിഞ്ഞാലും, സ്വീകരിച്ച സീറ്റിൽ നിന്നു ആറാം റൗണ്ടുവരെ പിന്മാറാം. ഇതിന് ഏതെങ്കിലും റിപ്പോർട്ടിങ് കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതുണ്ട്.

ശ്രദ്ധിച്ചില്ലെങ്കിൽ പുറത്ത്
തുടക്കത്തിൽ കൃത്യസമയത്തിനകം റജിസ്റ്റർ ചെയ്യുകയോ ചോയ്സ് ഫില്ലിങ് നടത്തുകയോ ചെയ്യാത്തവരെ  ഇക്കൊല്ലം പ്രവശനത്തിനു പരിഗണിക്കുകയേയില്ല. ഒരിക്കൽ ലോക്ക് ചെയ്ത ചോയിസിൽ പിന്നീട് മാറ്റം അനുവദിക്കുകയുമില്ല. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റിലെ ‘ബിസിനസ് റൂൾസ്’ കാണുക.

വിഭാഗങ്ങൾ പലത്

സീറ്റുകൾ പല തരത്തിൽ വിഭജിച്ചാണ് റാങ്കിങ്ങും സിലക്‌ഷനും.

1. സംവരണക്രമം 

OPEN (ഇതിൽ എല്ലാ വിഭാഗക്കാരെയും പരിഗണിക്കും), OPEN-PwD (ഓപ്പൺ ഭിന്നശേഷി), OBC-NCL (പിന്നാക്കം), OBC-NCL-PwD (പിന്നാക്ക ഭിന്നശേഷി), SC (പട്ടികജാതി), SC-PwD (പട്ടികജാതി ഭിന്നശേഷി), ST (പട്ടികവർഗം), SC-PwD (പട്ടികവർഗ ഭിന്നശേഷി). നോൺക്രീമിലെയറിൽ (NCL) പെട്ടവരെ മാത്രമേ പിന്നാക്കമായി കരുതൂ. ഇക്കുറി സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്കും സീറ്റ് വകയിരുത്തിയിട്ടുണ്ട്.   GEN-EWS, GEN-EWS - PwD എന്നിങ്ങനെ. 

ഇപ്പറഞ്ഞ ‘ജെൻഡർ ന്യൂട്രൽ സീറ്റുകൾക്കു പുറമേ, വനിതകൾക്കായി ‘ഫീമെയിൽ ഒൺലി’ അധിക സീറ്റുകളുമുണ്ട്. വനിതാപ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി ഐഐടികളിലും എൻഐടികളിലും 17 % അധിക സീറ്റുകൾ. 

ഐഐടി പ്രവേശനത്തിനു പരിഗണിക്കണമെങ്കിൽ ഓരോ കാറ്റഗറിയിൽപ്പെടുന്നവരും ജെഇഇ അഡ്വാൻസ്ഡിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലോരോന്നിനും, ഇവ മൂന്നിനും കൂടി മൊത്തമായും എത്ര മാർക്ക്  വീതം നേടണമെന്നു നിശ്ചയിച്ചിട്ടുണ്ട്. ഉദാ: ജനറൽ വിഭാഗത്തിൽ യഥാക്രമം 10 / 25; 

പട്ടികവിഭാഗം 5 /12.5.

2. ഹോം സ്റ്റേറ്റ് / അദർ സ്റ്റേറ്റ്

എൻഐടികളിൽ മറ്റൊരു ക്വോട്ട സമ്പ്രദായവുമുണ്ട് : HS (ഹോം സ്റ്റേറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് നിലകൊള്ളുന്ന സംസ്ഥാനക്കാർ),  OS (അദർ സ്റ്റേറ്റ്: ഇൻസ്റ്റിറ്റ്യൂട്ട് നിലകൊള്ളുന്ന സംസ്ഥാനക്കാരല്ലാത്തവർ).

ജെഇഇ മെയിനിലെ രണ്ടാം പേപ്പറിലെ സ്കോർ നോക്കി വിശേഷറാങ്ക് ലിസ്റ്റ് ബിആർക് /ബിപ്ലാനിങ് പ്രോഗ്രാമുകൾക്കായുണ്ട്.

ചില പ്രോഗ്രാമുകളിൽ ചില വിഭാഗക്കാരെ പ്രവേശിപ്പിക്കില്ല. ഉദാ:  ഖരഗ്പുർ ഐഐടിയിലെ മൈനിങ് ബിടെക് പ്രോഗ്രാമിൽ വർണാന്ധതയുള്ളവര്‍ക്ക് പ്രവേശനമില്ല. ഇത്തരം പരിമിതികളുടെ പൂർണവിവരങ്ങൾ ക്രോഡീകരിച്ച് സൈറ്റിൽ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com