sections
MORE

സാമൂഹികസേവനത്തിലെ തൊഴിൽ സാധ്യതകൾ, എംഎസ്ഡബ്ല്യുവിലെ സ്പെഷലൈസേഷനുകൾ

Counselor
SHARE

കേരളത്തിൽ പ്രളയകാലത്ത് ദുരിതബാധിതർക്കു ഭക്ഷണവും വസ്ത്രവുമെത്തിക്കാൻ ആരും വിളിക്കാതെ ഓടിയെത്തിയത് എത്രയോ പേർ. ഒറ്റവാക്കിൽ അതിനെ സാമൂഹികസേവനം എന്നു വിളിക്കാം. എന്നാൽ പ്രളയബാധിതരുടെ പുനരധിവാസം, മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങി ഗൗരവമേറിയ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവർ പോരാ, പ്രഫഷനൽ സോഷ്യൽ വർക്കർമാർ തന്നെ വേണം. ഇത്തരക്കാരെ വാർത്തെടുക്കാനാണു ബിരുദ, പിജി തലങ്ങളിലെ സോഷ്യൽ വർക്ക് പഠന പ്രോഗ്രാമുകൾ.

സ്പെഷലൈസേഷനുകളും തൊഴിൽ സാധ്യതയും
പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കോർപറേറ്റ് കമ്പനികളും സോഷ്യൽ വർക്ക് പൂർത്തിയാക്കിയവരെ ഒരേ പോലെ തേടി നടക്കുന്ന കാലമാണ്. യുഎന്നിനു കീഴിലുള്ള വിവിധ സംഘടനകളിൽ വലിയ കരിയർ സാധ്യതകളുണ്ട്. എംഎസ്ഡബ്ല്യുവിലെ (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്) പ്രധാന സ്പെഷലൈസേഷനുകൾ ഇവ:

ഫാമിലി ആൻഡ് ചൈൽഡ് ഡവലപ്മെന്റ്: വനിതാ–ശിശുക്ഷേമ മേഖലകളിലെ രാജ്യാന്തര സന്നദ്ധ സംഘടനകളിൽ വരെ അവസരം.

റിസോഴ്സ് മാനേജ്മെന്റ്: ഇതിൽ ഏറ്റവും പ്രധാനം ഹ്യുമൻ റിസോഴ്സസ് (എച്ച്ആർ) ആണ്. എംഎസ്ഡബ്ല്യു (എച്ച്ആർ) ഇനിയുള്ള കാലത്ത് ഏറെ വളർച്ച നേടും. കോർപറേറ്റ് ലോകം ‘ സംതൃപ്ത ജീവനക്കാർ’ എന്ന ആശയത്തിനു കൂടുതൽ പ്രാമുഖ്യം നൽകുന്നു.

ക്രിമിനോളജി: ജുവനൈൽ ഹോമുകൾ, കറക്‌ഷൻ സെന്ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു പ്രവർത്തിക്കാം.

ഡിസാസ്റ്റർ മാനേജ്മെന്റ്: പ്രകൃതിക്ഷോഭം പോലെയുള്ള പ്രതിസന്ധികളിൽ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്ക് പ്രധാനം.

സോഷ്യൽ ഡവലപ്മെന്റ് / കമ്യൂണിറ്റി ഡവലപ്മെന്റ്: സർക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികളിൽ പങ്കാളിയാകാം.

സോഷ്യൽ ഒൻട്രപ്രനർഷിപ്: സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിടുന്ന സംരംഭങ്ങളിൽ പ്രവർത്തിക്കാം. ട്രാൻസ്ജെൻഡറുകളുടെയും സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരുടെയും സംരംഭകത്വ കൂട്ടായ്മകൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ്.

മെഡിക്കൽ ആൻഡ് സൈക്യാട്രി: തനിച്ചോ ആശുപത്രികളുമായോ സന്നദ്ധ സംഘടനകളുമായോ ചേർന്നോ കൗൺസലറായി പ്രാക്ടീസ് ചെയ്യാം.

പഠനം മികച്ച സ്ഥാപനങ്ങളിൽ

എവിടെ പഠിക്കുന്നു എന്നതു നിർണായകം. മികച്ച സ്ഥാപനങ്ങളിലെ ഇന്റേൺഷിപ് സൗകര്യങ്ങളും പ്ലേസ്മെന്റ് സഹായവും മികച്ചതായിരിക്കും. മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ്), ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, ലക്നൗ സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയവ മികച്ച എംഎസ്ഡബ്ല്യു പ്രോഗ്രാമുകൾ നടത്തുന്നുണ്ട്.

പ്രയാസങ്ങൾ നേരിടുന്നവർക്കു വേണ്ടി പ്രവർത്തിച്ച് അവരുടെ മുഖത്തൊരു പുഞ്ചിരി കാണുമ്പോൾ സന്തോഷിക്കുന്നയാളാണെങ്കിൽ ധൈര്യപൂർവം സോഷ്യൽ വർക്ക് കരിയർ തിരഞ്ഞെടുക്കാം.

നല്ല സ്ഥാപനങ്ങളിൽ പഠിക്കുമ്പോൾ വിവിധ രാജ്യങ്ങളിലെ സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. കർണാടക കേന്ദ്ര സർവകലാശാലയിലെ പഠനകാലത്തു ഞാൻ ബംഗ്ലദേശിലെ നൊബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ കൂടെയാണ് ഇന്റേൺഷിപ് ചെയ്തത്. സഹപാഠികൾ പലരും ശ്രീലങ്കയിലും നേപ്പാളിലും ഭൂട്ടാനിലും മറ്റും ഇന്റേൺഷിപ് ചെയ്തു.

അരുന്ധതി ചന്ദ്രൻ

(ഗവേഷക, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA