ADVERTISEMENT

ഓഫർ ലെറ്റർ എന്നു കേൾക്കുമ്പോൾ ഐഐടി വിദ്യാർഥികളുടെ മനസ്സിൽ എംഎൻസികൾ അടക്കമുള്ള വൻകിട കമ്പനികളുടെ പേരാണു തെളിയുന്നതെങ്കിൽ ‘ഐസർ’ വിദ്യാർഥികളുടെ കാര്യത്തിൽ നേരെ മറിച്ചാണ്. ഏതു യൂണിവേഴ്സിറ്റിയുടെ ഓഫർ എന്നതാണു പ്രധാനം. ജോലിക്കല്ല, ഗവേഷണത്തിനുള്ള ഓഫർ ലെറ്റർ. തിരുവനന്തപുരം ഐസറിൽ ഇന്റഗ്രേറ്റഡ് ബിഎസ്–എംഎസ് പൂർത്തിയാക്കിയ 37 പേർക്കു പിഎച്ച്ഡി പ്രോഗ്രാമിന് ഓഫർ ലഭിച്ചിരിക്കുന്നത് ലോകത്തെ തന്നെ പ്രീമിയം സർവകലാശാലകളിൽ.

ജർമനിയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടുകൾ, വുർസ്ബർഗ് ജൂലിയസ് മാക്സിമിലിയൻസ്, യുഎസിലെ യൂണിവേഴ്സ്റ്റി ഓഫ് ഇലിനോയി അർബാനാ ഷാംപെയ്ൻ, യൂണിവേഴ്സിറ്റി ഓഫ് നോത്ര ദാം, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, റൈസ് യൂണിവേഴ്സിറ്റി തുടങ്ങി മുപ്പതോളം പ്രശസ്ത സർവകലാശാലകളിലേക്കാണു വിദ്യാർഥികൾ പോകുന്നത്.ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച് തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേക്കു പോകുന്നവരും ഏറെ.

ശാസ്ത്രപഠനത്തിലെ അവസാനവാക്ക്
രാജ്യാന്തരനിലവാരമുള്ള ശാസ്ത്രപഠനത്തിലും ഗവേഷണത്തിലും അവസാനവാക്കാണ് രാജ്യത്തെ 7 ഐസറുകൾ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്). വിദേശത്തെ പ്രമുഖ സർവകലാശാലകളിലെ അധ്യാപകർ മുതൽ ഗോൾഡ്മാൻ സാക്സിലെ വിദഗ്ധർ വരെയുണ്ട് തിരുവനന്തപുരം ഐസറിലെ പൂർവവിദ്യാർഥികളുടെ നിരയിൽ. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ ബിഎസ്–എംഎസ് പ്രോഗ്രാമുകളുടെ ദൈർഘ്യം 5 വർഷം. നാലു വിഷയങ്ങളിലായി 120 സീറ്റ്. ഡേറ്റ സയൻസ്, അപ്ലൈഡ് സയൻസ് കോഴ്സുകളും അടുത്ത വർഷം ആരംഭിക്കും.

ഐഐടിയോ ഐസറോ ?
ജെഇഇ–അഡ്വാൻസ്ഡ് പരീക്ഷയിൽ വിജയിച്ചാൽ ഐഐടി വേണോ ഐസർ വേണോ എന്ന സംശയം പലർക്കുമുണ്ടാകാറുണ്ട്.പഠനത്തിനു ശേഷം ജോലിയെന്നതാണു ലക്ഷ്യമെങ്കിൽ ഐഐടി തന്നെയാകും നല്ലത്. അതേസമയം, ഗവേഷണ താൽപര്യവും ശാസ്ത്രത്തോടു ചെറുപ്പം മുതൽ പ്രണയവുമുള്ളവർക്ക് ഐസർ തന്നെയാണു മികച്ച ഓപ്ഷൻ എന്നു തിരുവനന്തപുരം ക്യാംപസിലെ അസോഷ്യേറ്റ് പ്രഫസറും റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെലോയുമായ ഡോ. മഹേഷ് ഹരിഹരൻ പറയുന്നു.

കരിയർ രൂപപ്പെടുത്താൻ സമയം അൽപം കൂടുതലെടുക്കും. തുടർച്ചയായി മികവ് കാട്ടുകയും വേണം. നന്നായി കഷ്ടപ്പെടുന്നവർക്കുള്ളതാണ് ഐസറിന്റെ സാധ്യതകൾ. ഗവേഷണ താൽപര്യമില്ലാത്തവർ എത്തിയാൽ പഠനം ബുദ്ധിമുട്ടാകുകയും ചെയ്യും.

നിറയെ ജേണൽ പബ്ലിക്കേഷനുകൾ
പ്രസിദ്ധമായ ജേണൽ ഓഫ് അമേരിക്കൻ െകമിക്കൽ സൊസൈറ്റിയുടെ മാർച്ച് ലക്കത്തിന്റെ കവർ ചിത്രമായത് ഐസർ വിദ്യാർഥിയായ എം.എ. നിയാസിന്റെ ഗവേഷണലേഖനമായിരുന്നു. കവർ ചിത്രം വരച്ചതും നിയാസ് തന്നെ. രാജ്യാന്തര ജേണലുകളിൽ ഒന്നിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പിൻബലവുമായാണു മിക്ക വിദ്യാർഥികളും പഠിച്ചിറങ്ങുന്നത്. ജേണൽ പ്രസിദ്ധീകരിക്കുന്നതിനു പ്രത്യേകം അക്കാദമിക് ക്രെഡിറ്റില്ലെങ്കിലും മിക്കവർക്കും വിദേശ സർവകലാശാലകളിലേക്കുള്ള വാതിൽ തുറന്നുകിട്ടുന്നത് ഇതിലൂടെയാണ്.

മേജറും മൈനറും ലാബ് ജീവിതവും
ആദ്യ 4 സെമസ്റ്ററുകളിൽ എല്ലാ ബാച്ചുകൾക്കും ഒരുമിച്ചാണു ക്ലാസ്. അഞ്ചാം സെമസ്റ്ററിൽ ഒരു വിഷയം മേജറും മറ്റൊന്ന് മൈനറുമായി തിരഞ്ഞെടുക്കാം. മൈനറായി പല വിഷയങ്ങളിൽ നിന്നു ക്രെഡിറ്റുകൾ എടുക്കാൻ കഴിയുന്ന ഡിഫ്യൂസ്ഡ് മൈനർ പ്രോഗ്രാമും തിരുവനന്തപുരത്തുണ്ട്.  എട്ടാം സെമസ്റ്ററിൽ ഏതെങ്കിലുമൊരു വിഷയത്തിൽ മൈനർ റിസർച്ചും ചെയ്യാം. 9, 10 സെമസ്റ്ററുകളിൽ ക്ലാസുകളില്ല; മുഴുവൻ സമയവും ലാബിൽ.  ആദ്യ സെമസ്റ്റർ മുതൽ ലാബുകൾ യഥേഷ്ടം ഉപയോഗിക്കാമെന്നതും ഐസറിന്റെ സവിശേഷത.

pooja
പൂജ ശേഖർ

ഇന്റേൺഷിപ് വിദേശത്തും
വേനലവധിക്കുള്ള ഇന്റേൺഷിപ് ഐസറിലോ വിദേശ ഇൻസ്റ്റിറ്റ്യൂട്ടുകളിലോ ചെയ്യാം. പഠനത്തിൽ മികവുണ്ടെങ്കിൽ ഒരുപൈസ പോലും ചെലവില്ലാതെ  DAAD-WISE, S.N. Bose പോലെയുള്ള ഫെലോഷിപ്പുകൾ വഴി വിദേശത്ത് ഇന്റേൺഷിപ് ചെയ്യാം. ഇതിനു പുറമേ നൂറുകണക്കിന് സ്കോളർഷിപ്പുകളും ട്രാവൽ സപ്പോർട്ട് ഫെലോഷിപ്പുകളും ലഭിക്കും.വിദേശത്തു ഗവേഷണം കഴിഞ്ഞെത്തിയവരാണ് അധ്യാപകരിൽ ഏറെയും. ഇവർ വഴിയാണ് വിദ്യാർഥികൾക്കു വിദേശത്തേക്കുള്ള വാതിൽ തുറക്കുന്നത്. ഐസർ പോലെയുള്ള പ്രീമിയം സ്ഥാപനങ്ങളിൽ നിന്നുള്ള സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസും റെക്കമൻഡേഷൻ ലെറ്ററും വിലപ്പെട്ടതാണ്.

യുഎസ് പോലെയുള്ള രാജ്യങ്ങളിലെ അക്കാദമിക–ഗവേഷണ രീതികൾ തന്നെ ഐസറിലും. അതുകൊണ്ട് പുറത്തേക്കു പോകുമ്പോൾ പേടിക്കാനൊന്നുമില്ല. സമ്മർ ഇന്റേൺഷിപ് പ്രോഗ്രാം മികച്ചതാണ്. കോഴ്സിനിടെ ഡാഡ്–വൈസ് പ്രോഗ്രാം വഴി ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലും ലൈഗോ സർഫ് പ്രോഗ്രാമിലൂടെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പോയി. ആദ്യ രണ്ടു വർഷങ്ങളിൽ മുംബൈ ഭാഭാ അറ്റോമിക് റിസർച് സെന്ററിലും (ബാർക്) പോകാനായി.

പൂജ ശേഖർ,

ഫിസിക്സ്, തിരുവനന്തപുരം സ്വദേശി

Niyas
എം.എ നിയാസ്

(തിരുവനന്തപുരം ഐസറിലെ ഇത്തവണത്തെ ടോപ്പർ. ഇനി യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിൽ പിഎച്ച്ഡി)

ഒരു സോളർ സെൽ ഉണ്ടാക്കി മാർക്കറ്റ് ചെയ്യുന്നതിനെക്കുറിച്ചാകും ഐഐടി വിദ്യാർഥി ആലോചിക്കുക. സോളർ സെല്ലിന് എന്തൊക്കെ വേണമെന്ന മൗലിക ഗവേഷണമാണ് ഐസറിൽ നടക്കുന്നത്. നന്നായി പഠിച്ചാൽ സാമ്പത്തികസഹായ പദ്ധതികൾ ഏറെയുണ്ട്. തുടർന്നുള്ള വിദേശ പിഎച്ച്ഡി പ്രോഗ്രാമുകളും ഫെലോഷിപ്പുകൾ വഴിയാണ്. കോഴ്സിനിടെ ഞാൻ അയർലൻഡിൽ ഫോട്ടോകെമിസ്ട്രി കോൺഫറൻസിനു പോയതു ശാസ്ത്രസാങ്കേതികവകുപ്പിന്റെ ചെലവിലാണ്. 

എം.എ നിയാസ്,

കെമിസ്ട്രി, ഇടുക്കി നെടുങ്കണ്ടം സ്വദേശി

(നാല് രാജ്യാന്തര പബ്ലിക്കേഷനുകളിലൂടെ മികച്ച യുജി ഗവേഷകനുള്ള അവാർഡ് ജേതാവ്. ഇനി ജർമനിയിലെ വുർസ്ബർഗ് ജൂലിയസ് മാക്സിമിലിയൻസിൽ പിഎച്ച്ഡി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com